ന്യൂഡല്‍ഹി: ഞായറാഴ്ച പ്രാര്‍ഥനയ്ക്കെത്തിയ പാസ്റ്റര്‍ അടക്കമുള്ള ക്രിസ്തു മത വിശ്വാസികളെ ജയ് ശ്രീ റാം വിളിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കെതിരെ പാരതി നല്‍കുകയും മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുപ്പിക്കുകയും ചെയ്തു. പുതുവര്‍ഷത്തിലെ ആദ്യ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ പ്രാര്‍ത്ഥനക്കെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ ലാത്തികൊണ്ടടിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു. ആക്രമണത്തില്‍ നേഹ എന്ന സ്ത്രിക്ക് കൈയ്ക്കും നൈന എന്ന പതിനാലുകാരിക്ക് കാലിനും ഒടിവുണ്ട്. ജയ് ശ്രീറാം വിളിക്കണമെന്നും യേശുക്രിസ്തുവിനെ നിന്ദിക്കണമെന്നും ആവശ്യപ്പെട്ട ബജ്രംഗ്ദളുകാര്‍ അല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബജ്രംഗ്ദള്‍ സിറ്റി കണ്‍വീനര്‍ രാം ലഖന്‍ വര്‍മയുടെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 15ഓളം പേരടങ്ങുന്ന സംഘം മതം മാറ്റാനുള്ളതായിരുന്നുവെന്നാണ് വര്‍മ്മയുടെ പരാതി. തമിഴ്നാട്ടുകാരനായ പാസ്റ്റര്‍ ഡേവിഡിനും കന്യാകുമാരിയില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ വന്ന ജഗനും അവര്‍ താമസിച്ച കെട്ടിടത്തിന്‍റെ ഉടമകകള്‍ക്കെതിരെയുമാണ് കേസെടുത്തത്. മതംമാറ്റ ആരോപണം തള്ളിക്കളഞ്ഞ ഡേവിഡ് പ്രാര്‍ത്ഥനക്ക് സ്വന്തം നിലക്ക് വന്നവരെയാണ് ആക്രമിച്ചതെന്ന് പറഞ്ഞു.