ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനകാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടില്ല

ന്യൂഡല്‍ഹി: തടവില്‍ കഴിയുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനകാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടില്ലന്നറിയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിച്ചതായി കര്‍ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സികളുടെ കാര്യങ്ങളില്‍ സര്‍ക്കാരിനു നേരിട്ട് ഇടപെടുന്നതിനുള്ള പരിമിതിയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രശ്നത്തെക്കുറിച്ചു ബോധ്യമുണ്ടെന്നും വയോധികനായ വൈദികനോട് അനുകമ്പയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി മാര്‍ ക്ലീമിസ് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പേരില്‍ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ കവരരുതെന്ന് കര്‍ദിനാള്‍മാര്‍ ആവശ്യപ്പെട്ടു. സ്കൂളുകളും കോളജുകളും സ്ഥാപിക്കുന്നതിനും സ്വാതന്ത്രമായി ഭരണം നടത്തുന്നതിനുമുള്ള അവകാശങ്ങള്‍ പ്രധാനമാണ്. വിദ്യാഭ്യാസത്തിന്‍റെ നയം മാത്രമാണു രൂപപ്പെടുത്തിയതെന്നും നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ദളിത് ക്രൈസ്തവരുടെ സംവരണവും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള സഹായങ്ങളും ഉറപ്പാക്കണമെന്ന് കര്‍ദിനാള്‍മാര്‍ ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരെ കൂടി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തണം. ജാതിയുടെ പേരില്‍ വിവേചനം അവസാനിപ്പിക്കാനും സാമ്പത്തികമായി മാനദണ്ഡം കണക്കാക്കി ദളിത് ക്രൈസ്തവര്‍ക്ക കൂടി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും മൂവരും പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരെ കാലങ്ങളായി നടക്കുന്ന വര്‍ഗീയവും രാഷ്ട്രീയവും തീവ്രവാദപരവുമായ അക്രമണങ്ങളിലുള്ള ആശങ്ക അവര്‍ പ്രധാന മന്ത്രിയോടു പങ്കുവച്ചു.