ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയുണ്ടെങ്കിലും നാം പലപ്പോഴും തനിച്ചാകാറുണ്ട്. കൂട്ടച്ചിരികളില്‍ പങ്കുചേരുമ്പോഴും, സംഘം ചേര്‍ന്ന് പാടി ആനന്ദിക്കുമ്പോഴും ഏകാന്തതയുടെ തുരുത്തുകള്‍ നാമറിയാതെ തേടുന്നു. മുഖം വികൃതമാകാതെ സൂക്ഷിക്കുവാന്‍ ഏറെപാടുപെടുകയാണ് പലരും. യഥാര്‍ത്ഥ സ്വഭാവം ഒളിപ്പിച്ച് സമൂഹംആഗ്രഹിക്കുന്ന രീതികളില്‍ അഭിനയിച്ചു വിജയിക്കുകയാണ് ഒട്ടുമിക്കവരും.
വീട്ടിലും നാട്ടിലുമെല്ലാം നമ്മെ സഹായിക്കാനും കൂട്ടുചേരാനും എത്രയെത്ര ആളുകളാണുള്ളത്. നമ്മുടെ സാമീപ്യവും, ഇടപെടലുകളുമെല്ലാം അനിവാര്യമെന്ന് പലരും നമ്മെ ബോധ്യപ്പെടുത്താറുണ്ട്. സ്നേഹവും, ആര്‍ദ്രതയും, പിണക്കവും എല്ലാം കൂടിച്ചേര്‍ന്ന് ഇടപാടുകളില്‍ സമൂഹത്തിലെ അവശ്യഘടകമാണ് നാമെന്ന് സ്വയം ഉറപ്പിക്കുന്നു. നമ്മുടെ അസാന്നിദ്ധ്യം സമൂഹത്തിന്‍റെ നഷ്ടമായി നാം കരുതുന്നു. നമുക്കു ചെയ്യാവുന്നകാര്യങ്ങള്‍ നമുക്കു മാത്രമേ ചെയ്യാനാകൂ എന്നു നാം ധരിക്കുന്നു. ഒരു വിളിപ്പാടകലെ സഹായത്തിനാളുകളുള്ളവരാകാം നാം. ഇഷ്ടങ്ങള്‍ പലതും നിറവേറ്റാന്‍ ധാരാളമാളുകള്‍ തയ്യാറായിട്ടുമുണ്ടാകാം. അല്ലലില്ലാതെ ജീവിക്കാനുതകുന്ന സാഹചര്യങ്ങള്‍ വളരെയധികമുണ്ടാകാം. പക്ഷേ, ആത്യന്തികമായി നമുക്കാരാണുള്ളത്. ആരുടെ സഹായങ്ങളാണ് എന്നെന്നും നിലനില്‍ക്കുന്നത്. ജീവിത നിമിഷങ്ങളിലെല്ലാം തുണയായി ഉണ്ടാകുമെന്നു പറഞ്ഞ എത്രപേര്‍ക്കാണ് വാക്കു പാലിക്കാനായത്?
നമ്മുടെ ഏറ്റവും വലിയ സഹായി ആരാണ്? നമ്മള്‍ പ്രതീക്ഷിച്ച പലരും കൈവിട്ടപ്പോള്‍ നീറുന്ന മനസുമായി സങ്കടം ഉള്ളിലൊതുക്കിയ നിമിഷങ്ങള്‍ ധാരാളമല്ലേ? എന്നും സഹായിയായി ഉണ്ടാകുമെന്നു മോഹിച്ചവര്‍ ശത്രുക്കളായി തീര്‍ന്നപ്പോള്‍ കണക്കുകൂട്ടലുകള്‍ പിഴച്ചതിലല്ല; ജീവിതത്തിന്‍റെ നിരര്‍ത്ഥകതയോര്‍ത്താണ് ഞാന്‍ വേദനിച്ചിട്ടുള്ളത്. നമ്മുടെ പ്ലാനും പദ്ധതിയുമൊന്നും സഫലമാകണമെന്നില്ല. ആശയ്ക്കു വിപരീതമായി ഭവിക്കാം. പക്ഷേ, ഒന്നിലും തളരാതെ, ജീവിതം ധൈര്യമായി നയിക്കുകയാണ് വേണ്ടത്. നമ്മുടെ ഒരല്പം തളര്‍ച്ച, സങ്കടം, കണ്ണുനീര്‍ ഇതെല്ലാം മറ്റുപലരെയും തളര്‍ത്തുന്നതാകാം. അതിനാല്‍ പതറാതെ ജീവിതതടസങ്ങളെ നേരിടാന്‍ തയ്യാറാകാം. ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുത്തരുത്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്നു ചിന്തിക്കണം. ഏറെനാള്‍ ക്ലേശങ്ങള്‍ സഹിക്കാന്‍ ദൈവം അനുവദിക്കില്ലെന്നു വിശ്വസിക്കണം. അല്ല; ക്ലേശങ്ങള്‍ മാത്രമാണ് ജീവിതത്തില്‍ ഉണ്ടാകുന്നതെങ്കിലും അതും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. കൂരിരുള്‍ താഴ്വരകള്‍ ജീവിതത്തിലുണ്ടാകാം. പക്ഷേ ഒരനര്‍ത്ഥവും ഭവിക്കാതെ നമ്മെ സൂക്ഷിക്കാന്‍ ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. പരിപാലകനായ ദൈവം നമ്മുടെകൂടെ നടക്കുന്നുണ്ട്.
