കൈവെട്ട് കേസ്: രണ്ടാംഘട്ട വിചാരണ ഏപ്രില്‍ 16 മുതല്‍

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ.ടി. ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ രണ്ടാം ഘട്ട വിചാരണ 2021 ഏപ്രില്‍ 16ന് ആരംഭിക്കും. എം. കെ. നാസര്‍, ഷഫീഖ്, നജീബ്, സജില്‍, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈര്‍, എം.കെ. നൗഷാദ്, മന്‍സൂര്‍, പി.പി. മുഹമ്മദ് കുഞ്ഞ്, പി.എം. അയ്യൂബ് എന്നിവരാണ് വിചാരണ നേരിടുന്നത്. ഇവര്‍ക്കെതിരെ പ്രത്യേക എന്‍.ഐ.എ. കോടതി ജഡ്ജി അനില്‍ ഭാസ്കര്‍ കുറ്റം ചുമത്തി. ഒന്നാം പ്രതിയായ അശമന്നൂര്‍ നൂലേലി മുടശ്ശേരി സവാദ് മാത്രമാണ് ഇനി പിടിയിലാവാനുള്ളത്. സവാദിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ വധശ്രമം, അന്യായമായി സംഘംചേരല്‍, ഗുരുതരമായി മുറിവേല്‍പിക്കല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ ആയുധ നിയമം, സ്ഫോടവസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷനു വേണ്ടി എന്‍.ഐ.എ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.ജി. മനു ഹാജരായി.
വിസ്തരിക്കാനുള്ള സാക്ഷികളുടെ പട്ടികയും തീയതികളും ജനുവരി അഞ്ചിന് നിശ്ചയിക്കും. 2010 ജൂലൈ നാലിനാണ് അധ്യാപകനെ ആക്രമിച്ചത്. ആദ്യ ഘട്ട വിചാരണ പൂര്‍ത്തിയാക്കിയ 2015 ല്‍ 31 പ്രതികളെ വിചാരണ ചെയ്തതില്‍ 13 പേരെ ശിക്ഷിച്ചിരുന്നു.