അഭിഷിക്തനായി ബിഷപ് ഡോ. സാബു കെ. ചെറിയാന്‍

കോട്ടയം: സി.എസ്. ഐ. മധ്യകേരള മഹായിടവകയുടെ പുതിയ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സാബു കെ. ചെറിയാന്‍റെ സ്ഥാനാഭിഷേകം ഇന്ന് നടന്നു. കോട്ടയം ചാലുകുന്നിലെ സി.എസ്. ഐ. ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ രാവിലെ എട്ടിന് മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിച്ചു.
കത്തീഡ്രല്‍ ഹൗസില്‍നിന്ന് നിയുക്ത ബിഷപ്പിനെ സഭയിലെ മറ്റു ബിഷപ്പുമാരുടെയും സിനഡ് ഭാരവാഹികളുടെയും വൈദികരുടെയും നേതൃത്വത്തില്‍ ദേവാലയത്തിലേക്ക് ആനയിച്ചു. പ്രാര്‍ത്ഥനക്കുശേഷം സാബു കെ. ചെറിയാനെ മൂന്ന് വൈദികര്‍ ചേര്‍ന്ന് സി.എസ്.ഐ സഭ പരമാധ്യക്ഷനായ മോഡറേറ്റര്‍ ബിഷപ് എ. ധര്‍മ്മരാജ് റസാലത്തിന് മുമ്പാകെ എത്തിച്ചു. മോഡറേറ്റര്‍ നിയുക്ത ബിഷപ്പിന്‍റെ സ്ഥാനാഭിഷേകത്തിന് ജനങ്ങളോട് സമ്മതം ചോദിച്ചു.

Nature

നിയുക്ത ബിഷപ്പിന്‍റെ ശിരസ്സില്‍ കൈവച്ച് ബിഷപ്പുമാര്‍ പ്രാര്‍ത്ഥിക്കുകയും അഭിഷേകം ചെയ്ത് വേദപുസ്തകവും കൂട്ടായ്മയുടെ വലംകൈ നല്‍കുകയും ചെയ്യ്തു. മോഡറേറ്റര്‍ അംശവടി നല്‍കി കുരിശുമാല അണിയിച്ചു സി.എസ്.ഐ സഭയിലെ ബിഷപ്പായി ഡോ. സാബു കെ. ചെറിയാനെ പ്രഖ്യാപിച്ചു. ആശിര്‍വാദത്തെത്തുടര്‍ന്ന് കുര്‍ബാനയും മഹായിടവക അധ്യക്ഷന്‍റെ സ്ഥാനാരോഹണ ശുശ്രൂഷയും നടന്നു.
ബെഞ്ചമിന്‍ ബെയ്ലി ഹാളില്‍ നടന്ന അനുമോദന സമ്മേളനം സീറോ മലബാര്‍ സഭ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യ്തു. സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ് എ. ധര്‍മ്മരാജ് റസലം അധ്യക്ഷത വഹിച്ചു.