നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കൊണ്ടുവന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഹര്‍ജികളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഢ്, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.
അതേസമയം, നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയുന്നതിനുള്ള 2020 ലെ ഓര്‍ഡിനന്‍സ് , ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് വിശാല്‍ താക്കറേ, ടീസ്റ്റ സെതല്‍വാദ്, എന്‍ജിഒ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ പരിഗണിക്കുന്നുണ്ടെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതിനെതുടര്‍ന്ന്, ഹൈക്കോടതി ആദ്യം കേസ് പരിഗണിക്കട്ടെയെന്ന നിലപാട് ആദ്യം കോടതി സ്വീകരിച്ചു.
എന്നാല്‍, വിവിധ സംസ്ഥാനങ്ങള്‍ സമാനമായ നിയമം കൊണ്ടുവരുന്നുണ്ടെന്നും അതിനാല്‍ കേസ് പരമോന്നത കോടതി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.യു. സിംഗ് ആവശ്യപ്പെട്ടു. ഈ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ പൗരന്മാരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതും ഭയം ജനിപ്പിക്കന്നതുമാണ്.
വിവാഹം കഴിക്കുന്നതിനു സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നു നിയമത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ഹര്‍ജി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
രണ്ട് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി, നാലാഴ്ചക്കകം മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.