ബംഗളൂരൂ: പൂജാരിയെ വിവാഹം കഴിക്കുന്ന ബ്രാഹ്മണ യുവതിക്ക് മൂന്ന് ലക്ഷം രൂപയുടെ സഹായ പദ്ധതി പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രൂപവത്കരിച്ച കര്‍ണാടക ബ്രാഹ്മീണ്‍ വികസന ബോര്‍ഡാണ് ബ്രാഹ്മണ സമുദായത്തില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതികള്‍ക്കുള്ള ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ചത്. സമുദായത്തിലെ പാവപ്പെട്ട യുവതികള്‍ക്ക് കാല്‍ ലക്ഷം രൂപ വിവാഹ സഹായമായി നല്‍കുന്ന ‘അരുന്ധതി’ സ്കീമും പൂജാരിയെ വിവാഹം ചെയ്യുന്ന പാവപ്പെട്ട ബ്രാഹ്മണ യുവതികള്‍ക്ക് മൂന്നു ലക്ഷം രൂപ നല്‍കുന്ന ‘മൈത്രേയി’ സ്കീമുമാണ് ബോര്‍ഡ് അവതരിപ്പിച്ചത്. അതേ സമയം, ബി.ജെ.പി. സര്‍ക്കാരിന്‍റെ സാമുദായിക പ്രീണനത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.
സാമ്പത്തിക പിന്നാക്കമാണെന്നതിന് പുറമെ യുവതികളുടെ ആദ്യ വിവാഹമായിരിക്കണം, നിശ്ചിത കാലത്തിനുള്ളില്‍ വിവാഹം നടക്കുമെന്ന് ഉറപ്പു നല്‍കണം തുടങ്ങിയ നിബന്ധനകളും പാലിച്ചാലേ ആനുകൂല്യം ലഭ്യമാവൂ.
പൂജകള്‍ക്കും സന്ധ്യവന്ദനത്തിനും പരിശീലനത്തിന് തയാറാവുന്ന എട്ടു വയസ്സു മുതല്‍ 80 വയസ്സു വരെയുള്ള 4,000 പേര്‍ക്ക് 500 രൂപ വീതം നല്‍കുന്ന പദ്ധതിയും ബോര്‍ഡിന് കീഴിലുണ്ട്. 2018 ലെ സെന്‍സസ് പ്രകാരം, കര്‍ണാടകയില്‍ ജനസംഖ്യയുടെ മൂന്നു ശതമാനമാണ് ബ്രാഹ്മണ സമുദായം.