ഐ.പി.സി.ക്ക് എതിരെ വന്‍ഗൂഢാലോചന:
സണ്ണി മുളമൂട്ടില്‍

കുമ്പനാട്: ഐ.പി.സി. ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം ട്രഷറാര്‍ സണ്ണിമുളമൂട്ടില്‍ എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയായിലൂള്‍പ്പെടെ വ്യാപക പ്രചരണം നടക്കുന്നു. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി (എഫ്. സി. ആര്‍. എ) പോലും സഭയ്ക്ക് നഷ്ടപ്പെട്ടുവെങ്കിലും അത് വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് സഭാനേതൃത്വം. സഭയുടെ ഒരു കോടിയിലധികം രൂപ മരവിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ജനറല്‍ ട്രഷറാര്‍ സണ്ണി മുളമൂട്ടില്‍ പ്രതിസന്ധിയുടെ കാരണങ്ങള്‍ സങ്കീര്‍ത്തനത്തിനനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറയുന്നു.
ചോദ്യം: മുന്‍പെങ്ങുമില്ലാത്തവിധം സഭാനേതൃത്വത്തിനെതിരെ വ്യാപക പ്രചരണം നടക്കുന്നു. ഗുരുതര വീഴ്ചകള്‍ നേതൃത്വത്തിനുണ്ടായോ?.
ഉത്തരം: സഭാനേതൃത്വത്തിന് വീഴ്ചകള്‍ ഉണ്ടായിട്ടില്ല. പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാമിനെയും എന്നെയും ടാര്‍ജറ്റ് ചെയ്ത് ചിലര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് പാനലുകളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ഞങ്ങളുടെ പാനലാണ് വിജയിച്ച് അധികാരമേറ്റെടുത്തത്. അന്നുമുതല്‍ മറ്റ് രണ്ട് പാനല്‍ നേതാക്കളും അവരുടെ അനുയായികളും ഏതു വിധേനയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തരം താണവഴികള്‍ തേടുകയായിരുന്നു. കള്ളക്കഥകള്‍ ഉണ്ടാക്കിയും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചും സഭാംഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ സത്യമറിയുമ്പോള്‍ ഈ എതിരാളികള്‍ താനേ നാണിച്ച് മാളങ്ങളില്‍ ഒളിക്കുമെന്നാണ് എന്‍റെ ഉത്തമ ബോധ്യം.
ചോദ്യം: കുമ്പനാട് കണ്‍വന്‍ഷനില്‍ കേരളത്തിലുള്ള പ്രധാനികള്‍ക്കുപോലും അവസരം നല്‍കുന്നില്ലന്നറിയുന്നു. എന്താണ് കാരണം?.
ഉത്തരം: ഐ.പി.സി. ഒരു ആഗോള സഭയാണ്. ഭൂരിഭാഗം ആളുകളും മലയാളികളാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ളവര്‍ ഈ സംഘടനയുടെഭാഗമാണ്. അതിനാല്‍ അവര്‍ക്കുകൂടി ഉചിതമായ അവസരങ്ങള്‍ നല്‍കേണ്ടതാണ്. അങ്ങനെ ചെയ്യുമ്പോള്‍ കേരളത്തിലെ എല്ലാവര്‍ക്കും കണ്‍വന്‍ഷനില്‍ അവസരം നല്‍കാനാകില്ല. അതില്‍ അസ്വസ്ഥരായിട്ടുകാര്യമില്ല.
ഒരു ഇന്‍റര്‍നാഷണല്‍ സഭ എന്ന നിലയില്‍ കുമ്പനാട് കണ്‍വന്‍ഷന്‍റെ പ്രോഗ്രാമിന്‍റെ പരിമിതികള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. നേരെമറിച്ച് അവസരം ലഭിക്കാത്തവരെല്ലാം കൂടി ഒത്തുചേര്‍ന്ന് സഭാ നേതൃത്വത്തിനെതിരെ ചെളി വാരിയെറിയുകയല്ല വേണ്ടത്. ഇത് പൊതു സമൂഹത്തില്‍ ഐ.പി.സി.യുടെ മുഖം വികൃതമാക്കുകയേയുള്ളു.
ചോദ്യം : ജനറല്‍ പ്രസിഡന്‍റ് ഒരു ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്ന് പ്രചരണമുണ്ടല്ലോ, എന്താണ് വാസ്തവം?.
