പശുവിന്‍ പാലില്‍ സ്വര്‍ണ്ണമെന്ന് പരീക്ഷാ സിലബസ്

ന്യൂഡല്‍ഹി: ‘നാടന്‍ പശുക്കളുടെ മൂത്രം പല തരം അസുഖങ്ങള്‍ക്കും കണ്‍കണ്ട ഓഷധമാണ്… അവയുടെ പാലില്‍ സ്വര്‍ണമാണ് അടങ്ങിയിരിക്കുന്നത്… ജഴ്സി പശുവിന്‍റെ പാല്‍ കുടിക്കുന്ന കുട്ടികള്‍ ക്ക് ഓട്ടിസം, ഡയബറ്റിക്സ്, പെട്ടെന്നുള്ള മരണം എന്നിവ സംഭവിക്കും…. മൃഗങ്ങളെ കൊന്നാല്‍ പ്രകൃതിക്ഷോഭമുണ്ടാകും… പശുവിറച്ചി കഴിച്ചാല്‍ മോശം സ്വഭാവമാകും…’
ഏതെങ്കിലും പുരാണ കഥകളിലെ വിവരണമല്ലിത്. പശുക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത രാഷ്ട്രീയ കാമധേനു ആയോഗ് ( ആര്‍.കെ. എ) ഫെബ്രുവരി 25 ന് ദേശവ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തുന്ന പരീക്ഷയുടെ സിലബസിലാണ് വിചിത്രമായ ഈ വിജ്ഞാനങ്ങള്‍. നാടന്‍ പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പരീക്ഷ തികച്ചും സൗജന്യവും സ്വയം സന്നദ്ധവുമായി എഴുതാവുന്നതുമാണെന്ന് ആര്‍.കെ.എ. ചെയര്‍മാന്‍ വല്ലഭായ് കതിരിയ പറഞ്ഞു. സിലബസിലെ പാഠ്യഭാഗങ്ങളില്‍ വിചിത്രമായ പരാമര്‍ശങ്ങള്‍ നിരവധിയുണ്ട്. സ്വര്‍ണം അടങ്ങിയിരിക്കുന്നതിനാലാണ് നാടന്‍ പശുക്കളുടെ പാലിന് മഞ്ഞ നിറം. പശുവിന്‍റെ മൂത്രത്തിനും ചാണകത്തിനും കുടല്‍ കണ്ണ്, വയറ് ശ്വാസകോശം, മൂത്രാശയം, കരള്‍ തുടങ്ങിയവയെ ബാധിക്കുന്ന അസുഖങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവുണ്ട… അങ്ങനെ പോകുന്നു അവകാശവാദങ്ങളുടെ നിര.
ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത വാദങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെ ഹോമി ഭാഭ സെന്‍റര്‍ ഫോര്‍ സയന്‍സ് എജുക്കേഷന്‍ അസോ. പ്രഫസര്‍ അനികേത് സുലെയെപോലുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. മാര്‍ക്ക് ലഭിക്കാനായി കുട്ടികള്‍ ശരി തെറ്റുകള്‍ വിലയിരുത്താതെ ഇത്തരം മണ്ടത്തരങ്ങള്‍ പഠിക്കും.
അതവരുടെ ഭാവിയെത്തന്നെ അപകടത്തിലാക്കും. ശരീരം പുറംതള്ളുന്ന മാലിന്യങ്ങളാണ് മലവും മൂത്രവും. അത് പുണ്യമാണെന്ന് വിശ്വസിച്ചോളൂ, പക്ഷേ ഓഷധമാണെന്ന വിഡ്ഢിത്തം പ്രചരിപ്പിക്കരുത്- സുലെ പറയുന്നു.
ശാസ്ത്രകാരന്മാരായ എം.എം. ബാജാജ്, ഇബ്രാഹിം, വിജയരാജ് സിങ് എന്നിവര്‍ നിര്‍ദേശിച്ച പാഠഭാഗത്തില്‍ ചാണകത്തിന് റേഡിയോ ആക്ടിവ് വികിരണങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് വാദിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വെറും വൈകാരികത മാത്രമാണെന്നും ശാസ്ത്രീയമല്ലെന്നും സുലെ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ആഴ്ചയാണ് രാഷ്ട്രീയകാമധേനു ആയോഗ് ദേശവ്യാപകമായ പരീക്ഷക്ക് ഉത്തരവ് പുറപ്പെടുവിച്ചത്.