എന്തെന്ത് ദിനരാത്രങ്ങളാണ് നമ്മെ വിട്ടൊഴിയുന്നത്. ഓരോ പ്രഭാതവും പ്രതീക്ഷയുടെ പൊന്‍വെട്ടമാണ്. എന്നാല്‍ സായാഹ്നങ്ങള്‍ പലപ്പോഴും നഷ്ടനൊമ്പരങ്ങളുടെ അനിഷ്ടവര്‍ണ്ണങ്ങള്‍ നമുക്കു നല്‍കാം. വീണ്ടുമൊരു ശുഭദിനം പ്രതീക്ഷിച്ച് നാം ഉറക്കത്തിന്‍റെ ആവരണത്തില്‍ അഭയം തേടുന്നു. ആയുസിന്‍റെ ഓരോ ഇലകളും കൊഴിയുന്നത് അറിയാതെ യാത്ര തുടരുകയാണ്. ജീവിത പെരുമരത്തിനുനേരെ കൊടുംകാറ്റുകളാഞ്ഞടിച്ചാലും നിലംപതിക്കാതെ നാം നിവര്‍ന്നു നില്‍ക്കും. പക്ഷേ പ്രതിബന്ധങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരുമ്പോള്‍ പകച്ചു നില്‍ക്കുന്ന നമ്മുടെ ഉള്ളം അറിയാതെ പിടയും. ആ നൊമ്പരത്തിന്‍റെ മര്‍മ്മരം അറിയാന്‍ ആരാണുള്ളത്. ‘അനാവശ്യ ഉത്കണ്ഠ’ എന്നൊക്കെ പറഞ്ഞ് നമ്മെ കുറ്റപ്പെടുത്തുന്നവര്‍ പെരുകുമ്പോഴും നാമറിയാതെ പറയാറുണ്ട്. ‘എന്നെ നന്നായി മനസിലാക്കുവാന്‍ ആരുമില്ലല്ലോ’ എന്ന്.
നമ്മുടെ വ്യക്തിത്വം ഉള്‍ക്കൊള്ളാന്‍ അപൂര്‍വ്വം ചിലരേ കാണൂ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്നവരും വിരളമാകാം. നമ്മുടെ ‘ശരി’കള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സമ്മതവും നല്‍കുന്നവരും വളരെ കുറവാകാം. ഒട്ടുമിക്കവരും കുറ്റപ്പെടുത്തലുകളുടെ ശരശയ്യയില്‍ നമ്മെ കിടത്താനാകാം ശ്രമിക്കുന്നത്. എങ്കിലും തളരാതെ ജീവിക്കുവാന്‍ ഒന്നുശ്രമിക്കുന്നതല്ലേ നല്ലത്. ഓരോ ദിനവും പുതിയൊരു അനുഭവമായി നമ്മില്‍ പെയ്തിറങ്ങിയാല്‍ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താകും. നമ്മുടെ ജീവിതം ഏറെ വിലപ്പെട്ടതാണ്. ഈ ലോകത്തേക്കാള്‍ വിലമതിക്കുന്ന ഒരാത്മാവ് കുടികൊള്ളു ന്ന ശരീരത്തിന്‍റെ ഉടമകളാണ് നാം. പലവിധ കര്‍മ്മങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരാണ്. ജീവിത വഴികളില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടവരാണ്. അവയില്‍ നിന്നെല്ലാം ഒളിച്ചോടുന്നത് ഭീരുത്വമാണ്.
പ്രപഞ്ചത്തിലെ ഓരോ ചലനങ്ങളും നമ്മുടെ ജീവിതത്തിന് പുതിയ ദര്‍ശനങ്ങളും, അര്‍ത്ഥങ്ങളും പകരുന്നു. നാം നമ്മിലേക്കുള്‍വലിയാതെ ചുറ്റുപാടുകളിലേയ്ക്ക് കണ്ണു തുറക്കണം. നാളയെക്കുറിച്ചോര്‍ക്കാതെ, അല്ലലില്ലാതെ ജീവിക്കുന്ന പക്ഷികള്‍ ഭാ വികാലത്തെക്കുറിച്ചുള്ള നമ്മുടെ ഭയചിന്തകള്‍ക്കു നേരെ പല്ലിളിക്കുകയാണ്.
‘ആകാശത്തിലെ പറവകളെ നോക്കുക; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നില്ല. എങ്കിലും അവയെ സൃഷ്ടിച്ച ദൈവം അവയെ പോറ്റിപ്പുലര്‍ത്തുന്നു’ എന്നത് അനാവശ്യ ഉത്കണ്ഠയില്‍ നിന്നും നമുക്കു മുക്തി നല്‍കും.
