ജീവിതം ഒരു സങ്കീര്‍ത്തനം പോലെ

ജെ. സി. ദേവ്
“പിന്നെ അവന്‍ അവരോട്, ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞവാക്ക്, മോശയുടെ ന്യായപ്രാമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നത് ഒക്കേയും നിവൃത്തിയാകേണം…” (ലൂക്കോ. 24:44) . മോശയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എന്നതു പോലെ സങ്കീര്‍ത്തനങ്ങളിലും ക്രിസ്തുവിനെക്കുറിച്ച് എഴുതിയിരിക്കുന്നു. ആ പ്രവചനങ്ങള്‍ ചരിത്രത്തിന്‍റെ ഭാഗമായി മാറുന്നു.
എമ്മവൂസിലേക്കുള്ള വഴിയില്‍ ശിഷ്യന്മാരോടെപ്പം ക്രിസ്തുവും ചേര്‍ന്നു നടന്നു. പക്ഷേ, ഉയിര്‍ത്തേഴുന്നേറ്റ് തങ്ങളോടൊപ്പം നടക്കുന്നത് ക്രിസ്തുവാണെന്ന് അവര്‍ക്കു തിരിച്ചറിയാനായില്ല. ആ വഴിയാത്രയ്ക്കിടയിലെ സംഭാഷണത്തില്‍ ക്രിസ്തുവും പങ്കുചേര്‍ന്നു. അവിടുന്ന് തിരുവെഴുത്തുകളെ തെളിയിച്ചപ്പോള്‍ ശിഷ്യന്മാരുടെ ഹൃദയം ഉള്ളില്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. അല്‍പം വൈകിയെങ്കിലും അവര്‍ അവരുടെ ആത്മനാഥനെ തിരിച്ചറിഞ്ഞു. എമ്മവൂസിലേക്കുള്ള വഴിയില്‍ അവരനുഭവിച്ച ക്രിസ്തുസാന്നിധ്യം വിസ്മരിക്കാനാവാത്തതായി മാറി. ധൈര്യവും ആത്മീയ ആവേശവും പ്രതീക്ഷയും പകര്‍ന്ന ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സാമീപ്യം. അതവരുടെ ഹൃദയത്തില്‍ ചൂടുള്ള സ്വര്‍ഗീയ അനുഭവമായി, സ്വകാര്യ നിധിയായി സൂക്ഷിക്കപ്പെട്ടു.
150 സങ്കീര്‍ത്തനങ്ങള്‍ ബൈബിളിലുണ്ട്. യിസ്രായേല്‍സമൂഹത്തിന് സങ്കീര്‍ത്തനങ്ങളുമായി ഒരാത്മബന്ധമുണ്ട്. സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച് അവര്‍ ഹൃദയം കൊണ്ട് തൊട്ടറിയുന്നു. സങ്കീര്‍ത്തനങ്ങള്‍ക്ക് അവര്‍ നല്‍കിയ പേര് “സെഷെര്‍ തേഹില്ലിം” എന്നാണ്. ഈ ഹീബ്രുവാക്കിന് “സ്തോത്രങ്ങളുടെ ഗ്രന്ഥം” എന്നര്‍ത്ഥം. ഹീബ്രുകാനോനില്‍ ‘കെത്തുബിം’ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളില്‍ (ലിഖിതങ്ങള്‍ ) പ്രഥമസ്ഥാനത്താണ്. സങ്കീര്‍ത്തനങ്ങള്‍ വരുന്നത്. യിസ്രായേലിന്‍റെ മതപരമായ കീര്‍ത്തനങ്ങളില്‍ (ഷീര്‍) സങ്കീര്‍ത്തനങ്ങള്‍ക്ക് സുപ്രഥാനമായ സ്ഥാനമാണള്ളത്. പില്‍ക്കാലത്ത് യഹൂദന്മാര്‍ക്കിടയില്‍ തെഹില്ലാ, തേഫില്ലോത്ത് എന്നീ പേരുകളില്‍ സങ്കീര്‍ത്തനങ്ങള്‍ അറിയപ്പെട്ടു. സങ്കീര്‍ത്തനങ്ങള്‍ക്ക് പൊതുവായി സ്വീകരിച്ച പേരാണ് “മിസ്മോര്‍” എന്നത്. അമ്പതിലേറെ സങ്കീര്‍ത്തനങ്ങളില്‍ ഈ സംജ്ഞ തലവാചകമായി ഉപയോഗിച്ചിട്ടുണ്ട്. ആരാധനയ്ക്കുവേണ്ടി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളാണ് “മിസ്മോര്‍” എന്നപേരില്‍ അറിയപ്പെടുക. ഈ പേര് ഒരു പൊതു നാമമായി അംഗീകരിക്കയായിരുന്നു. ഗ്രീക്കുഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ‘മിസ്മോര്‍’ എന്നത് “പ്സാല്‍ മോസ്” (ജമെഹ ാീെ) ആയി. ഈ പദത്തിന്‍റെ ഇംഗ്ലീഷ് രൂപമാണ് ഇന്നു പ്രസിദ്ധമായിത്തീര്‍ന്ന ജമെഹാെ സങ്കീര്‍ത്തനസമാഹാരത്തെ പൂര്‍ണ്ണമായും സൂചിപ്പിക്കുന്നതിന് ഒരു വാദ്യോപകരണത്തിന്‍റെ പേരായ “പ്സാള്‍ത്തേരിയോന്‍” എന്ന് ഗ്രീക്കില്‍ ഉപയോഗിക്കാറുണ്ട്.