ഉത്തരം: വെറും ബാലിശമായ ആരോപണങ്ങളാണത്. പാസ്റ്റര്‍ വല്‍സണ്‍ ഏബ്രഹാം സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ ആലോചിച്ചാണ് ചെയ്യുന്നത് . എന്നാല്‍ എല്ലാകാര്യങ്ങളും സകലമാനപേരോടും ആലോചിച്ചും അവരുടെ അഭിപ്രായങ്ങളനുസരിച്ചും പ്രവര്‍ത്തിക്കണമെന്ന് ശഠിക്കുന്നത് നന്നല്ല.
പാസ്റ്റര്‍ വല്‍സണ്‍ ഏബ്രഹാം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വേദപരിശീലന ശാലകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെയെല്ലാം പ്രയോജനം ഐ.പി.സി. ക്കാണ്. അദ്ദേഹത്തിന് എഞ്ചിനിയറിങ്ങ് കോളേജോ, മെഡിക്കല്‍ കോളെജോ ഒക്കെ തുടങ്ങി പണമുണ്ടാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിലെ സുവിശേഷാത്മാവാണ് വേദശാലകള്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അതിനെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകളുണ്ടാക്കുന്നവരുടെ ലക്ഷ്യം ഐ.പി.സി. യുടെ വളര്‍ച്ച ഇല്ലാതാക്കുക എന്നതാണ്. കെ.ഇ. ഏബ്രഹാം ഫൗണ്ടേഷന്‍റെ ലക്ഷ്യം സുവിശേഷവേലയാണെന്നകാര്യം ഓര്‍ക്കുന്നത് നല്ലതാണ്.
ചോദ്യം: എഫ്.സി. ആര്‍. എ. പ്രശ്നം സഭാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവോ? എങ്ങനെയാണ് ഈ പ്രതിസന്ധി അതിജീവിക്കുന്നത്?
ഉത്തരം: ഐ.പി.സി. യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സഭാസ്നേഹികളായ ഉദാരമതികളാണ് നമുക്ക് പണം നല്‍കുന്നത്. അവര്‍ വിവിധ രാജ്യങ്ങളിലുള്ളവരാണങ്കിലും വിദേശികളല്ല. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ആ പണം പോലും നമുക്ക് സ്വീകരിക്കാനാകുന്നില്ല. എഫ്.സി.ആര്‍ എ. മരവിപ്പിക്കാനുള്ള കാരണങ്ങളെക്കുറിച്ച് പലരും പലതും പറയുന്നുണ്ടെങ്കിലും രേഖകള്‍ മുഴുവന്‍ എന്‍റെ കൈവശമാണുള്ളത്. ഈ കാര്യം മുന്‍ ട്രഷറര്‍ ഉള്‍പ്പെടെ മുന്‍ എക്സിക്യുട്ടീവ്സ് മറക്കാതിരിക്കുന്നതാണ് നല്ലത്. ഒരു കോടി ഇരുപത്തിരണ്ട് ലക്ഷത്തോളം രൂപ നമ്മുടേത് ബാങ്കില്‍ മരവിച്ചുകിടപ്പുണ്ട്. മുന്‍ ഭരണസമിതിയുടെ മിസ്മാനേജ്മെന്‍റ് കൊണ്ട് സംഭവിച്ചതാണ് ഈ പ്രതിസന്ധി.
എഫ്.സി. ആര്‍. എ. അകൗണ്ടില്‍നിന്നും ലോണ്‍ എടുക്കാന്‍ നിയമം അനുവദിക്കാതിരുന്നിട്ടും മുന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ലോണ്‍ എടുത്തു. അതിലൂടെ അടിസ്ഥാന നടപടികളും നിയമങ്ങളും വൈലേറ്റ് ചെയ്യപ്പെട്ടു. ഇതുകൊണ്ടും കൂടാണ് എഫ്.സി.ആര്‍ എ. സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. അധികാരികള്‍ ഉന്നയിച്ച പന്ത്രണ്ട് ചോദ്യങ്ങള്‍ക്ക് നമുക്കിതുവരെ മറുപടി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടത്തിയത് കഴിഞ്ഞ ടേമിലെ അഡ്മിനിസ്ട്രേഷനാണ്. ഈ പ്രശ്നങ്ങള്‍ ഒരു കേസായി ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പറയുന്നില്ല.