‘നീ എന്‍റെ ഓഹരി നാഥാ . . .’

ക്രൈസ്തവ സംഗീതത്തിന്‍റെ ചാരുതയും മാധുര്യവും ജനകീയമാക്കിയ സംഗീത വിഭാഗമാണ് ഹാര്‍ട്ട് ബീറ്റ്സ്. ഇന്ത്യാ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്‍റെ ഈ ദേശീയ വിഭാഗത്തിന്‍റെ പ്രധാന ഗായകനായിരുന്ന മാത്യു ജോണ്‍ മലയാളികളുടെ പ്രിയഗായകനാണ്. മാസ്റ്റേഴ്സ് വോയ്സ് എന്ന ക്രൈസ്തവ സംഗീത ടീമിനു നേതൃത്വം നല്‍കുന്ന അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലുകള്‍ പങ്കുവയ്ക്കുന്നു.

ശ്രുതിമധുരമായ സംഗീതം പോലെ സുഖകരമാകണമെന്നില്ല ആ ഗാനമാലപിക്കുന്ന ഗായകന്‍റെ ജീവിതം. കണ്ഠമിടറി, അപശ്രുതി ഉതിര്‍ന്ന്, അസുഖകരമായ ഒരുപാട് വഴികളിലൂടെയുള്ള സഞ്ചാരംകൂടിയാണ് സാധാരണക്കാരനായ ഒരു ഗായകന്‍റേത്. വേദികളില്‍ നിറഞ്ഞു നിന്ന് പാടിത്തിമിര്‍ക്കുമ്പോഴും ഉള്ളില്‍ പ്രശ്നങ്ങളുടെ ഉമിത്തീ എരിയുന്നുണ്ടാകാം. എന്‍റെ ജീവിതവഴികള്‍ ശുഭകരങ്ങളായ മുഹൂര്‍ത്തങ്ങള്‍മാത്രം കോര്‍ത്തിണക്കിയ സുന്ദരമായ ഒരു ജീവിതമല്ലായിരുന്നു. പുറമെ നിന്നു നോക്കുന്നവര്‍ക്ക് മെച്ചമായ ജീവിതമെന്നു തോന്നിയിരുന്നെങ്കിലും പല അപശ്രുതികളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ആത്മീയ കാര്യങ്ങളില്‍ സജീവമായി പങ്കെടുക്കുമ്പോഴും യേശുവിനെ യഥാര്‍ത്ഥമായി മനസിലാക്കാന്‍ കഴിയാതിരുന്ന പൂര്‍വ്വകാലം എനിക്ക് ഭയത്തോടുകൂടി മാത്രമേ ഓര്‍ക്കാനാകൂ.
ഈ കുറിപ്പുകള്‍ സംഭവങ്ങളുടെ കാലക്രമത്തിലോ, അടുക്കും ചിട്ടയോടുംകൂടിയോ ഉള്ളതല്ല. അവിസ്മരണീയങ്ങളായ ചില കാര്യങ്ങള്‍ പൊടി തട്ടി എടുക്കുകയാണ്. മഹത്തായ കാര്യങ്ങള്‍ അധികമൊന്നും പറയാനില്ലെങ്കിലും ഒരു സാധാരണ ഗായകനെ ദൈവം തിരഞ്ഞെടുത്ത് വഴി നടത്തുന്ന അസാധാരണ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ. നമ്മുടെ കഴിവുകള്‍ക്കപ്പുറം നമ്മെ ഉപയോഗിക്കുന്ന ദൈവത്തെക്കുറിച്ച് പറയുന്നതോടൊപ്പം, അനര്‍ഹമായ സ്ഥാനങ്ങളില്‍ ദൈവം എന്നെ മാനപാത്രമാക്കിയതും ഞാന്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. സംഭവങ്ങള്‍ പച്ചയായി പറയുന്നതിനാല്‍ ചില വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. എന്‍റെ അനുഭവക്കുറിപ്പാകയാല്‍ ‘ഞാന്‍’ ഈ പംക്തിയില്‍ മുഴച്ചു നില്‍ക്കാം. അത് അഹംഭാവമായി കണക്കാക്കരുത്.
