ക്രൈസ്തവര്‍ മോദി അനുകൂല നിലപാടിലേക്കെന്ന് കെ. സുരേന്ദ്രന്‍

പത്തനംതിട്ട:സംസ്ഥാനത്ത് ക്രൈസ്തവര്‍ മോദി അനുകൂല നിലപാടിലേക്ക് വരുന്നത് എന്‍.ഡി.എ യുടെ മുന്നേറ്റത്തിന് കാരണമാകുമെന്ന് ബി.ജെ. പി.സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനനയം എല്ലാ ജനവിഭാഗത്തെയും ബി.ജൈ.പി യോട് അടുപ്പിച്ചു. മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്താന്‍ ഇത്തവണ ഇടത്- വലത് മുന്നണികള്‍ക്ക് കഴിയാത്തത് മോദിയുടെ ജനപ്രിയ പദ്ധതികള്‍ കാരണമാണെന്നും മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഇത്തവണ തെരഞ്ഞടുപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കുക എന്‍. ഡി. എ ആയിരിക്കും. ഭൂരിഭാഗം ജില്ലകളിലും എല്‍.ഡി.എഫുമായിട്ടും ചുരുക്കം ജില്ലകളില്‍ യു.ഡി.എഫുമായിട്ടും ആണ് എന്‍.ഡി.എ. യുടെ മത്സരം.
ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നുറപ്പുള്ള സ്ഥലങ്ങളില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് ഐക്യം നിലവില്‍വന്നു കഴിഞ്ഞു. ആദ്യമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി ആരോപണം നേരിടുന്നത്. സി.എം. രവീന്ദ്രനെ ആശുപത്രിയില്‍ കിടത്തുന്നത് മുഖ്യമന്ത്രിയുടെ പാഴ്ശ്രമമാണ്. കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നത് കണ്‍സള്‍ട്ടന്‍സി അടിച്ചു മാറ്റാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.