സി.എച്ച്. സ്പര്‍ജന്‍റെ ഠൃലമൗൃ്യെ ീള ഉമ്ശറ (ദാവീദിന്‍റെ ഭണ്ഡാരം ) സങ്കീര്‍ത്തനങ്ങളുടെ വിശ്വപ്രസിദ്ധമായ ഭാഷ്യമാണ്. “സങ്കീര്‍ത്തനങ്ങളുടെ സംഗീതസൗധം” രചിച്ച എ.എം. സാമുവലിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക: “പ്രസംഗികളുടെ പ്രഭുവെന്ന അപരനാമത്താല്‍ അറിയപ്പെടുന്ന സി.എച്ച്. സ്പര്‍ജന്‍ തന്‍റെ അതിബൃഹത്തായ ഠൃലമൗൃ്യെ ീള ഉമ്ശറഅഥവാ ദാവീദിന്‍റെ ഭണ്‍ഡാരം എന്നുള്ള വ്യാഖ്യാനഗ്രന്ഥത്തിന്‍റ വിവിധ വാല്യങ്ങളില്‍ സങ്കീര്‍ത്തനപ്പുസ്തകത്തെപ്പറ്റി ഭക്തിസംവര്‍ദ്ധകവും വിജ്ഞാനപ്രകാശിതവുമായി എഴുതി സംക്ഷേപിക്കുമ്പോള്‍ ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്: ദാവീദിന്‍റെ ഭണ്ഡാരത്തില്‍ നിന്നും ഞാന്‍ വിടവാങ്ങുന്നത് സ്വല്‍പം ദുഃഖലാഞ്ഛയോടുകൂടിയാണ്. ഈ ഭൂമിയില്‍ ഈ ഗ്രന്ഥത്തിനു തുല്യമായി ഇത്രയും കെങ്കേമമായ ഒരു സംഭരണശാല ഞാന്‍ കണ്ടിട്ടില്ല. ദാവീദിനോടുകൂടെ ധ്യാനിക്കുന്നതിനും ദുഃഖിക്കുന്നതിനും സന്തോഷിക്കുന്നതിനും വിശ്വസിക്കുന്നതിനും എനിക്കുണ്ടായ ദിവസങ്ങള്‍ ഭാഗ്യപൂര്‍ണ്ണങ്ങളായിരുന്നു. സ്വര്‍ഗ്ഗവാതിലിന്‍റെ ഇപ്പുറത്ത് ഇതിനേക്കാള്‍ സന്തോഷകരമായ മണിക്കൂറുകള്‍ എനിക്കു വേറെ ലഭിക്കുമോ? തീര്‍ച്ചയായും മഹാപ്രസംഗകനായ സി.എച്ച്. സ്പര്‍ജന്‍ വിശ്വാസത്തിന്‍റെ ചിറകുകള്‍ ധരിച്ച് ദിവ്യാനുഭവങ്ങുടെ അന്തരീക്ഷത്തില്‍ പറന്നിരുന്ന ദിനങ്ങളായിരുന്നു സങ്കീര്‍ത്തനപ്പുസ്തകത്തില്‍ കൂടിയുള്ള തന്‍റെ വിഹാരത്തില്‍ കണ്ടെത്തിയത്” (പേജ് 18). അതേ, ഇതാണ് “സങ്കീര്‍ത്തനങ്ങള്‍ “.
