കുമ്പനാട് കണ്‍വന്‍ഷന്‍ ഒഴിവാക്കി ഐ.പി.സി. മാതൃകയാകുന്നു

ബിനോയ് ജോസഫ്


ഇന്ത്യാപെന്തെക്കോസ്തു ദൈവസഭയുടെ ജനറല്‍ കണ്‍വന്‍ഷനായ കുമ്പനാട് കണ്‍വന്‍ഷന്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയത് മാതൃകാപരമാകുന്നു. ദീര്‍ഘവര്‍ഷങ്ങളായി മുടങ്ങാതെ നടന്ന ആത്മീയസംഗമം നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒഴിവാക്കിയത്. സമൂഹത്തിനാകെ മാതൃകാപരമായ സന്ദേശം നല്‍കാന്‍ കണ്‍വന്‍ഷന്‍ ഒഴിവാക്കല്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. കൂട്ടംചേരല്‍ കഴിവതും ഒഴിവാക്കണമെന്ന ഗവണ്‍മെന്‍റ് നിര്‍ദ്ദേശം څവിശ്വാസത്തിന്‍റെ പേരില്‍’ പലരും അവഗണിക്കുമ്പോള്‍ ഇന്ത്യയിലെ പ്രധാന പെന്തെക്കോസ്തു സഭയായ ഐ.പി.സി. കുമ്പനാട് കണ്‍വന്‍ഷന്‍ ഒഴിവാക്കിയതിലൂടെ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്.
വെര്‍ച്ച്വല്‍ ഫ്ളാറ്റ്ഫോമില്‍ കണ്‍വന്‍ഷന്‍ നടത്താനാണ് തീരുമാനം. ആളുകള്‍ക്ക് വീട്ടില്‍ ഇരുന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാകും.
څആചാരങ്ങളും അനുഷ്ടാനങ്ങളും അവഗണിച്ച്, വേദപുസ്തക ഉപദേശങ്ങള്‍ മാതൃകയാക്കുന്ന പെന്തക്കോസ്തു സഭകള്‍ക്ക് കണ്‍വന്‍ഷനുകള്‍ ആത്മീയസംഗമങ്ങള്‍ മാത്രമാണ്. വര്‍ഷാവര്‍ഷം ഒരു ചടങ്ങായി ആചരിക്കേണ്ട ഒന്നല്ല കണ്‍വന്‍ഷനുകള്‍’ എന്ന് മുതിര്‍ന്ന ഒരു സഭാനേതാവ് സങ്കീര്‍ത്തനത്തോട് പറഞ്ഞു.
ബ്രിട്ടനിലെ ജനിതക മാറ്റംവന്ന അതിതീവ്ര കൊറോണ വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് കണ്ടെത്തിയ സാഹചര്യത്തില്‍ ഐ.പി.സി. ജനറല്‍ എക്സിക്യൂട്ടീവ് കുമ്പനാട് കണ്‍വന്‍ഷന്‍ ഒഴിവാക്കുന്നതിലൂടെ കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പെന്തെക്കോസ്തു സമൂഹം പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കപ്പെടുന്നു. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, ജില്ലകളിലാണ് ജനിതക മാറ്റം സംഭവിച്ച, എഴുപതുശതമാനം വ്യാപനശേഷിയുള്ള വൈറസിനെകണ്ടെത്തിയത്.
ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളിലും കൊറോണയുടെ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
“ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ലോക്ഡൗണില്‍ ഇളവു നല്‍കിയതെന്നും അത് ആഘോഷമാക്കരുതെന്നും” പുതിയ വൈറസ് കണ്ടെത്തിയതിനെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടത്താന്‍ മാര്‍ത്തോമ സഭ തീരുമാനിച്ചു. മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നതിനാല്‍ കുമ്പനാട് കണ്‍വന്‍ഷന്‍ ഒഴിവാക്കിയത് തെറ്റാണെന്ന് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മതപരമായ എല്ലാ ചടങ്ങുകള്‍ക്കും മാതൃകയാകുന്നതരത്തില്‍ കുമ്പനാട് കണ്‍വന്‍ഷന്‍ ഈ വര്‍ഷം വേണ്ടെന്ന ഐ.പി.സി. നേതൃത്വത്തിന്‍റെ തീരുമാനം പരക്കെ അഭിനന്ദിക്കപ്പെടുമ്പോള്‍ ഐ.പി.സി.യിലെ ചില ‘രാഷ്ട്രീയ ജീവികള്‍’چ അപമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഭൂരിപക്ഷം വിശ്വാസികളും പ്രതിഷേധത്തിലാണ്.
മാറിയ സാഹചര്യത്തില്‍, കൊറോണയുടെ വ്യാപനം തടയാനുള്ള സഭാനേതൃത്വത്തിന്‍റെ തീരുമാനം തെറ്റായി വ്യാഖ്യാനിക്കുന്നതിനു പിന്നില്‍ ‘സഭാ രാഷ്ട്രീയത്തിന്‍റെ ‘ ദുര്‍ഗന്ധമാണ് വമിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നു.