ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോട് രണ്ട് പതിറ്റാണ്ടിലധികമായി നീണ്ട ആതുരസേവനം ഉപേക്ഷിച്ച് സൗദിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ തയ്യാറാകുകയാണ് സിനിതോമസ്. ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണയ്ക്കെതിരെ യുദ്ധ സമാനമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചപ്പോള്‍ ആ കണ്ണിയില്‍ സജീവ അംഗമായി എന്നതു മാത്രമല്ല ഈ മലയാളി നഴ്സിനെ വ്യതിരിക്തയാക്കുന്നത്.
ആതുരസേവനം ഒരു ദൈവിക നിയോഗവും ശുശ്രൂഷയുമായി കണ്ട് അപകടകരമായ പല ജോലികളും സ്വയം ഏറ്റെടുത്തു ചെയ്തു എന്നതാണ് സിനിയുടെ പ്രവര്‍ത്തനങ്ങളെ തിളക്കമുള്ളതാക്കുന്നത്.
“സ്വന്തം കുടുംബാംഗമെന്നതുപോല ഒരോ രോഗിയേയും പരിഗണിച്ച് അവര്‍ക്ക് നല്‍കാവുന്നതിന്‍റെ പരമാവധി പരിചരണം പുഞ്ചിരിയോടുകൂടി നല്‍കിയ നഴ്സാണ് സിനി എന്ന് യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ സാക്ഷിച്ചത് ഇതിനു തെളിവാണ്.
മരണത്തിനും ജീവിതത്തിനുമിടയില്‍ മല്ലടിക്കുന്ന രോഗികളുടെ ദൈന്യത ജീവിതത്തിന് ഒരുപാട് ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്ന് സിനി പറയുന്നു. സൗദിയിലെ അല്‍ബഹയിലുള്ള കിങ്ങ് ഫഹദ് ആശുപത്രിയിലെ നഴ്സ് ഇന്‍ ചാര്‍ജാണ് ചുങ്കപ്പാറ വയലാമണ്ണില്‍ തോമസ്- റോസമ്മ ദമ്പതികളുടെ മകള്‍ സിനി. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇവിടെ കൊറോണ ഡ്യൂട്ടിയിലായിരുന്നു. തികഞ്ഞ ആശങ്കകളോടെയാണ് കൊറോണ ഡ്യൂട്ടിക്ക് തയ്യാറായത്. “ദൈവം എന്നെ ഈ രോഗത്തിനെതിരെ പോരാടാന്‍ നിയോഗിച്ചുവെങ്കില്‍ എന്‍റെ പ്രാണന്‍ രക്ഷിക്കാന്‍ ദൈവം ശക്തനാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കൊറോണ രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ ഒരു ഭയവും തോന്നിയില്ല. രോഗിയായിരുന്നു എനിക്ക് പ്രാധാനം. എന്‍റെ ആരോഗ്യത്തെക്കുറിച്ച് പലപ്പോഴും മറന്നുപോയി. എങ്കിലും ജോലി പൂര്‍ത്തിയാക്കുംവരെ ഈ മഹാമാരിയില്‍ നിന്നും ദൈവം എന്നെ കാത്തു സൂക്ഷിച്ചു. സംഹാരദൂതന്‍ കടന്നുപോകുവോളം കുഞ്ഞാടിന്‍റെ രക്തത്തില്‍ ദൈവം മറയ്ക്കും എന്ന് ഉത്തമ വിശ്വാസമുണ്ട്. ” സിനിയുടെ വാക്കുകളില്‍ ദൈവാശ്രയത്തിന്‍റെ നേര്‍സാക്ഷ്യം വ്യക്തമാണ്.
” നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ ആയാല്‍ പോലും ആ ആള്‍ക്ക് കൊറോണയാണന്നറിഞ്ഞാല്‍ എല്ലാവരും പെട്ടന്നകലും. അത്രയ്ക്ക് ഭയമാണ് ഒട്ടുമിക്കവര്‍ക്കും. ഒറ്റപ്പെട്ടവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിട്ടറിഞ്ഞ അനുഭവങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. ആ രോഗികളുടെ മുന്നില്‍ ആശ്വാസത്തിന്‍റെ മാലാഖയാണ് നഴ്സ്. രോഗികളോട് ഏറ്റവുമധികം ഇടപഴകുന്നത് നഴ്സാണ്. അതിനാല്‍ തന്നെ ദൈവം ഏല്‍പ്പിക്കുന്ന അമൂല്യ വ്യക്തിത്വങ്ങളാണ് ആരോഗികളെന്ന വിചാരത്തോടെയാണ് ഞാനവരെ പരിചരിക്കുന്നത്.
“നഴ്സിങ്ങ് പ്രൊഫഷന്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപേക്ഷിക്കുന്നതില്‍ ദുഃഖമുണ്ടെങ്കിലും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇനി സമയം ചിലവഴിക്കണമെന്നാണ് എന്‍റെ ആഗ്രഹം. രോഗികള്‍ക്കു മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും എന്‍റെ കെയര്‍ ഇനി ആവശ്യമാണെന്നു തോന്നുന്നു. എന്‍റെ ജീവിതമാകെ ദൈവത്തിന്‍റെ ഇടപെടലുകളുടെ സാക്ഷ്യമാണ്. അതിനാല്‍ ഇനി നാട്ടിലെ ജീവിതത്തിലും ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. സിനിയുടെ വാക്കുകളില്‍ പ്രതീക്ഷകളുടെ നിശ്ചയമുണ്ട്.
ചെങ്ങന്നൂര്‍ സ്വദേശി എബി മാത്യുവാണ് ഭര്‍ത്താവ്. ലിയോണ്‍, ലയ എന്നിവരാണ് മക്കള്‍.
ഈ കൊറോണക്കാലവും കടന്നുപോകുമെന്ന ശുഭപ്രതീക്ഷക്കൊപ്പം മനുഷ്യര്‍ക്കുചെയ്യുന്ന ഓരോ സേവനങ്ങളും ദൈവത്തിനെന്നപോലെ ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തണമെന്ന് സിനി സ്വാനുഭവങ്ങളിലൂടെ പറയാതെ പറയുന്നു.