ന്യൂഡല്‍ഹി: പതജ്ഞലി, ഡാബര്‍, സാന്ദു തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ തേനുകളില്‍ മധുരം കൂട്ടാന്‍ ചൈനീസ് കൃത്രിമ പഞ്ചസാര ചേര്‍ക്കുന്നതായി സെന്‍റ്ര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് (സി.എസ്. ഇ) റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്കിടെ തേന്‍ വില്‍പനയില്‍ വര്‍ധന ഉണ്ടായിട്ടും തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ സി.എസ്. ഇ. നടത്തിയ അന്വേഷണത്തിലാണ് ചില കമ്പനികള്‍ കൃത്രിമ പഞ്ചസാര ചേര്‍ത്തത് കണ്ടെത്തിയത്. പരിശോധനകള്‍ മറികടക്കാന്‍ കഴിയും വിധത്തിലാണ് കൃത്രിമ പഞ്ചസാര സിറപ്പ് തേനില്‍ ചേര്‍ക്കുന്നതെന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.എസ്.ഇ. വ്യക്തമാക്കി. കരിമ്പ്, അരി, ബീറ്റ്റൂട്ട് തുടങ്ങിയവയില്‍നിന്നുള്ള പഞ്ചസാരയാണ് തേനിന്‍റെ മധുരം കൂട്ടാനായി നേരത്തേ ചേര്‍ത്തിരുന്നത്. സി3, സി4 പരിശോധനകളില്‍ ഈ മായം കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കുന്ന ചൈനീസ് ഷുഗര്‍, ന്യൂക്ലിയര്‍ മാഗ്നറ്റിക് റെസണന്‍സ്(എം. എന്‍. ആര്‍) പരിശോധനയില്‍ മാത്രമേ കണ്ടെത്താനാകൂ. ഗുജറാത്തിലെ ദേശീയ ക്ഷീരവികസന ബോര്‍ഡിലും സെന്‍റ്ര്‍ ഫോര്‍ അനാലിസീസ് ആന്‍ഡ് ലേണിങ്ങ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡിലുമാണ് പരിശോധന നടത്തിയത്. അതേസമയം, സി.എസ്.ഇ കണ്ടെത്തല്‍ തെറ്റാണെന്നും തങ്ങളുടെ ഉല്‍പന്നങ്ങളെ മോശമാക്കാനാണ് ശ്രമമെന്നും കമ്പനികള്‍ പ്രതികരിച്ചു.