കുമ്പനാട് കണ്‍വന്‍ഷന്‍ ഒഴിവാക്കിയത് മാതൃകാപരംതന്നെ: രാജന്‍ ആര്യപ്പള്ളി

കോവിഡ് വ്യാപനം ക്രമാതീതമായി കേരളത്തില്‍ വര്‍ദ്ധിക്കുന്നതിനാലാണ് കുമ്പനാട് കണ്‍വന്‍ഷന്‍ വെര്‍ച്വല്‍ കണ്‍വന്‍ഷനായി നടത്താന്‍ എക്സിക്യൂട്ടീവ് തീരുമാനിച്ചതെന്നും ഇത് മാതൃകാപരംതന്നെയെന്നും ജോയിന്‍റ് പബ്ലിസിറ്റി കണ്‍വീനര്‍ രാജന്‍ ആര്യപ്പള്ളി.
“ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നേരത്തെ തീരുമാനമെടുത്തത് ഗവണ്‍മെന്‍റ് പ്രോട്ടോകോള്‍ അനുസരിച്ച് എത്രപേര്‍ക്ക് ഒരുമിച്ച്കൂടാനൊക്കുമോ അത്രയും പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചെറിയപന്തല്‍ തയ്യാറാക്കി കുമ്പനാട് കണ്‍വന്‍ഷന്‍ നടത്തണം എന്നാണ്. എന്നാല്‍ ലോകവ്യാപകമായി കൊറോണമൂലമുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു. ജനങ്ങള്‍ പാനിക് ആയി. കുമ്പനാട് കണ്‍വന്‍ഷന്‍ പോലുള്ള ഒരു മഹാസമ്മേളനത്തില്‍ എന്തിന്‍റെ മാനദണ്ഡത്തിലാണ് ഗവണ്‍മെന്‍റ് പ്രോട്ടോകോള്‍ പ്രകാരമുള്ളത്ര ആളുകളെ മാത്രം തിരഞ്ഞെടുക്കാനാകുന്നത്?
മാരാമണ്‍ കണ്‍വന്‍ഷന്‍റെ പന്തലില്‍ ഇരിക്കുന്നതിലുമധികമാളുകള്‍ പുറത്താണുള്ളത്. എന്നാല്‍ കുമ്പനാട് കണ്‍വന്‍ഷനില്‍വരുന്ന എണ്‍പത് ശതമാനമാളുകളും പന്തലില്‍തന്നെയാണിരിക്കുന്നത്. കണ്‍വന്‍ഷന്‍ പന്തലില്‍ ഇരിക്കാന്‍ വരുന്ന ആളുകളെ എങ്ങനെയാണ് തടയാനാകുക. അപ്പോള്‍ കണ്‍വന്‍ഷന്‍ സ്ഥലത്ത് പ്രശ്നങ്ങളുണ്ടാകും. കോവിഡ് ഉള്ള ആരെങ്കിലും ഒരാള്‍ പന്തലില്‍ വന്നാല്‍ ഗുരുതരപ്രശ്നമാകും. കണ്‍വന്‍ഷന്‍ നിര്‍ത്തിവയ്ക്കേണ്ടി വരും. ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാന്‍ യുക്തമായ മാര്‍ഗ്ഗമാണ് കണ്‍വന്‍ഷന്‍ ഒഴിവാക്കുക എന്നത്. സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വലിയ ചില പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ രണ്ടും മൂന്നും ചേരിയായി പ്രവര്‍ത്തിച്ച് പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഐ.പി.സി.യുടെ ആദ്യകാല ചരിത്രം പരിശോധിച്ചാല്‍പോലും അന്നുമുതല്‍ ചേരിതിരിവുകള്‍ സഭയില്‍ ഉണ്ടെന്ന് വ്യക്തമാകും. ഇപ്പോഴത് കൂടുതല്‍ ശക്തമാണുതാനും.
ഇപ്പോള്‍ ഉണ്ടായ ചില കേസുകളുമായി ബന്ധപ്പെട്ടാണ് കണ്‍വന്‍ഷന്‍ മാറ്റിവച്ചതെന്ന പ്രചരണം ദുഷ്ടലാക്കോടുകൂടിയതാണ്. അതുശരിയല്ല. കേസുകള്‍ മുന്‍പും സഭയിലുണ്ടായിട്ടുണ്ട്. അന്നൊന്നും മാറ്റിവയ്ക്കാത്ത കണ്‍വന്‍ഷന്‍, കോവിഡിന്‍റെ പേരില്‍ മാറ്റിവയ്ക്കുന്ന ഭീരുക്കളായ ഒരു നേതൃത്വമല്ല ഐ.പി.സി. ക്കുള്ളത്. കോവിഡ് പ്രതിസന്ധി കൊണ്ടു മാത്രമാണ് ഈ വര്‍ഷത്തെ കുമ്പനാട് കണ്‍വന്‍ഷന്‍ മാറ്റിവച്ചതെന്നാണ് സഭാ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് എന്നോട് പറഞ്ഞത്.”
രാജന്‍ ആര്യപ്പള്ളില്‍ കുമ്പനാട് കണ്‍വന്‍ഷന്‍ മാറ്റിവയ്ക്കാനുണ്ടായ സാഹചര്യം സങ്കീര്‍ത്തനത്തോട് വ്യത്മാക്കി.