ആശയവിനിമയത്തിലൂടെയാണ് ഒരു സമൂഹം നിലനില്‍ക്കുന്നത്. സമൂഹത്തിന്‍റെ ഭാഗമായല്ലാതെ ഒരു വ്യക്തിക്ക് നിലനില്‍പ് അസാധ്യവുമാണ്. ഒറ്റപ്പെട്ടു ജീവിയ്ക്കാനല്ല, പരസ്പരം അറിയാനും പങ്കുവയ്ക്കാനുമാണ് മനുഷ്യന്‍ ഇച്ഛിക്കുന്നത്.
വീട്ടിലും സമൂഹത്തിലുമായി ദിനവും നിരവധി വ്യക്തികളുമായി ആശയങ്ങള്‍ പങ്കുവയ്ക്കേണ്ടതുണ്ട് നമുക്ക്. ചിലപ്പോഴെങ്കിലും ആശയവിനിമയത്തിലുണ്ടാവുന്ന ഒരു ചെറിയ തെറ്റിദ്ധാരണ ജീവിതത്തില്‍ പല നഷ്ടങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥതലമല്ലല്ലോ അവര്‍ മനസിലാക്കിയത് എന്ന് പലപ്പോഴും നമ്മളൊക്കെയും വേദനിച്ചിട്ടുമുണ്ട്. ചിന്തിച്ചതിനപ്പുറമോ, അല്ലെങ്കില്‍ അതിന് വിരുദ്ധമായതേവാക്കുകളില്‍ പ്രതിഫലിച്ചാല്‍ അത് ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്കാവും നയിക്കുക.
ഒരു മികച്ച വ്യക്തിത്വത്തിനുടമകളാകുമ്പോഴാണ് നിങ്ങളെ സമൂഹം മാനിച്ചു തുടങ്ങുക. ഇങ്ങനെ ബഹുമാനിക്കപ്പെടാനും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അറിവുണ്ടായാല്‍ മാത്രം പോരാ അത് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുകയും വേണം. അതുകൊണ്ട് തന്നെ വിജയത്തിലേയ്ക്കുള്ള ആദ്യപടി, ഏറ്റവും മികച്ച രീതിയില്‍ ആശയസംവേദനം സാധ്യമാവുക തന്നെയാണ്. ശരിയായി സംസാരിക്കുന്നതിനും എഴുതുന്നതിനും, നല്ല ശ്രോതാവായിരിക്കുന്നതിനും ഉചിതമായ ശാരീരിക ഭാഷ സ്വായത്തമാക്കുന്നതിനും കഴിയുമ്പോഴാണ് ഇത് സാധ്യമാവുക. ഇവ ഇന്നു മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കൂ, വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന് തിളക്കമേറുന്നതു കാണാം.
സംസാരിച്ചു
തുടങ്ങും മുന്‍പ്…
സാഹചര്യം ഏത് ആയാലും, നിങ്ങളുടെ വാക്കുകളിലൂടെയാണ്, സംഭാഷണങ്ങളിലൂടെയാണ് വ്യക്തിത്വം അളക്കപ്പെടുക. അതിനാല്‍ വാക്കുകള്‍ ഏറ്റവും ഉചിതവും അര്‍ത്ഥപൂര്‍ണവും ആകേണ്ടതുണ്ട്. സംസാരിച്ചു തുടങ്ങും മുന്‍പ് അതിനെക്കുറിച്ച് ചിന്തിക്കുക. പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആശയം മനസില്‍ വ്യക്തമായി രൂപീകരിക്കുക. ചിലപ്പോള്‍ ചിന്തിക്കാതെ നാം പറയുന്ന വാക്കുകള്‍ അബദ്ധങ്ങളിലേയ്ക്ക് നയിക്കുകയോ മറ്റുള്ളവരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയോ ചെയ്യാം. നമ്മുടെ ഉദ്ദേശ്യശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. അതിനാല്‍ നിസാരമെന്ന് തോന്നുന്നതായാലും പറയും മുന്‍പ് രണ്ട് പ്രാവശ്യം അതെപ്പറ്റി ചിന്തിക്കുക. ബുദ്ധിപൂര്‍വ്വമാകട്ടെ നിങ്ങളുടെ വാക്കുകള്‍.
