വിജോയ് സ്കറിയ
വളരെ തിരക്കേറിയ ജീവിതമാണ് നമ്മുടേത്. നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകളും പേറി ആവുന്നതെല്ലാം ചെയ്തുകൂട്ടി നാം യാത്ര തുടരുകയാണ്. ഈ തിരക്കുകള്‍ക്കിടയില്‍ പെട്ടെന്നൊരുനാള്‍ നമ്മളൊരു മുറിയില്‍ അകപ്പെട്ടെന്നു കരുതുക. ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആ മുറിയില്‍ ചില ദിവസങ്ങള്‍ കഴിച്ചുകൂട്ടേണ്ടതായും വന്നുവെന്നു വിചാരിക്കുക. യാതൊരു വാര്‍ത്തകളും അറിയാതെ, വാര്‍ത്തകള്‍ക്കിടം നല്‍കാതെ ഏകാന്തമായ ചില ദിവസങ്ങള്‍ ആ ചുവരുകള്‍ നമുക്കു സമ്മാനിക്കാം. മുറിയില്‍ നിന്നും പുറത്തിറങ്ങണമെന്നാഗ്രഹമുണ്ടെങ്കിലും പുറത്തുകടക്കാനാവാത്ത അവസ്ഥ. മോചനശ്രമങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ ചിലപ്പോള്‍ നാം തളര്‍ന്ന് മയങ്ങിയെന്നുവരാം. മറ്റു ശല്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ നിദ്ര നീണ്ടെന്നുവരാം. വേണ്ടുവോളം ഭക്ഷണപാനീയങ്ങള്‍ മുറിക്കുള്ളില്‍ ഉള്ളതിനാല്‍ ഒരുതരം ആലസ്യം ആ മുറി നമുക്കു നല്‍കിയെന്നും വരാം. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് പുതിയ അറിവുകളൊന്നും നേ ടാതെ ഒരു ജീവിതം. മുന്‍അറിവുകള്‍ അയവിറക്കിയും, ഭാവനകള്‍ വളര്‍ത്തിയും നാം ആ മുറിയില്‍ സമയം തള്ളി നീക്കിയെന്നുവരാം. പക്ഷേ അത്തരം ഒരു ജീവിതംകൊണ്ട് നമുക്കെന്താണ് നഷ്ടമാകാനുള്ളത്?
‘സമയം വെറുതെ നഷ്ടമായി,’ ‘ഒന്നും ചെയ്യാനാകാതെ ദിവസങ്ങള്‍പോയി,’ ‘ഒന്നും നേടാനായില്ല,’ തുടങ്ങിയ പരിഭവങ്ങള്‍ മനസില്‍ നുരഞ്ഞുപൊങ്ങാം. ഇത്തരം ചിന്തകളുമായി അസ്വസ്ഥതയോടെ ജീവിക്കുന്നവര്‍ ധാരാളമുണ്ട്.
ഒരര്‍ത്ഥത്തില്‍ ഒന്നും ചെയ്യാതെ, ഒന്നും അറിയാതെ ചില നിമിഷങ്ങള്‍ ജീവിക്കാനാകുന്നത് എത്ര സുഖകരമാണ്. എല്ലാവര്‍ക്കും തിരക്കുകള്‍ ഏറെയാണ്. എടുത്താല്‍ പൊങ്ങാത്തത്ര ഭാരമാണ് തലയില്‍ കയറ്റി വച്ചിരിക്കുന്നത്. നൂറാളുകള്‍ ചെയ്യേണ്ട ജോലി തനിയെ ചെയ്ത് മികവ് പ്രദര്‍ശിപ്പിക്കാനാണ് ഒട്ടുമിക്കവര്‍ക്കും താല്പര്യം. എങ്ങനെയെങ്കിലും അടുത്തുള്ളവനെ പിന്‍ തള്ളി ഒന്നാമനാകാനാണ് നമ്മുടെ വ്യഗ്രത. ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ ഏറെ അദ്ധ്വാനിക്കുകയാണ് നാം. ജീവിതസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവിക്കാന്‍ തന്നെ നാം മറക്കുന്നു.
അറിവുകള്‍ വര്‍ദ്ധിപ്പിക്കാനാണ് എല്ലാവരുടെയും ശ്രമം. കൂടുതല്‍ അറിവുള്ളവരെ കൂടുതല്‍ ആദരിക്കണമെന്ന് നാം പഠിപ്പിക്കുന്നു. അറിവ് ആദരവിന്‍റെ മാനദണ്ഡമായി മാറുന്നത് ചില സമൂഹങ്ങളില്‍ മാത്രമാണ്.
അറിവുകള്‍ കൊണ്ടെന്താണ് പ്രയോജനം? അറിവുകള്‍ ആധിയിലേയ്ക്കുള്ള വഴി മരുന്നാണ്. ആധിയോടുകൂടി ജീവിച്ചു മരിക്കുന്നതാണോ സുഖം, സ്വസ്ഥമായി, ആകുലതകളൊന്നുമില്ലാതെ ജീവിക്കുന്നതാണോ നല്ലത്? അറിവുകള്‍ ഇല്ലാത്തവര്‍ മൃഗങ്ങള്‍ക്കു തുല്യരാണെന്ന് ചിലര്‍ പറയുന്നു. ഏറെ അറിവുകളുണ്ടെന്നു നാം വിചാരിച്ച ചിലര്‍ മൃഗങ്ങളെക്കാളും തരംതാണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടാണ്? അറിവുകളുടെ ബഹുത്വം ആധിവര്‍ദ്ധിപ്പിക്കുക മാത്രമല്ല മറ്റുള്ളവരുടെ അസ്വസ്ഥതയ്ക്കു കാരണവുമാകാം. അധികം അറിവുകളില്ലെന്ന് നാം ധരിക്കുന്നവരും നമ്മേക്കാള്‍ സ്വസ്ഥമായ ജീവിതത്തിന്‍റെ ഉടമകളാണ്. അറിവ് വര്‍ദ്ധിക്കുന്നതിലല്ല, അറിഞ്ഞത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് ജീവിതം ഉദാത്തമാകുന്നത്.
