അഭയ കേസ്: ഫാ. തോമസ് കോട്ടൂര്‍ അപ്പീല്‍ നല്‍കി

കൊച്ചി: അഭയകേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്തു കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റ് ഹോസ്റ്റലിലെ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീപര്യന്തം തടവും 6.5 ലക്ഷം രൂപ പിഴയുമാണ് സി.ബി.ഐ. കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബര്‍ 23 നായിരുന്നു ശിക്ഷാവിധി. വിചാരണക്കോടതിയുടെ വിധി അനുചിതവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് അപ്പീലില്‍ പറയുന്നു.
16 വര്‍ഷം കേസ് അന്വേഷിച്ചിട്ടും അഭയയുടെ മരണം കണ്ടെത്താന്‍ സി.ബി.ഐ.യ്ക്കു കഴിഞ്ഞില്ല. എന്നാല്‍ 2008 നവംബര്‍ ഒന്നിന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ.യുടെ കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി. നന്ദകുമാര്‍ നായര്‍ 17 ദിവസത്തിനകം തങ്ങളെ അറസ്റ്റ് ചെയ്തു. അഭയയ്ക്ക് എന്താണു സംഭവിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അടയ്ക്കാ രാജു, ഷമീര്‍, കളര്‍കോട് വേണു ഗോപാല്‍ എന്നീ മൂന്നു പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഈ സാക്ഷിമൊഴികള്‍ അവിശ്വസനീയമാണ്. ഇവരില്‍നിന്നു ശേഖരിച്ച തെളിവുകള്‍ വിധിന്യായത്തില്‍ ശരിയായി ചേര്‍ത്തിട്ടുമില്ല. ഈ സാക്ഷിമൊഴികളുടെ വിശ്വാസ്യതയാണ് അപ്പീലില്‍ പ്രധാനമായും ചോദ്യം ചെയ്യുന്നത്. സി.ബി.ഐ. കോടതിയുടെ വിചാരണയും ശിക്ഷാവിധിയും എല്ലാ അര്‍ത്ഥത്തിലും വികലവും നിയമവിരുദ്ധവുമാണെന്നും അപ്പീലില്‍ പറയുന്നു.
കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കു കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ നല്‍കിയിട്ടില്ല.