സാജു
ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍, അനുഗൃഹീതമായ ഒരു കുടുംബജീവിതം തന്ന ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ദൈവത്തോട് നന്ദി പറയുമ്പോള്‍ത്തന്നെ, നമ്മുടെയിടയിലും വര്‍ദ്ധിച്ചുവരുന്ന കുടുംബത്തകര്‍ച്ചകളെയോര്‍ത്ത് ഞാന്‍ ദു:ഖിച്ചു. വൈവാഹിക ജീവിതത്തിലെ മൂല്യത്തകര്‍ച്ചകള്‍ ഒരു കാലത്ത് പാശ്ചാത്യരുടെ മാത്രം പ്രശ്നമായി നാം കരുതിയിരുന്നു. നമ്മുടെ നാട്ടിലും അത് കുറവൊന്നുമല്ലെന്നും പൗരസ്ത്യമതങ്ങളുടെ കപട ധാര്‍മ്മികത യാഥാര്‍ത്ഥ്യങ്ങളെ പരസ്യപ്പെടുത്താന്‍ വിമുഖത കാട്ടുന്നതിനാല്‍ തകര്‍ന്ന കുടുംബത്തിലെ അംഗങ്ങളും പുറത്തു ചിരിച്ചു നടക്കുന്നേയുള്ളുവെന്നും നാമറിഞ്ഞത് താമസിച്ചാണ്. ഒരുപക്ഷെ പാശ്ചാത്യര്‍ കുടുംബം വിഘടിക്കുമ്പോള്‍ ആവാസം രണ്ടിടങ്ങളിലാക്കുന്നു, പൗരസ്ത്യര്‍ പരസ്പരം വിഘടിച്ച് ഒരു മേല്‍ക്കൂരയ്ക്കു കീഴെ കഴിയുന്നു എന്ന വ്യത്യാസമേയുള്ളു എന്നും നാം മനസ്സിലാക്കി. തകര്‍ന്ന കുടുംബങ്ങളുടെ എണ്ണം കൂടിയപ്പോള്‍ തകര്‍ച്ചയുടെ നാണക്കേടു കുറഞ്ഞത്, ഇന്ന് കാര്യങ്ങള്‍ പരസ്യമാക്കുന്നതിന് ആളുകളെ മടിയില്ലാത്തവരാക്കിയിരിക്കുന്നു. എന്തായാലും തകര്‍ന്ന, തകരുന്ന കുടുംബങ്ങള്‍ നമുക്കൊരു വെല്ലുവിളി തന്നെയാണ്. അതാണ്, കുടുംബ സെമിനാറുകളിലേക്കും കൗണ്‍സിലിംഗിലേക്കും ശ്രദ്ധിക്കാന്‍ ഞങ്ങളുടെ മിഷന്‍ സംഘടനയ്ക്ക് പ്രേരണയായത്.
കുടുംബത്തിന്‍റെ രൂപകല്പന ദൈവത്തിന്‍റേതാണ്. ദൈവമാണ് കുടുംബത്തിന്‍റെ നിര്‍മ്മാതാവ് എന്നത് കുറച്ചൊന്നുമല്ല ആശ്വാസം നല്കുന്നത്. എനിക്കൊരു വാച്ചു വാങ്ങേണ്ടി വരുമ്പോള്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നും അമ്പതു രൂപയ്ക്ക് അതു വാങ്ങിയെന്നുവയ്ക്കുക. വീട്ടില്‍ ചെല്ലുന്നതു വരെ അതു പ്രവര്‍ ത്തിച്ചാല്‍ ഭാഗ്യം. വീട്ടിലെത്തുമ്പോള്‍ അതു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അതുമായി കച്ചവടക്കാരനെ തിരക്കിപ്പോയാല്‍ ഒരുപക്ഷെ അയാളെത്തന്നെ കണ്ടെത്താനായെന്നു വരില്ല. എന്നാല്‍ വിശ്വസനീയമായ ഒരു കമ്പനിയുടെ അംഗീകൃത വിതരണക്കാരനില്‍ നിന്നാണു ഞാന്‍ വാച്ചു വാങ്ങുന്നതെങ്കില്‍ കേടുപറ്റിയാലും എനിക്ക് കമ്പനിക്കാരന്‍റെയടുത്ത് ധൈര്യമായി ചെന്ന് അതു തിരിച്ചേല്‍പിക്കാം. അയാളത് കേടു തീര്‍ത്തു മടക്കിത്തരും. യേശു ഒരു തച്ചനായിരുന്നുവെന്നു നമുക്കറിയാം. ഒരു മേശ വേണമെങ്കില്‍ നാം തച്ചന്‍റെയടുത്തു ചെന്ന് അതു പണിയിക്കുന്നു. മേശയുടെ കാലൊടിഞ്ഞാല്‍ അതു ശരിയാക്കാനും തച്ചന്‍ തന്നെ വേണം. അതിനാല്‍ കുടുംബത്തിന്‍റെ പണി ദൈവത്തെത്തന്നെ ഏല്‍പ്പിക്കണം. കേടുപറ്റിയാലും നന്നാക്കിക്കിട്ടേണ്ടതിന് നമുക്ക് അവിടുത്തെ സന്നിധിയില്‍ത്തന്നെ മടങ്ങിയെത്താമല്ലോ.