ബൈബിളിന്‍റെ ഹൃദയഭാഗത്താണ് സങ്കീര്‍ത്തനങ്ങളുടെ സ്ഥാനം. സങ്കീര്‍ത്തനങ്ങളിലൂടെ ദൈവം മനുഷ്യന്‍റെ ഹൃദയത്തോടു സംസാരിക്കുന്നു. അതറിയുവാന്‍ വിശ്വാസികളുടെ കൈവശമുള്ള ബൈബിള്‍ വാങ്ങി പരിശോധിച്ചാല്‍ മതി. അവര്‍ ഏറ്റവും കൂടുതല്‍ വായിച്ചത് സങ്കീര്‍ത്തനങ്ങളാണെന്നു കാണാം. വിരല്‍പ്പാടുകള്‍ ഏറെ തെളിഞ്ഞു കിടക്കുന്ന പുസ്തകത്താളുകള്‍ ദൈവീകസ്പര്‍ശത്തിന്‍റെ മുദ്രകളായി അവ അവശേഷിക്കുന്നു. ഞാന്‍ ഉപയോഗിക്കുന്ന ബൈബിളിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. എമ്മവൂസിലേക്കുപോയ ക്രിസ്തുശിഷ്യന്മാര്‍ക്ക് വഴിയിലുണ്ടായ അനുഭവമാണ്, ഇന്ന് ഈ മരുഭൂയാത്രയില്‍ ക്രിസ്തുവിശ്വാസികളായ നമുക്കും ഉണ്ടാകേണ്ടത്. സങ്കീര്‍ത്തനങ്ങള്‍ വായിച്ചു ധ്യാനിക്കുമ്പോള്‍, സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച് ആരാധിക്കുമ്പോള്‍, സങ്കീര്‍ത്തനങ്ങളിലെ ആത്മീയതയോടും വിശുദ്ധിയോടും താദാത്മ്യം പ്രാപിക്കുമ്പോള്‍ സങ്കീര്‍ത്തനങ്ങളില്‍ എഴുതപ്പെട്ട ക്രിസ്തു ഇന്ന് നമ്മോടുകൂടെ ചേര്‍ന്നുനടക്കുന്നത് ഒരു യഥാര്‍ത്ഥ അനുഭവമാകും. “ആകാശം ചായിച്ചിറങ്ങി…ഉയരത്തില്‍ നിന്നും കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍ നിന്നെന്നെ വലിച്ചെടുത്തു…” ” യഹോവ എന്‍റെ ഇടയനാകുന്നു…” ജീവിക്കുന്ന ദൈവത്തിന്‍റെ, പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ സഖിത്വമാണ് ഇവിടെ അനുഭവപ്പെടുക. ഒരു യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിയുടെ ദൈവാവബോധവും കൂട്ടായ്മയുടെ മനോഹാരിതയും ജീവിതദര്‍ശനവും 23-ാം സങ്കീര്‍ത്തനം വെളിപ്പെടുത്തുന്നു. നീതിക്കും സത്യത്തിനും ധാര്‍മികതയ്ക്കും വേണ്ടി നിലകൊള്ളുന്ന, ആദര്‍ശാധിഷ്ഠിതമായ ക്രൈസ്തവജീവിതം നയിക്കുന്ന ഒരു വിശ്വാസിയുടെ വിശുദ്ധിയുടെ കരുത്തു കാണുക 15-ാം സങ്കീര്‍ത്തനത്തിന്‍റെ പ്രായോഗികതയിലാണ്. സങ്കീര്‍ത്തനങ്ങളില്‍ നിന്നും പുതിയൊരു ക്രൈസ്തവ മാനവികതയുടെ സന്ദേശം ഉള്‍ക്കൊണ്ട്, ഇന്ന് ലോകം അന്വേഷിച്ചലയുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനിയെ ചൂണ്ടിക്കാണിക്കുവാന്‍, ക്രിസ്തുവിന്‍റെ വരവടുത്ത ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന വിശ്വാസികളായ നമുക്കു സാധിക്കണം. സങ്കീര്‍ത്തനങ്ങള്‍ അതിനു നമുക്കു മാര്‍ഗരേഖയായി ഉപകരിക്കട്ടെ.
“ഒരു സങ്കീര്‍ത്തനം പോലെ “- ആ വാചകം ഇന്ന് കൂടുതല്‍ ജനകീയമായി തീര്‍ന്നിട്ടുണ്ട്. സങ്കീര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്ന പരിശുദ്ധി, ദിശാബോധം, ആരാധന, സമര്‍പ്പണം, ആദര്‍ശം ഇവ ജീവിതദര്‍ശനമാക്കി മാറ്റി ഒരു സങ്കീര്‍ത്തനം പോലെ നമ്മുടെ ജീവിതത്തെ നമുക്കു ചിട്ടപ്പെടുത്താം. യഹോവയ്ക്ക് വിശുദ്ധിയുടെ സംഗീതം ആലപിക്കുന്ന സ്തോത്രഗീതങ്ങള്‍ ഉയരുന്ന ഒരു സംഗീതോപകരണമായി – പ്സാള്‍ത്തേരിയോന്‍- ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി നമുക്കു നമ്മുടെ ജീവിതത്തെ സമര്‍പ്പിക്കാം. ഒരു സങ്കീര്‍ത്തനം വായിച്ചാലുണ്ടാകുന്ന ആശ്വാസത്തിന്‍റെ, ആവേശത്തിന്‍റെ, ധൈര്യത്തിന്‍റെ, തണുപ്പിന്‍റെ അനുഭവം നമ്മുടെ വാക്കിലൂടെ, സമീപനത്തിലൂടെ, പെരുമാറ്റത്തിലൂടെ മറ്റുള്ളവര്‍ക്ക് അനുഭവപ്പെടട്ടെ.