
കൊച്ചി: ഭൂമിവില്‍പന സംബന്ധിച്ച വ്യാജരേഖ കേസ്, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന രീതിയില്‍ ‘സത്യദീപ’ത്തിലെ ലേഖനം എന്നിവയുടെ പേരില്‍ ഫാ. പോള്‍ തേലക്കാട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അച്ചടക്കനടപടിക്ക് സീറോ മലബാര്‍ സിനഡില്‍ തീരുമാനം.
ഞായറാഴ്ച, സമാപിച്ച സീറോ മലബാര്‍ സിനഡ,് വിഷയം ചര്‍ച്ച ചെയ്യുകയും സഭാ നേതൃത്വത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്ക ലംഘനങ്ങള്‍ക്കെതിരെ സഭാനിയമം അനുശാസിക്കുന്ന നടപടി സ്വീകരിക്കാന്‍ രൂപതാധ്യക്ഷര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ ആന്‍റണി കരിയിലിനാണ് നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം.
ഫാ. പോള്‍ തേലക്കാട്ട്, ഫാ. ടോണി കല്ലൂക്കാരന്‍, ഫാ. ബെന്നി മാരാപറമ്പില്‍ എന്നിവരാണ് സഭാധ്യക്ഷനെതിരെ വ്യാജരാഖ ചമച്ച കേസില്‍ പ്രതികളായത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച് ബിഷപ്പിനെതിരെ നല്‍കിയ പരാതികള്‍ നിലനില്‍ക്കുന്നവയല്ലെന്ന പൊലിസ് അന്വേഷണ റിപ്പോര്‍ട്ടില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട ശേഷിക്കുന്ന നടപടിക്രമങ്ങള്‍ മെത്രാപ്പോലിത്തന്‍ വികാരി ആര്‍ച് ബിഷപ് ആന്‍റണി കരിയില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.