നിങ്ങള്‍ ഒരു വ്യക്തിയോട്, അല്ലെങ്കില്‍ ഒരു സംഘത്തോട് സംസാരിക്കുമ്പോള്‍ അവരിലേക്ക് ഒരു ആശയം, ഒരു സന്ദേശം പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുകയാണ്. ഈ സന്ദേശം വ്യക്തമായ രൂപത്തില്‍ മനസിലുണ്ടാവണം. അതെപ്പറ്റി ആഴത്തിലുള്ള ധാരണയുണ്ടായാല്‍ മാത്രമെ, അത് ഫലപ്രദമായി മറ്റൊരാളെ ബോധ്യപ്പെടുത്താനാവൂ. ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുമ്പോള്‍ ഇത്തരം വ്യക്തമായ നിലപാടുകളാണ് നിങ്ങളെ വ്യതിരിക്തനാക്കുന്നത്.
ചില വ്യക്തികള്‍ സംസാരിക്കുമ്പോള്‍, അതില്‍ പ്രധാന ആശയം മാത്രം ഉണ്ടാവില്ല. മറ്റെല്ലാ കാര്യങ്ങളെപ്പറ്റിയും അവര്‍ വിശദമായി പ്രതിപാദിക്കും. ഒടുവില്‍ ശ്രോതാവിന് വിരസത തോന്നിത്തുടങ്ങുമ്പോഴാവും പ്രധാന ആശയം കടന്നു വരിക. അത് ശ്രദ്ധിക്കപ്പെട്ടുവെന്നു വരില്ല. ഇവിടെ സമയവും പ്രയത്നവും ഒരുപോലെ പാഴാവുകയാണ്. ഔദ്യോഗിക കാര്യങ്ങളിലായാല്‍, പലപ്പോഴും വളരെ ചുരുങ്ങിയ സമയമാവും നിങ്ങള്‍ക്ക് ലഭിക്കുക. ആദ്യം തന്നെ പറയുവാനുള്ള കാര്യം വളച്ചുകെട്ടുകളില്ലാതെ പറയുക. ഇത് നിങ്ങളില്‍ മതിപ്പ് ഉളവാക്കും.
നിങ്ങള്‍ ഒരു അഭിപ്രായമോ ആശയമോ പ്രകടിപ്പിക്കും മുന്‍പ് അതിന്‍റെ അനന്തരഫലം എന്തായിരിക്കും എന്ന് കൂടി ചിന്തിക്കുക. താത്കാലികമായ വിജയം മാത്രമാവരുത് ലക്ഷ്യം. നിങ്ങളുടെ അഭിപ്രായം മറ്റുള്ളവര്‍ക്കോ പിന്നീട് നിങ്ങള്‍ക്കു തന്നെയോ പ്രതികൂലമായിത്തീരരുത്. ഉപരിപ്ലവമായ അറിവുകള്‍ക്കപ്പുറം ആഴത്തിലുള്ള ചിന്തകളാണ് ആവശ്യം.
സംഭാഷണത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം, നിങ്ങളുടെ ആശയം-കാഴ്ചപ്പാട് ഇവയൊക്കെ മറ്റൊരു വ്യക്തിയിലേക്ക് സംവേദനം ചെയ്യുകയാണ്. അതിലൂടെ നിങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്ന ഒരു ഘടകമുണ്ട്. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാവണം ഓരോ വാക്കുകളും. അത് കാര്യകാരണ സഹിതം സമര്‍ത്ഥിക്കുവാനുള്ള ചാതുര്യമാണ് നിങ്ങളെ വിജയിയാക്കുന്നത്. യുക്തിപൂര്‍വ്വമായ കാഴ്ചപ്പാടുകളിലൂടെ ശ്രോതാവില്‍ നിങ്ങളുടെ ചിന്തകളോട് ആഭിമുഖ്യം സൃഷ്ടിക്കണം.
ഈ കാര്യങ്ങളിലെല്ലാം ശ്രദ്ധപുലര്‍ത്തുമ്പോഴും, നിങ്ങള്‍ സംസാരിക്കുന്നത് ഏത് തലത്തിലുള്ള വ്യക്തിയോടാണ് / സദസിനോടാണ് എന്ന് പൂര്‍ണമായും തിരിച്ചറിയണം. വീട്ടില്‍ സംസാരിക്കുന്ന രീതിയിലല്ല, മേലുദ്യോഗസ്ഥനോട് ഇടപെടേണ്ടത്, അതുപോലെയല്ല സുഹൃത്തിനോട് പെരുമാറേണ്ടത്. ഓരോ സന്ദര്‍ഭത്തിലും പുലര്‍ത്തേണ്ട മര്യാദകളും രീതികളുമുണ്ട്. ഇവിടെ നിങ്ങളുടെ വിവേകമാണ് തിരിച്ചറിവിന്‍റെ മാനദണ്ഡം.