‘ഹാ,മായ മായ, സകലവും മായ’ എന്ന് ജ്ഞാനികളുടെ ജ്ഞാനിയായ സോളമന്‍ രാജാവ് പറഞ്ഞതിന്‍റെ പൊരുളും ഇതുതന്നെയാകാം. സൂര്യനു കീഴിലുള്ള സകലവും മായയാണെന്ന് അറിയാന്‍ സോളമന്‍ രാജാവ് ദീര്‍ഘവര്‍ഷങ്ങളെടുത്തു. അനുഭവങ്ങളാണ് അറിവുകള്‍ക്ക് ആക്കം കൂട്ടുന്നത്. അനുഭവങ്ങള്‍ക്കപ്പുറമുള്ള അറിവുകള്‍ക്ക് എന്തൊക്കെയോ പ്രത്യേകതകളുണ്ട്.
അറിവുകള്‍ എപ്പോഴും സുഖകരങ്ങളാകണമെന്നില്ല. നമ്മുടെ മനസില്‍ നീറ്റലായും, നീണ്ടുനില്‍ക്കുന്ന വേദനയായും അവ നിറഞ്ഞു നില്‍ക്കാം. ഏതോ അശുഭ നിമിഷത്തിലെ ഒരു കാഴ്ച, അപ്രതീക്ഷിതമായ ഒരു വാക്ക് ഇവയെല്ലാം അറിവിന്‍റെ വിവിധ ഭാവങ്ങളാണെങ്കിലും അവയില്‍ മിക്കതും അനുചിത സമയത്തെ അനാവശ്യ അതിഥികളാണ്. ‘അങ്ങനെയൊന്നും ആകരുത്. . .’ എന്നു പ്രാര്‍ത്ഥിക്കുമ്പോഴും നമ്മുടെ ഇഷ്ടങ്ങള്‍ക്കു വിപരീതമായി ഭവിച്ചെന്നുവരാം. അപ്പോഴും അവയില്‍ നിന്നും പുതിയ അറിവുകള്‍ പ്രാപിക്കാന്‍ നാം തയ്യാറാകണം.
നമ്മുടെ ചുറ്റുവട്ടങ്ങളില്‍ സംഭവിക്കുന്ന മിക്ക കാര്യങ്ങളും നമ്മെ അലോസരപ്പെടുത്തുന്നവയാകാം. എന്നാല്‍ ജീവിതത്തിന് അസുഖകരമായ മുഖങ്ങളുംഉണ്ടെന്ന അറിവിലേയ്ക്കും, അവയെ നേരിടാന്‍ നാം പ്രാപ്തരാകേണ്ടതിന്‍റെ ആവശ്യകതയിലേക്കും അത്തരം അനുഭവങ്ങള്‍ നമ്മെ നയിക്കുന്നു.
അക്കരപ്പച്ചപോലെയാണ് അറിവ്. ആരൊക്കെയോ കണ്ടെത്തിയത് നാം വിശ്വസിക്കുന്നു. ചിലര്‍ കരുതിക്കൂട്ടി സൃഷ്ടിച്ച പല ചരിത്രങ്ങളും അംഗീകരിക്കേണ്ടതായി വരുന്നു. ചിലര്‍ തല്ലിക്കൂട്ടിയ നിയമങ്ങളുടെ ചട്ടക്കൂടുകള്‍ക്കനുസൃതമായി ജീവിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നു. അറിവുകള്‍ വര്‍ദ്ധിക്കുന്നത് വേലിക്കെട്ടുകള്‍ പൊളിച്ചുനീക്കാന്‍ നമുക്ക് ഊര്‍ജ്ജം നല്‍കും. പക്ഷേ യുക്തിയുടെയും വിശ്വാസത്തിന്‍റെയും ഒക്കെ മതിലുകള്‍ക്കുള്ളില്‍ നാം തളര്‍ന്നുറങ്ങുകയാണ്. ചുറ്റുപാടുകളോട് ഒരുതരം നിസംഗഭാവത്തോടെ. എന്താണ് നമ്മു ടെ പ്രശ്നം? സ്വത്വമറിയുന്നത് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള യാ ത്രയ്ക്കു കാരണമാകാം. പക്ഷേ സത്യത്തെ കല്ലറയിലടച്ച് ഭീമന്‍കല്ലുകള്‍ കല്ലറയ്ക്കു മുകളില്‍ വച്ച് അതിനുപുറത്ത് കാവല്‍ക്കാരായി ഇരിക്കാനാണ് പലരുടെയും വിധി.
നമുക്ക് നമ്മെത്തന്നെ ഒന്നറിയാന്‍ ശ്രമിച്ചാലോ. നമ്മുടെ അറിവുകള്‍ക്കു മുകളില്‍ നാം സൃഷ്ടിച്ച ഇരുട്ടിന്‍റെ ആവരണം തകര്‍ക്കുവാന്‍ ഇനിയും കാത്തിരിക്കണമോ?