ഇന്ത്യാ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റില്‍ അംഗമായതിനെക്കുറിച്ച് പറഞ്ഞു തുടങ്ങാം. 1970 കളില്‍ കോട്ടയം കളക്ട്രേറ്റിനു സമീപമുള്ള ലൂര്‍ദ് പള്ളിയിലെ പ്രധാന ഗായകനായിരുന്നു ഞാന്‍. അന്ന് ഇന്ത്യാ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ കോട്ടയത്തു ശക്തമായിരുന്നു. കാമ്പസ് ക്രൂസേഡിന്‍റെ ഓഫീസ് ചാലുകുന്നിലുള്ള മുല്ലമംഗലം വീട്ടിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ധാരാളം ചരിത്ര സംഭവങ്ങള്‍ക്കു വേദിയായ ഒരു വീടാണിത്. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലയാളം ബൈബിളിന്‍റെ പരിഭാഷ ഇവിടെയാണ് നിര്‍വ്വഹിച്ചത്.
1974-75 ല്‍ കോട്ടയം ബസേലിയസ് കോളജിലെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ കേരളാ യൂണിവേഴ്സിറ്റിയുടെ സംസ്ഥാന യുവജനോല്‍സവത്തില്‍ സംഗീതത്തിന് പല സമ്മാനങ്ങളും കരസ്ഥമാക്കി. യൂണിവേഴ്സിറ്റിയിലെ ബെസ്റ്റ് സിംഗറായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ലൂര്‍ദ് പള്ളിയിലെ പാട്ടും, കലാലയ യുവജനോല്‍സവത്തിലെ പ്രകടനവും എല്ലാം കൂടിയാകാം കാമ്പസ് ക്രൂസേഡുകാരുടെ പരിപാടികളില്‍ എനിക്കും ക്ഷണം ലഭിച്ചു.
1978 ജൂലൈ 14 ന് സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളില്‍ വച്ച് കാമ്പസ് ക്രൂസേഡ് ഒരു വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിച്ചു. ഈ സമ്മേളനത്തില്‍ ഗാനങ്ങളാലപിക്കാന്‍ അവസരമുണ്ടായി. ഈ യോഗത്തില്‍ വിവിധ മതവിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
പള്ളിയിലെ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുന്ന എനിക്ക് യേശുവാരാണെന്ന് ഞാന്‍ ചിന്തിച്ചു. യോഗം കഴിഞ്ഞപ്പോള്‍ സാമുവേല്‍.കെ.മാത്യു (കാമ്പസ് ക്രൂസേഡ് കേരളാ ഡയറക്ടര്‍)വുമായി എന്‍റെ ദൈവവിശ്വാസവും യോഗത്തിലെ പ്രസംഗത്തിലവതരിപ്പിച്ച യേശുവിനെക്കുറിച്ചും സംസാരിച്ചു. എന്‍റെ ജീവിതത്തില്‍ യേശുവിന്‍റെ ഒരു പ്രവര്‍ത്തനവും ഇല്ലെന്ന് എനിക്ക് ബോധ്യമായി. കുത്തഴിഞ്ഞ ഒരു പുസ്തകംപോലെയായിരുന്നു എന്‍റെ ജീവിതം. ഒരു നിയന്ത്രണവുമില്ലാതെ എങ്ങോട്ടെന്നില്ലാതെയുള്ള യാത്രയായിരുന്നു ജീവിതം. അന്നുതന്നെ ഞാന്‍ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു.
