
ന്യൂഡല്‍ഹി: കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മില്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയം. മൂന്ന് കാര്‍ഷികനിയമവും പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെ സമരം ബഹുജനപ്രക്ഷോഭമായി ഉയരും. സുപ്രീംകോടതി തീര്‍പ്പുണ്ടാക്കട്ടെയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നേതാക്കാള്‍ തളളി. സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള വിഷയമാണിത്. കോടതിക്ക് ഇതില്‍ കാര്യമില്ല. കോടതികാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി വിധിച്ചാലും കര്‍ഷകര്‍ക്ക് സ്വീകാര്യമാകില്ലെന്ന് ഹനന്‍ മൊള്ളാ അടക്കമുള്ള നേതാക്കള്‍ പറഞ്ഞു. നിയമങ്ങള്‍ നടപ്പായാല്‍ കര്‍ഷകര്‍ നശിക്കും. ഇപ്പോള്‍ നടത്തുന്ന പോരാട്ടം മരിക്കുക, അല്ലെങ്കില്‍ ജയിക്കുക എന്ന നിശ്ചയത്തിലാണ്- കര്‍ഷകനേതാക്കള്‍ പറഞ്ഞു. 15 ന് വീണ്ടും ചര്‍ച്ച നടക്കും.
കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമര്‍, പൊതുവിതരണ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്തത്. നിയമങ്ങള്‍ പരിശോധിക്കാന്‍ ഇരുപക്ഷത്തെയും ഉള്‍പ്പെടുത്തി അനൗപചാരിക സമിതി രൂപീകരിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ഷകര്‍ നിരാകരിച്ചു. പൂര്‍ണമായും പിന്‍വലിക്കണമെന്നതാണ് ആവശ്യമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചപ്പോഴാണ് സുപ്രീംകോടതി തീരുമാനത്തിനു വിടാമെന്ന് മന്ത്രിമാര്‍ പറഞ്ഞത്.
രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്നതാണ് കര്‍ഷകപ്രക്ഷോഭത്തിന് ആധാരമായ വിഷയങ്ങളെന്ന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയും പൊതുവിതരണ സമ്പ്രദായവും തകര്‍ക്കുന്നതാണ് കാര്‍ഷികനിയമങ്ങള്‍. കോര്‍പ്പറേറ്റുകള്‍ക്കായി കൊണ്ടുവന്ന ഈ നിയമങ്ങള്‍ പിന്‍വലിക്കുന്നില്ലെന്ന പിടിവാശിയിലാണ് മോഡിസര്‍ക്കാര്‍. കോര്‍പ്പറേറ്റ് പ്രീണനം മാത്രം നടത്തുന്ന സര്‍ക്കാരിനെതിരെ രാജ്യമെമ്പാടും തൊഴിലാളികളും കര്‍ഷകരും രംഗത്തെത്തി. ഇതര ജനവിഭാഗങ്ങളും വരും നാളുകളില്‍ അണിചേരും. പരിസ്ഥിതി, സാമുദായിക സൗഹാര്‍ദം, വിത്തുകളുടെ കാര്യത്തില്‍ സ്വാശ്രയത്വം, ജനകീയ ഐക്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ് കര്‍ഷകര്‍ നടത്തുന്നത്.
ഈ മാസം 13,18,23 തീയതികളില്‍ വിപുലമായ സമരപരിപാടികള്‍ ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും നടക്കും. ഹരിയാനയിലെ റിവാര്‍ഡിയിലും മനേസറിലും അനിശ്ചിതകാല ധര്‍ണ തുടങ്ങി. ബീഹാറില്‍ 25 ഇടത്ത് ധര്‍ണ നടക്കുന്നു.