പലപ്പോഴും നമുക്കു നാം തന്നെയാണ് ആശ്രയമെന്നു തോന്നാറുണ്ട്. സഹോദരങ്ങളും ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം അകന്നുപോയെന്നു വരാം. പക്ഷേ ഹൃദയവിചാരങ്ങള്‍നന്നായി അറിയുന്ന ദൈവം ഒരു ദോഷവും ഭവിക്കാതെ നമ്മെ കാത്തു പാലിക്കുന്നില്ലേ? ബാലശിക്ഷനല്‍കുന്ന മാതാപിതാക്കളെപ്പോലെ ദൈവം നമ്മെ ലഘുവായി ക്ലേശിപ്പിക്കാം. പക്ഷേ ആത്യന്തിക നന്മയ്ക്കായി അതു രൂപാന്തരപ്പെടുത്താന്‍ ദൈവത്തിനു കഴിയുമെന്നകാര്യം മറക്കരുത്.
നമ്മുടെ വ്യസനം തൂക്കിനോക്കിയാലത് കടല്‍പ്പുറത്തെ മണലിനേക്കാള്‍ ഭാരമുള്ളതാകാം. നമ്മുടെ വിപത്തു സ്വരൂപിച്ചു തുലാസില്‍ വച്ചാല്‍ അതു ഹിമാലയത്തേക്കാള്‍ ഘനമേറിയതാകാം. എങ്കിലും നമുക്കു സ്വസ്ഥത നല്‍കാന്‍ ദൈവത്തിനു കഴിയും.
ഏകാന്തതയ്ക്കൊരു ചന്തമുണ്ട്. അത് ദു:ഖത്തിന്‍റെയും സന്തോഷത്തിന്‍റേതുമാക്കി മാറ്റുന്നത് നാം തന്നെയാണ്. വിലാപങ്ങളെ നൃത്തമാക്കാനും, മാറായെ മധുരമാക്കാനും നമുക്കാകും. കാരണം നമ്മുടെ ചിന്താഗതികളാണ് നമ്മുടെ ജീവിതഗതിയെ മാറ്റി മറിക്കുന്നത്. നാം തിരഞ്ഞെടുക്കുന്ന വഴികളില്‍ ദൈവത്തിന്‍റെ കാല്‍പ്പെരുമാറ്റം കേള്‍ക്കാനാകുന്നുണ്ടെങ്കില്‍ അതാണ് ശരിയായ പന്ഥാവ്. നമ്മുടെ സുഹൃത്തുക്കളും പൂര്‍വ്വികരും യാത്ര ചെയ്തവഴികളല്ല അതെങ്കില്‍പോലും ധൈര്യമായി യാത്ര തുടരുക. നമ്മുടെ മന:സാക്ഷിയാണ് നമ്മെ ന്യായം വിധിക്കുന്നത്. ജീവിതത്തില്‍ പുതുവഴികള്‍ തേടുമ്പോള്‍ ഒരു കാര്യമോര്‍ക്കുക; ക്ലേശങ്ങള്‍ വഴിനീളെ ഉണ്ടാകാം. പക്ഷേ ആനന്ദാനുഭൂതികളിലേക്ക് അവയെ എത്തിക്കാന്‍ ദൈവത്തെ കൂടെ കൂട്ടിയാല്‍ മതി.
.