ക്രിസ്തുസ്നേഹം പങ്കുവച്ച് മോഹിനി

മലയാള സിനിമയിലെ ശാലീനസുന്ദരിയായ നടി മോഹിനിയിപ്പോള്‍ ക്രിസ്തുസ്നേഹത്തിന്‍റെ പ്രചാരകയായി ജനമനസ്സുകളെ കീഴടക്കുന്നു. മോഹിനിയുടെ ടെലിവിഷന്‍ പ്രഭാഷണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാടോടി എന്ന സിനിമയിലൂടെ മലയാള മനസുകളെ കീഴ്പ്പെടുത്തിയ താരം കോയമ്പത്തൂരിലെ തമിഴ് ബ്രാഹ്മണകുടുംബത്തിലാണ് ജനിച്ചത്. മഹാലക്ഷ്മി എന്നാണ് മാതാപിതാക്കള്‍ നല്‍കിയ പേര്. സിനിമയിലെത്തിയപ്പോള്‍ മോഹിനി എന്നാക്കി. ഇപ്പോള്‍ താരം ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ എന്നാക്കി.
തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011ല്‍ കളക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹാനന്തരം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനി 2006 ല്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. അമേരിക്കന്‍ വ്യവസായിയായ ഭാരത് പോള്‍ ആണ് ഭര്‍ത്താവ്.
സിനിമയില്‍ നിന്ന് വിട്ടതോടെ രോഗിയായിമാറിയ താരം വേദപുസ്തക വായനയിലൂടെയാണ് ക്രിസ്തുസ്നേഹത്തില്‍ ആകൃഷ്ടയായത്. അമേരിക്കയിലെ സെന്‍റ് മൈക്കിള്‍ അക്കാദമിയില്‍നിന്ന് സ്പിരിച്വല്‍ വെല്‍ഫയര്‍ ആന്‍റ് ഡെലിവറന്‍സ് കൗണ്‍സിലിംഗില്‍ പഠനം പൂര്‍ത്തിയാക്കി. വാഷിങ്ങ്ടണ്ണിലെ സിയാറ്റിലില്‍ ഭര്‍ത്താവ് ഭാരത് പോള്‍ കൃഷ്ണസ്വാമിക്കും മക്കാളായ അനിരുദ്ധ് മൈക്കിള്‍ ഭാരത്, അദ്വൈത് ഗബ്രിയേല്‍ ഭാരത് എന്നിവര്‍ക്കൊപ്പമാണ് താമസം.