തമിഴ്നാട് സര്‍ക്കാര്‍ ക്രൈസ്തവ തീര്‍ത്ഥാടകരുടെ ധനസഹായം വര്‍ദ്ധിപ്പിച്ചു

ചെന്നൈ: പ്രധാന ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ നല്‍കിവരുന്ന ഗ്രാന്‍റ് ഇരുപതിനായിരത്തില്‍ നിന്നും മുപ്പത്തിഏഴായിരമായി ഉയര്‍ത്തിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ക്രിസ്മസിനു മുന്നോടിയായി ചെന്നൈയില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജെറുസലേം, ബേദ്ലഹേം, നസ്രത്ത്, ജോര്‍ദ്ദാന്‍ എന്നീ സ്ഥലങ്ങളിലൂടെയുള്ള പത്തുദിവസത്തെ തീര്‍ത്ഥാടനത്തിന് ആഗ്രഹമുള്ളവരില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു.
തമിഴ്നാടിനു പുറമെ ആന്ധ്രാ പ്രദേശും ഇത്തരം തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ക്രൈസ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്. വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് അറുപതിനായിരം രൂപയും മൂന്നുലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് മൂപ്പതിനായിരം രൂപയുമാണ് ആന്ധ്രാ സര്‍ക്കാരിന്‍റെ ധനസഹായം.