പാട്ടുപാടി പണം കിട്ടുന്നതിനാല്‍ ആ നാളുകളില്‍ വീടുമായി അധികം ബന്ധമില്ലാതായിരുന്നു. അന്നു വൈകിട്ട് മൂവാറ്റുപുഴയില്‍ ഒരു ഗാനമേളയില്‍ പാടാന്‍ ഞാന്‍ പോയി. പക്ഷേ മനസ് നിറയെ അസ്വസ്ഥതയായിരുന്നു. അതെന്‍റെ അവസാന സെക്കുലര്‍ ഗാനമേളയായിരുന്നു. അന്നു രാത്രി 12 മണിക്ക് തിരികെ കോട്ടയത്തെത്തി. കോട്ടയം ടൗണില്‍ നിന്നും ഒരു ടാക്സിയില്‍ പാമ്പാടിക്കടുത്തുള്ള എസ്.എന്‍.പുരത്തെ എന്‍റെ വീട്ടില്‍ എത്തി. രോഗിയായ അമ്മയുമായി കുറച്ചു സമയം സംസാരിച്ചിരുന്നു.
‘ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് വേദപുസ്തകം വായിക്കണം, അതു ശക്തിപകരും’ എന്ന സാമുവേല്‍ കെ.മാത്യുവിന്‍റെ വാക്കുകളോര്‍ത്ത് വിളക്കു കത്തിച്ച് വേദപുസ്തകം വായിച്ചു തുടങ്ങി.
“യഹോവേ, നീ എന്‍റെ ഓഹരിയാകുന്നു; ഞാന്‍ നിന്‍റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന്‍ പറഞ്ഞു. പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ നിന്‍റെ കൃപെക്കായി യാചിക്കുന്നു; നിന്‍റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. ഞാന്‍ എന്‍റെ വഴികളെ വിചാരിച്ചു, എന്‍റെ കാലുകളെ നിന്‍റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. നിന്‍റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു; (സങ്കീര്‍ത്തനം 119:57-60) മുതലുള്ള ഈ വാക്യങ്ങള്‍ എന്‍റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി. മുമ്പെങ്ങും ഉണ്ടാകാത്ത മാനസിക ധൈര്യമുണ്ടായി. ഇക്കാര്യം ഞാന്‍ പിന്നീട് പല വേദികളിലും വിവരിച്ചിട്ടുണ്ട്. ആ സാക്ഷ്യം കേട്ടാണ് ‘നീ എന്‍റെ ഓഹരി നാഥാ’ . . . എന്ന ഗാനം തോമസ് ഏബ്രഹാം എഴുതിയത്. ലൂര്‍ദ് ചര്‍ച്ച് ക്വയര്‍, കാത്തലിക് യംഗ്സ്റ്റേഴ്സ് ക്ലബ് ഓര്‍ക്കസ്ട്രാ ഇവയുടെ സജീവ പ്രവര്‍ത്തകനായ ഞാന്‍ ആത്മീയമായി കൂടുതല്‍ മെച്ചമായ ജീവിതം നയിക്കാനാഗ്രഹിക്കുന്നു എന്ന് സുഹൃത്തുക്കളോടു പറഞ്ഞപ്പോള്‍ അവരെന്നെ പരിഹസിച്ചു.
ഇതിനിടയില്‍ കാമ്പസ് ക്രൂസേഡ് ഇന്‍റര്‍നാഷണലിന്‍റെ വൈസ് പ്രസിഡന്‍റ് തോമസ് ഏബ്രഹാമിന്‍റെ ഒരു കത്ത് എനിക്കു കിട്ടി. ആ കത്ത് എന്നെ ബാംഗ്ലൂരിലെത്തിച്ചു. ബാംഗ്ലൂര്‍ക്കുള്ള ട്രെയിന്‍ യാത്രയും, അവിടുത്തെ താമസവുമെല്ലാം അവിസ്മരണീയമാണ്. ട്രെയിന്‍ യാത്രയില്‍ എന്‍റെ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച തിരുരൂപങ്ങള്‍ വഴുതിവീണ് നഷ്ടമായത്, ഒരു നിമിത്തമായിരുന്നു.