സങ്കീര്‍ത്തകന്‍ പറയുന്നു: “യഹോവ ഭവനം പണിയാതെയിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു.”
ഇന്നു നാം തന്നെ ഭവനം പണിയാന്‍ ബദ്ധപ്പെടുകയാണ്. നമ്മുടെ ഇഷ്ടങ്ങള്‍, ധാരണകള്‍, ലക്ഷ്യങ്ങള്‍ ഇവയ്ക്കൊക്കെ അനുസരണമായി നമുക്കു തോന്നുന്നതുപോലെ നാം ഭവനം പണിയുന്നു. നാമാണു ഭവനം പണിയുന്നതെങ്കില്‍ അതു തകരുമെന്നതിനു സംശയമൊന്നുമില്ല. തകര്‍ന്ന കുടുംബങ്ങള്‍ പഠന വിധേയമാക്കിയാല്‍, പരിശ്രമിച്ചതാണതിനു കാരണം എന്നു തിരിച്ചറിയാവുന്നതേയുള്ളൂ. കുടുംബം പണിയാന്‍ അവര്‍ ദൈവത്തെ ക്ഷണിച്ചില്ല, ഏല്‍പിച്ചുകൊടുത്തുമില്ല.
ആധുനിക കൗണ്‍സിലിംഗുകാരും ഇക്കാര്യത്തില്‍ ഇതേ തെറ്റ് ആവര്‍ത്തിക്കുന്നു. നിങ്ങളുടെ കാശു വാങ്ങിച്ചിട്ട് കൗണ്‍സിലര്‍ പറയുന്നത്, “ഇതു നിങ്ങളുടെ കുടുംബമാണ്, നിങ്ങള്‍ തന്നെ പണിതാലേ പറ്റൂ” എന്നാണ്. “എങ്ങനെ പണിയണമെന്ന് ഞങ്ങള്‍ ചില നിര്‍ദ്ദേശങ്ങള്‍ തരാം” എന്നാണ് അവര്‍ പറയുന്നത്. ഒരു കാര്യം ഞാന്‍ ഉറപ്പു പറയാം. കൗണ്‍സിലറുടെ നിര്‍ദ്ദേശപ്രകാരം നിങ്ങള്‍ പണിതാലും കൗണ്‍സിലര്‍ തന്നെ പണിതാലും നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടുകയില്ല. ആവശ്യമായിരിക്കുന്നത്, കുടുംബത്തിന്‍റെ പണി ദൈവത്തെ, യഹോവയെ ഭരമേല്‍പ്പിക്കുകയാണ്.
കല്യാണനാളില്‍ ശുശ്രൂഷകന്‍ ദൈവനാമത്തില്‍ ആശീര്‍വ്വദിച്ചതു കൊണ്ടുമാത്രം ഭവനത്തിന്‍റെ പണി ദൈവമാണു നടത്തുന്നത് എന്ന് ഉറപ്പിക്കാനാവില്ല. ഭവനമെന്നാല്‍ കെട്ടിടമല്ല. ഇഷ്ടികയും സിമന്‍റും കൊണ്ട് കെട്ടിടം പണിയാം. ഭവനം പണിയപ്പെടുന്നത് മനുഷ്യരെക്കൊണ്ടാണ്. കെട്ടിടം പണിതാല്‍, ഇഷ്ടികയും സിമന്‍റും അവിടെ ഉറച്ചിരുന്നോളും. എന്നാല്‍ മനുഷ്യനു ജീവനുണ്ട്, ഇച്ഛകളുണ്ട്, പ്രവൃത്തി ചെയ്യുന്നവനാണവന്‍. ചലനത്തില്‍ ഇളക്കം തട്ടും, പണി പൊളിഞ്ഞുപോകാം. അതുകൊണ്ട്, ഭവനത്തിന്‍റെ പണി ഒരു നിരന്തരപണിയാണ്. യഹോവ നിങ്ങളുടെ ഭവനത്തെ നിരന്തരം പണിതുകൊണ്ടിരിക്കണം. അതിനാലാണ്, ദൈവകേന്ദ്രീകൃതമായ ഒരു കുടുംബമേ നിലനില്ക്കൂ എന്നു പറയുന്നത്. യഹോവയുടെ നിരന്തര സാന്നിധ്യം നമ്മുടെ കുടുംബത്തിലുണ്ടാവണം. ഒരു ചെറിയ ഇളക്കംപോലും നേരെയാക്കുവാന്‍ നിര്‍മ്മാതാവ് കുടുംബത്തില്‍ നിരന്തരം വസിക്കണം. അങ്ങനെയൊരു കുടുംബം തകര്‍ച്ചയില്‍ വീണുപോവുകയില്ല.