നമ്മുടെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് മഹത്തായ ചില പദ്ധതികളുണ്ട്. അമ്മയുടെ ഉള്ളില്‍ രൂപപ്പെടുന്നതിനു മുമ്പേ നമ്മുടെ ഭാവി നിശ്ചയിച്ച ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ച് ശുഭകരമായ ഒരു ജീവിതം നയിക്കാന്‍ തയ്യാറാകാം.
ജീവിത ചക്രം അതിവേഗം തിരിയുകയാണ്. ആര്‍ക്കും പിടിച്ചുനിര്‍ത്താനാവാതെ അത് പ്രയാണം തുടരുകയാണ്. നൊമ്പരവും ആഹ്ലാദവും ഇഴചേര്‍ന്ന പാതകളിലൂടെയുള്ള ഓട്ടം. ഈ മഹാപ്രയാണത്തില്‍ അക്ഷയവും, സ്ഥിരവുമാണ് എല്ലാമെന്ന് നാം ചിന്തിക്കുന്നു. പക്ഷേ, നമ്മുടെ ശരീരം പോലും പ്രതിദിനം രൂപമാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ചുറ്റുപാടുകളും മാറ്റങ്ങള്‍ക്ക് വഴിമാറുന്നു. അവസ്ഥാന്തരങ്ങളുടെ കൂടിച്ചേരലാണ് ജീവിതം. ഓരോരുത്തര്‍ക്കും വിഭിന്നമായ ജീവിതസാഹചര്യങ്ങളാണുള്ളത്. ഒരേ കാര്യങ്ങള്‍ തന്നെ വ്യത്യസ്തമായാണ് ഓരോരുത്തര്‍ക്കും അനുഭവപ്പെടുന്നത്.
ആവര്‍ത്തനങ്ങളാണ് ഓരോ ദിനങ്ങളുമെന്ന് ചിലര്‍ പറയും. എന്നാല്‍ ഒരിക്കലും മടങ്ങിവരാത്ത എന്തിന്‍റെയൊക്കെയോ ആകെത്തുകയാണ് ദിനരാത്രങ്ങള്‍. ദിനചര്യകളില്‍ സാമ്യം ധാരാളമുണ്ടാകാം. എന്നാല്‍ ഓരോ ജീവിത നിമിഷത്തിനും അതിന്‍റേതായ പുതുമയും പ്രത്യേകതയുമുണ്ട്. ഉപമിക്കാനാവാത്തതാണ് കൊഴിഞ്ഞുപോയ സമയങ്ങള്‍. ഒന്നും നിലനിര്‍ത്താനാവുന്നില്ലെങ്കിലും, നാം ജീവിതത്തിന് ഇളകാത്ത അസ്ഥിവാരം നിര്‍മ്മിക്കാന്‍ പാടുപെടുന്നു. ആരൊക്കെയോ ശേഷിപ്പിച്ചത് മറ്റാര്‍ക്കൊക്കെയോ വേണ്ടി കാത്തു സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് നാം. ഒരു കാവല്‍ ക്കാരനെപ്പോലെ അതീവ ജാഗ്രതയോടെ ചുറ്റുപാടുകളില്‍ കണ്ണുപായിച്ച് നമുക്കുള്ളതെന്നു തോന്നുന്നത് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് നാം. പക്ഷേ എത്രനാള്‍ തുടരാനാകും. നാം കാത്തു സൂക്ഷിക്കുന്നത് പലതും ഉപേക്ഷിക്കേണ്ടതായാലോ. മറ്റാരൊക്കെയോ അവകാശവാദങ്ങള്‍ ഉന്നയിക്കാവുന്നത് നാം കാത്തു സൂക്ഷിക്കുകയാണോ? നമ്മുടെ ജീവന്‍ ശരീരത്തെ വിട്ടുപോകുമ്പോള്‍ നമ്മുടെ സ്വന്തങ്ങള്‍ക്ക് ആരാണവകാശിയാകുക?
ദൈവം അനുവദിക്കുന്നതല്ലാതെ നമുക്കെന്താണ് നേടാനാവുക, ദൈവം നല്‍കിയതല്ലാതെ മറ്റെന്താണ് നമുക്കുള്ളത്. നമ്മു ടെ തിരഞ്ഞെടുപ്പുകളില്‍ പോ ലും ദൈവഹിതത്തിന്‍റെ നിഴലാട്ടമല്ലേയുള്ളത്. പിന്നെന്തിനാണ് അനാവശ്യമായി നമ്മുടെ മനസ് അസ്വസ്ഥമാകുന്നത്.
അല്പനേരം മാത്രമാണ് ന മ്മുടെ യാത്രയ്ക്കു നീളമുള്ളത്. രാവിലെ നാം ഉണരുമ്പോള്‍ ദൈവത്തിന്‍റെ കൈകളിലാണ്. അപ്പോഴും നമ്മുടെ ജീവിത രഥത്തിന്‍റെ ചക്രം മുന്‍പോട്ടോടുകയാണ്.