കര്‍ദിനാള്‍ ക്ലീമിസുമായി കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ അതൃപ്തി പരിഹരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തലസ്ഥാനത്ത് മലങ്കര കത്തോലിക്ക സഭാ ആസ്ഥാനത്തെത്തി കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി, സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും വ്യക്തമാക്കി. സമന്വയത്തിന്‍റെ പാതയാണ് മുസ്ലിംലീഗ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഭിന്നിപ്പിച്ച് ഭരിക്കുന്ന രീതി സി. പി. എമ്മിന്‍റേതാണ്. ലീഗ് ആരില്‍നിന്നും ഒന്നും കവര്‍ന്നെടുക്കുന്നവരല്ലെന്ന് ക്രിസ്തീയ സഭകള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മുന്‍നിര്‍ത്തി ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ ശ്രമം വേണമെന്ന പൊതുവികാരം യു.ഡി.എഫിലുണ്ട്. അതോടൊപ്പം മുസ്ലിംലീഗ് നേതൃത്വം സ്വന്തം നിലക്കും സമവായ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്‍റെ ഭാഗമായാണ് കര്‍ദിനാളുമായുള്ള കൂടിക്കാഴ്ച. സഭക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ പരിഹരിക്കാന്‍ തയാറാണെന്ന് അദ്ദേഹം കര്‍ദിനാളിനെ അറിയിച്ചു.
ക്രിസ്മസ് ദിനത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.