
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംബ് വൈറ്റ് ഹൗസിന്‍റെ പടികളിറങ്ങുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹത്തിന്‍റെ ഇലക്ഷന്‍ തന്ത്രങ്ങള്‍ മെനഞ്ഞ സംഘത്തിലെ മലയാളി സാന്നിദ്ധ്യമായിരുന്ന സ്റ്റാന്‍ലി ജോര്‍ജ് ഇലക്ഷന്‍ കാമ്പയില്‍ തിരക്കുകള്‍ക്കെല്ലാം അവധി നല്‍കി തിരുവനന്തപുരത്തെ വീട്ടില്‍ പുസ്തകരചനയിലാണ്. ട്രംമ്പ് പരാജയപ്പെട്ടുവെങ്കിലും പരാജയം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അംഗീകരിക്കാന്‍ ട്രംബ് ക്യാമ്പിലെ ഈ മലയാളിക്കാകുന്നില്ല. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്‍റെ വിധി എന്താകുമെന്ന് കാത്തിരിക്കുകയാണ് ട്രംബ് അനുയായികളെപ്പോലെ ഇദ്ദേഹവും. അമേരിക്കന്‍ പൊളിട്ടിക്കല്‍ സ്ട്രാറ്റജിസ്റ്റായ സ്റ്റാന്‍ലി ജോര്‍ജിന് ഈ പ്രാവശ്യത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് പകര്‍ന്നു നല്‍കിയത് ഒരുപാട് പാഠങ്ങളും പാഠഭേദങ്ങളുമാണ്. പ്രഗല്‍ഭരായ ധാരാളമാളുകളോടൊപ്പം ടീമായി പ്രവര്‍ത്തിക്കാനായതിലുള്ള സന്തോഷം അദ്ദേഹത്തിനുണ്ട്. അമേരിക്കന്‍ സഭകള്‍ക്ക് പ്രിയങ്കരനായ ട്രംമ്പ് പരാജയപ്പെട്ടത് എങ്ങനെയാണെന്ന് വിശകലനം ചെയ്യുകയാണ് സ്റ്റാന്‍ലി ജോര്‍ജ്. ട്രംമ്പിന്‍റെ വിജയത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും ഉപവാസവുമൊക്കെ നടത്തിയ മലയാളികള്‍പോലുമുണ്ട്. ഭരണതുടര്‍ച്ച ഉറപ്പെന്ന് പലരും കരുതിയെങ്കിലും ബൈഡന്‍ക്യാമ്പിന്‍റെ നീക്കങ്ങളില്‍ അടിതെറ്റി വീഴുകയായിരുന്നു ട്രംമ്പ്.
മതവുമായി കൂട്ടിക്കുഴച്ചുള്ള പ്രചരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയെന്ന പ്രചരണം തെറ്റാണെന്ന് സ്റ്റാന്‍ലി ജോര്‍ജ് പറയുന്നു. “തങ്ങള്‍ വിശ്വസിക്കുന്ന സത്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ആളിനെ പിന്‍തുണയ്ക്കുക എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. അത് ട്രംമ്പിന്‍റെ കാര്യത്തിലുമുണ്ടായിട്ടുണ്ട്. ക്രൈസ്തവ മൂല്യങ്ങള്‍ മാത്രമല്ല ജനാധിപത്യമൂല്യങ്ങളും രാഷ്ട്രത്തിന്‍റെ സുരക്ഷിതത്വവും ഒക്കെ സംരക്ഷിക്കാന്‍ ട്രംമ്പ് നടത്തിയ ശ്രമങ്ങള്‍ ആളുകള്‍ അംഗീകരിച്ചു എന്നു മാത്രം . ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസിഡന്‍റ് എന്നനിലയില്‍ ക്രൈസ്തവ സമൂഹത്തിന്‍റെ വലിയ പിന്തുണ അദ്ദേഹത്തിന് കിട്ടി എന്നതാണ് വാസ്തവം. ഇത് ട്രംമ്പ് ക്യാമ്പയിന്‍റെ നയങ്ങളുടെ ഭാഗമല്ല ” .
അമേരിക്കയിലെ മുതിര്‍ന്ന രാഷ്ട്രീയ തന്ത്രജ്ഞാനായ എഡ്റോളിങ്ങ്സിന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സ്റ്റാന്‍ലി ജോര്‍ജ് ഇലക്ഷന്‍ ക്യാമ്പയിനിടയില്‍ ട്രംമ്പിന്‍റെ മരുമകന്‍ ഉള്‍പ്പെടെ ട്രംമ്പ്കുടുംബവുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തി. ഇത്തരം ധാരാളം അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം രചിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സ്റ്റാന്‍ലി ജോര്‍ജ്.