ക്രൈസ്തവരുടെ പൊതുവായ ആവശ്യങ്ങളില്‍ പ്രധാനമന്ത്രിക്ക് അനുകൂല സമീപനം

ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവരുടെ പൊതുവായ എല്ലാ ആവശ്യങ്ങളിലും വളരെ അനുകൂല സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും ഉന്നയിച്ച വിഷയങ്ങളില്‍ പലതിലും പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സി.ബി.സി.ഐ. പ്രസിഡന്‍റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെ.സി.ബി.സി. പ്രസിഡന്‍റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സി.ബി.സി.ഐ. മുന്‍ പ്രസിഡന്‍റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ എന്നിവര്‍ പറഞ്ഞു. കൂടിക്കാഴ്ച വളരെ സൗഹാര്‍ദ പരവും ഹൃദ്യവും ക്രിയാത്മകവുമായിരുന്നുവെന്നു മൂവരും അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു സാധ്യത തെളിയുന്നതായും മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്രയും വേഗം വഴിയൊരുക്കണമെന്ന ആവശ്യത്തോടു വളരെ ക്രിയാത്മകമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങള്‍ക്കായി ഇത്തരമൊരു വിശദമായ ചര്‍ച്ചയ്ക്കു ക്ഷണിച്ച പ്രധാനമന്ത്രിക്കും ചര്‍ച്ചയ്ക്കായി മുന്‍കൈയെടുത്ത മിസോറാം ഗവണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കും കര്‍ദിനാള്‍മാര്‍ നന്ദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയില്‍ ഇന്നലെ രാവിലെ 11.15ന് കത്തോലിക്കാസഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറിലേറെ നീണ്ടു.
രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായി കത്തോലിക്കാസഭ നടത്തിവരുന്ന സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മാത്രം കാരിത്താസ് ഇന്ത്യുടെ ആഭിമുഖ്യത്തില്‍ 152 കോടി രൂപയുടെ സഹായങ്ങള്‍ കത്തോലിക്കാ സഭ ഇന്ത്യയില്‍ നടത്തിയെന്നു കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സഭ എപ്പോഴും പാവങ്ങളോടൊപ്പമുണ്ടാകും. രാജ്യത്തിനു സഭ നല്‍കിവരുന്ന സേവനങ്ങള്‍ തുടരുമെന്നും മൂവരും ഉറപ്പു നല്‍കി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചു വളരെ അനുകൂല പ്രതികരണമാണു പ്രധാനമന്ത്രി നല്‍കിയതെന്ന് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളും സുരക്ഷകാര്യങ്ങളും മറ്റും കണക്കിലെടുത്തു യോജിച്ച തീയതി കണ്ടെത്തേണ്ടതുണ്ട്. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍റെ ഇന്ത്യാ സന്ദര്‍ശനമെന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ ആഗ്രഹം സഫലമാകുമെന്നു പ്രതീക്ഷിക്കുന്നതായി മൂവരും വ്യക്തമാക്കി.