കൊച്ചി: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്‍റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു നാലുമാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍ 25നു സര്‍ക്കാരിനു നല്‍കിയ നിവേദനം പരിഗണിച്ചില്ലെന്നു വ്യക്തമാക്കി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവ്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് മുസ്ലിംകള്‍ 26.56 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ 0.34 ശതമാനവുമാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളുടെ 40.9 ശതമാനത്തിന് അര്‍ഹതയുണ്ട്.എന്നാല്‍ 80: 20 എന്ന തോതിലാണ് മുസ്ലിം വിഭാഗത്തിനും മറ്റുള്ളവര്‍ക്കുമായി ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലുള്ള 17 സെന്‍ററുകളില്‍ 16 എണ്ണവും 28 സബ് സെന്‍ററുകളില്‍ മുഴുവനും മുസ്ലിം വിഭാഗത്തിനു കീഴിലുള്ള ഓര്‍ഗനൈസേഷനുകളുമായി ബന്ധപ്പെട്ടാണുള്ളത് . ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അധികാര ദുര്‍വിനിയോഗം നടത്തിയാണ് ആനുകൂല്യങ്ങളും പദ്ധതികളും ഒരു വിഭാഗത്തിനു മാത്രം കൂടുതല്‍ നല്‍കുന്നതെന്നും ഇതു ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ളവരോടുളള അനീതിയാണെന്നും ഹര്‍ജിയില്‍ കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്‍റ് അഡ്വ. പി.പി. ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.
2014 ല്‍ നിലവില്‍വന്ന കേരള ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളും സാമൂഹ്യപദ്ധതികളും അനുവദിക്കുമ്പോള്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി നല്‍കണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിയമം പ്രാബല്യത്തില്‍ വന്നിട്ടും അതിനുമുമ്പുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ കൂടുതലായി പരിഗണിക്കുന്നു.
നിയമം നിലവില്‍ വന്നതിനു മുമ്പുള്ള ഉത്തരവുകള്‍ അസാധുവായതായി പ്രഖ്യാപിക്കണം. ഇതുസംബന്ധിച്ചു നിരവധിതവണ നിവേദനം സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.