അനര്‍ത്ഥങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ?

നീതിയുടെയും ധര്‍മ്മത്തിന്‍റെയും പാതയില്‍ ചരിക്കുന്നവര്‍ക്ക് തിന്മയുടെ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ നാം അസ്തപ്രജ്ഞരാകുന്നു. ധാര്‍മ്മിക വ്യവസ്ഥിതിയില്‍ നമുക്ക് അവിശ്വാസവും അമര്‍ഷവുമുണ്ടാകും. ഈശ്വരന്‍റെ ധര്‍മ്മ സംരക്ഷണത്തെ തന്നെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നെന്നു വരാം.
ധാര്‍മിക പാതയില്‍ സ്ഥിരചിത്തനായി ചരിച്ച ഒരു ബൈബിള്‍ കഥാപാത്രമാണ് ജോസഫ്. പിതാവിന്‍റെ നിയോഗപ്രകാരം സഹോദരന്മാരുടെ ക്ഷേമാന്വേഷണത്തിനും അവര്‍ക്കു ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിനുമായി അവന്‍ പുറപ്പെട്ടു. പക്ഷേ സംഭവിച്ചതെന്താണ്? അസ്ഥിയില്‍ നിന്ന് അസ്ഥിയും മാംസത്തില്‍ നിന്നു മാംസവുമായ സ്വന്തം സഹോദരന്മാര്‍ അവനെ അപായപ്പെടുത്തുവാന്‍ ഒരുമ്പെട്ടു. എങ്കിലും പിന്നീട് ഈജിപ്തിലെ വ്യാപാരികള്‍ക്ക് അവനെ ഒരടിമയായി വിറ്റ് അവര്‍ കാശുണ്ടാക്കി. അവിടെത്തുടങ്ങുന്നു അവന്‍റെ ദുരന്തപരമ്പര.
അത്യന്തം വിശ്വസ്തതയോടും സത്യസന്ധതയോടും അവന്‍റെ യജമാനനെ അവന്‍ സേവിച്ചു. യജമാനന്‍റെ കാമാതുരയായ ഭാര്യ ശക്തമായി അവനെ പ്രലോഭിപ്പിച്ചിട്ടും വീണുപോയില്ല. തെറ്റ് അവനില്‍ ആരോപിച്ച് അവനെ കല്‍ത്തുറുങ്കില്‍ അടച്ചു. അവിടെയും നന്മയുടെ മാര്‍ഗ്ഗം കൈവെടിയാതെയും ഈശ്വരനിലുള്ള അചഞ്ചലമായ ആശ്രയത്തിലും അവന്‍ ജീവിച്ചു. കാരാഗൃഹത്തില്‍ സഹവാസികളായ ചിലര്‍ക്ക് അവന്‍ ഉപകാരം ചെയ്തുകൊടുത്തിട്ടും കൃതഘ്നതയായിരുന്നു പ്രതിഫലം. രണ്ടുവര്‍ഷത്തിലധികം കാരാഗൃഹത്തില്‍ കഴിയേണ്ടി വന്നു. അവന്‍റെ കുറ്റവിചാരണ ചെയ്യുന്നതിനോ അപരാധം തെളിയിക്കുന്നതിനോ ഇടയാകാതെ ശിക്ഷ അനുഭവിക്കേണ്ടി വന്നു.
എന്തുകൊണ്ട് സച്ചരിതനായ ഒരുവനെ ഈ ദുര്‍വിധിക്കു ദൈവം ഏല്പിച്ചുകൊടുത്തു? എന്തുകൊണ്ട് ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങള്‍ അവനെ പിന്തുടര്‍ന്നു? പ്രപഞ്ചത്തെ പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഈശ്വരന്‍ അനീതിയുടെയും അധര്‍മ്മത്തിന്‍റെയും മുമ്പില്‍ കണ്ണടച്ചു കളഞ്ഞുവോ? ജോസഫിന്‍റെ പില്ക്കാല ചരിത്രം നാം പരിശോധിച്ചാല്‍ ദൈവം അവനെ ഉത്തരവാദിത്തമേറിയ ദൗത്യനിര്‍വഹണത്തിനു സജ്ജമാക്കുകയായിരുന്നു എന്നു കാണാം. അവന്‍റെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കുന്നതിന് അഗ്നിശോധനകളും വിപരീതാനുഭവങ്ങളും ആവശ്യമായിരുന്നു. അവന്‍റെ പരിശീലനപദ്ധതിയുടെ ഭാഗമായിരുന്നു അപ്പന്‍റെ യാതനകള്‍. പ്രത്യക്ഷത്തില്‍ തിന്മയായതില്‍ക്കൂടി ദൈവം തന്‍റെ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു. വളരെ വിഷമമേറിയ ഒരു ഘട്ടത്തില്‍ ഈജിപ്തിലെ പ്രധാനമന്ത്രിയായിത്തീര്‍ന്ന് ആ രാഷ്ട്രത്തെ ക്ഷേമത്തിലേക്കു നയിക്കേണ്ട ചുമതല അവന്‍റെ തോളില്‍ വന്നെത്തി. ആ ദൗത്യം ഏറ്റെടുക്കാനുള്ള പരിശീലനത്തിന്‍റെ ഭാഗമായിരുന്നു അവന്‍റെ ദുരന്തപരമ്പരകള്‍.
