ട്രംപിനെതിരേ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്‍റുമാര്‍

അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനുനേരേയുണ്ടായ ആക്രമണത്തെ അമേരിക്കന്‍ മുന്‍ പ്രസിഡന്‍റുമാര്‍ ശക്തിയായി അപലപിച്ചു. ആക്രമണത്തിനു പ്രേരിപ്പിച്ചതിന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരേ മുന്‍ പ്രസിഡന്‍റുമാരായ ബറാക്ക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്‍റണ്‍, ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ ആഞ്ഞടിക്കുകയായിരുന്നു.
“കാപ്പിറ്റോളിലെ ഇന്നത്തെ അക്രമത്തെ ചരിത്രം ശരിയായി ഓര്‍ക്കും” എന്നാണ് ഒബാമ പ്രസ്താവനയില്‍ പറഞ്ഞത്. നിയമപരമായ ഒരു തെരഞ്ഞുടുപ്പിന്‍റെ ഫലത്തെക്കുറിച്ച് അടിസ്ഥാനരഹിതമായി നുണപറയുന്നത്, നമ്മുടെ രാജ്യത്തിന് വലിയ അപമാനത്തിന്‍റെയും ലജ്ജയുടെയും നിമിഷമായെന്നും അദ്ദേഹം പറഞ്ഞു. നിയമ വാഴ്ചയെ പിന്തുണയ്ക്കുക എന്നത് ഓരോ പൗരന്‍റെയും കടമയാണെന്നും ഒബാമ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശരായവര്‍ രാഷ്ട്രീയത്തേക്കാള്‍ പ്രധാനമാണ് നമ്മുടെ രാജ്യമെന്ന് ഓര്‍മ്മിക്കണമെന്നായിരുന്നു ജോര്‍ജ് ഡബ്ലു. ബുഷിന്‍റെ പ്രതികരണം. ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ അവരുടെ കടമകള്‍ നിറവേറ്റുകയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ കാപ്പിറ്റോളിനും നമ്മുടെ ഭരണഘടനയ്ക്കും നമ്മുടെ രാജ്യത്തിനുമെതിരായ അഭൂതപൂര്‍വ്വമായ ആക്രമണ” മെന്നായിരുന്നു ക്ലിന്‍റണ്‍ പ്രതികരിച്ചത്. നാലുവര്‍ഷത്തിലേറെ നീണ്ട ‘വിഷരാഷ്ട്രീയം’ മനഃപൂര്‍വ്വമായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും അവിശ്വാസം വിതയ്ക്കുകയും ചെയ്തു. അക്രമത്തെ ജനങ്ങള്‍ നിരസിക്കണം, ഒരുമിച്ചു മുന്നോട്ടുപോകുകയും വേണം- നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുക, ജനങ്ങളുടെ സര്‍ക്കാരിനോടും ജനങ്ങളോടും പ്രതിജ്ഞാ ബദ്ധരായി തുടരുക എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ അടിത്തറയാണ് ആഭ്യന്തര തീവ്രവാദികള്‍ ആക്രമിച്ചതെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ പറഞ്ഞു.
മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജെബ് ബുഷ് കാപ്പിറ്റോളില്‍ നടന്നത് വെറുപ്പുളവാക്കുന്ന സംഭവങ്ങളാണെന്നും ട്രംപ് പ്രകോപിപ്പിച്ചുവെന്നും ആരോപിച്ചു. ” അദ്ദേഹം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. മിസ്റ്റര്‍ പ്രസിഡന്‍റ്, നിങ്ങളുടെ തോല്‍വി അംഗീകരിക്കുക” എന്നും ജെബ് ബുഷ് പറഞ്ഞു.