കോട്ടയം: ക്രൈസ്തവ സഭകള്‍ പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലുമായിരിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സി.എസ്ഐ. മധ്യകേരള മഹായിടവകയുടെ 13-ാം മത് ബിഷപ്പ് ഡോ. സാബു. കെ. ചെറിയാന്‍റെ സ്ഥാനാഭിഷേക ചടങ്ങുകള്‍ക്കുശേഷം നടന്ന അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം. ചരിത്രപരമായ ആനുഗ്രഹമായിരുന്നു സിഎസ്ഐ സഭയുടെ രൂപീകരണം. എക്യൂമെനിസത്തിനു വളരെ സഹായകരമായിരുന്നു. എല്ലാ സഭകളെയും നയിക്കുന്നത് ക്രിസ്തുവാണ്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ക്രിസ്തുവായിരിക്കണം മാര്‍ഗദര്‍ശിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
റവ. ബെഞ്ചമിന്‍ ബെയ്ലി ഹാളില്‍ നടന്ന യോഗത്തില്‍ സി.എസ.്ഐ. മോഡറോറ്റര്‍ ബിഷപ് എ. ധര്‍മ്മരാജ് റസാലം അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലുടെ ആശംസകള്‍ അര്‍പ്പിച്ചു. സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് കെ. രൂബേന്‍ മാര്‍ക്ക്, ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, യാക്കോബായ സുറിയാനി സഭയുടെ മെത്രപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മെത്രാപ്പോലീത്താമാരായ കുര്യാക്കോസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ബിഷപ് വി.എസ്. ഫ്രാന്‍സിസ്, എം.പിമാരായ തോമസ് ചാഴികാടന്‍, കൊടുക്കുന്നില്‍ സുരേഷ്, എം.കെ. പ്രേമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, നോബിള്‍ മാത്യു, ജോസ് കെ. മാണി, വി.എന്‍. വാസവന്‍, വൈക്കം വിശ്വന്‍, പ്രകാശ് പി. തോമസ്, റവ. ഡോ. ഷാജന്‍ എ. ഇടിക്കുള, റവ. ജേക്കബ് ഡാനിയേല്‍, കോശി വി. ജോര്‍ജ്, ഏലിയാമ്മ ഉമ്മന്‍, മാത്യുസ് സ്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നവാഭിഷിക്ത ബിഷപ് റവ. ഡോ. സാബു കെ. ചെറിയാന്‍ മറുപടി പ്രസംഗം നടത്തി. മധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. ഷാജന്‍ എ. ഇടിക്കുള, മഹായിടവക ഫിനാന്‍സ് അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. ജേക്കബ് ഡാനിയേല്‍, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി കോശി വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.