ജോസഫ് സ്വജീവിതത്തിലൂടെ പഠിപ്പിക്കുന്ന ഒരു വലിയ ആത്മീയ സത്യമുണ്ട്. പ്രതിബന്ധങ്ങള്‍ നേരിടാം; അപ്രതീക്ഷിതങ്ങള്‍ സംഭവിക്കാം. മാര്‍ഗ്ഗം ഇരുണ്ടതും കല്ലും മുള്ളും നിറഞ്ഞതുമാകാം. ഭാവി അവ്യക്തവും അരക്ഷിതവുമെന്നും തോന്നാം. ഇതൊക്കെയാണെങ്കിലും സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും പാത ഉപേക്ഷിക്കരുത്. ഈശ്വരനോടുള്ള ബന്ധം അറ്റുപോകാതെ സൂക്ഷിക്കുകയും വേണം. ജോസഫിന്‍റെ അനുഭവത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ഒന്നിലധികം പ്രാവശ്യം രേഖപ്പെടുത്തിയിട്ടുള്ളത്: “യഹോവ ജോസഫിനോട് കൂടെ ഇരുന്നു”.
ഈശ്വരന്‍ ജോസഫിനു നല്‍കിയ പരിശീലനപദ്ധതിയില്‍ കാരഗൃഹവാസവും ഉള്‍പ്പെട്ടിരുന്നു. തിന്മയെന്നു തോന്നിയത് നന്മയ്ക്കായിട്ടായിരുന്നു. ദൈവത്തിന്‍റെ പദ്ധതിക്കു തെറ്റു പറ്റുകയില്ല. പക്ഷേ, ആ പദ്ധതി മനസ്സിലാക്കാന്‍ ക്ഷമയും സമയവും സാവധാനതയും വേണ്ടി വരുമെന്നു മാത്രം.
നമ്മെ അലട്ടുന്ന പ്രശ്നം നമ്മുടെ കാര്യങ്ങള്‍ നമുക്കു അനുകൂലമായിട്ടല്ല നീങ്ങുന്നത് എന്നായിരിക്കാം. എന്നാല്‍ ഒരു കാര്യം നാം ഉറപ്പാക്കണം. എന്തു തന്നെ സംഭവിച്ചാലും സത്യവും ധര്‍മ്മവും നീതിയും വെടിഞ്ഞുള്ള ഒരു നീക്കവും വരുത്തുകയില്ല എന്നതായിരിക്കണം. ഈശ്വരനുമായുള്ള ബന്ധം ഒരു കാരണവശാലും ഛേദിക്കപ്പെടാന്‍ ഇടയാകരുത്.
അവിടുന്നു നമ്മുടെ സമസ്തകാര്യങ്ങളും അവിടുത്തെ പദ്ധതിക്കനുസരണമായി നയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യും.
ഇംഗ്ലീഷിലുള്ള ഒരു കവിതാശകലത്തിന്‍റെ ആശയമിതാണ്. “നിങ്ങളുടെ ഹിതപ്രകാരമല്ല കാര്യങ്ങള്‍ നിങ്ങുന്നതെങ്കില്‍, നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലപ്രദമാമാകുന്നില്ല എങ്കില്‍, ദൈവത്തിലേക്കു തിരിയാനും, പ്രാര്‍ത്ഥന അര്‍പ്പിക്കാനുമുള്ള സമയമാണ്. അവിടുത്തെ വഴിയാണു ശരി. അതൊരിക്കലും തെറ്റുകയില്ല.”അനര്‍ത്ഥങ്ങളെന്നു നമുക്കു തോന്നുന്ന സംഭവങ്ങളും സാഹചര്യങ്ങളും അനുഗ്രഹത്തിന്‍റെ ഉറവുകളാക്കിത്തീര്‍ക്കുവാന്‍ ഈശ്വരനു സാധിക്കും.