കോവിഡിനെതിരെ ചുവന്നുറുമ്പ് ചട്നി

ഭുവനേശ്വര്‍: ചുവന്നുറുമ്പിനെ ചട്നിയാക്കി കഴിക്കുന്ന ഗോത്രവിഭാഗങ്ങള്‍ ഒഡിഷ, ഛത്തിസ്ഗഡ് അടക്കമുള്ള പല സംസ്ഥാനങ്ങളിലുമുണ്ട്. ജലദോഷം, ശ്വാസപ്രശ്നം, തളര്‍ച്ച തുടങ്ങിയ രോഗങ്ങളെ ചെറുക്കാനാണിത്. എന്നാല്‍, ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് അത്ര പ്രസിദ്ധമല്ലാത്ത ചുവന്നുറമ്പ് ചട്നി.
ചുവന്നുറമ്പ് ചട്നി കോവിഡ് മഹാമാരിക്കെതിരായ ഒഷധമായിത്തീരുമോ എന്ന പുതിയ ചര്‍ച്ചക്കാണ് ഒഡിഷ കോടതിയുടെ ഇടപെടല്‍ തിരികൊളുത്തിയത്. കോവിഡിനെതിരെ ചുവന്നുറമ്പ് ചട്നി ഫലവത്താവുമോ എന്ന് പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തോടും കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഡയറക്ടര്‍ ജനറലിനോടും കോടതി നിര്‍ദേശിച്ചു.
ബൈപാദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനിയര്‍ നയാധ്യാര്‍ പദിയാല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ചുവന്നറുമ്പ് ചട്നി കോവിഡിനെതിരെ ഫലവത്താവുമോ എന്നറിയാന്‍ കൂടുതല്‍ ഗവേഷണം വേണമെന്ന ശിപാര്‍ശയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന ഹര്‍ജിക്കാരന്‍റെ ആരോപണം മുഖവിലക്കെടുത്താണിത്. കഴിഞ്ഞ ജൂണ്‍ 23നാണ് സി.എസ്. ഐ. ആറിനും ആയുഷ് മന്ത്രാലയത്തിനും പദിയാല്‍ ശിപാര്‍ശ സമര്‍പ്പിച്ചത്.
ചുവന്നുറുമ്പ് ചട്നിയുടെ ഔഷധഗുണങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യക്ഷമമായ ഒന്നാണത്രേ ഇത്. ചുവന്നുറുമ്പും പച്ചമുളകും ചേര്‍ത്താണ് ചട്നി തയ്യാറാക്കുക. നിരവധി ആന്‍റിബാക്ടീരിയല്‍ ഘടകങ്ങളടങ്ങിയ ഈ ചട്നി ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാവുന്ന അണുബാധയെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക് തുടങ്ങിയവയുടെ കലവറയാണത്രേ ഇത്.
ഹര്‍ജി പരിഗണിച്ച കോടതി കേസിന്‍റെ മെറിറ്റിലേക്ക് കടക്കാതെ തന്നെ ആയുഷിനും സി.ഐ.എസ്. ആറിനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.