സ്വന്തം ലേഖകന്‍
തിരുവല്ല: ബിലിവേഴ്സ് ചര്‍ച്ചിനെതിരെ വ്യാജപ്രചരണം നടക്കുന്നതായി സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍. ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതു സംബന്ധിച്ച് അര്‍ദ്ധസത്യങ്ങളും വ്യാജപ്രചരണങ്ങളുമാണ് പുറത്തു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓഡിറ്റിനുസമാനമായ പരിശോധനയാണ് നടക്കുന്നത്. പാകപിഴകള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കുമെന്നും സഭാവക്താവ് പറഞ്ഞു.
ഇന്ത്യയുടെ പല ഭാഗത്തും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്കും കുഷ്ഠരോഗികള്‍ക്കുമായി വന്‍ പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ രേഖയടക്കം പരിശോധിക്കുന്നുണ്ട്. അന്തിമ റിപ്പോര്‍ട്ടനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബിലിവേഴ്സ് ചര്‍ച്ചിലെ ആദായനികുതി പരിശോധന സംബന്ധിച്ച് സോഷ്യല്‍ മീഡിയായിലടക്കം ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളു ന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ശബരിമല യുവതീ പ്രവേശത്തെയും, ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിയെയും മറ്റും ആദായ നികുതി വകുപ്പ് പരിശോധനയുമായി ബന്ധിപ്പിച്ച് വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സുവിശേഷ വിരോധികള്‍ അവസരം നന്നായി ഉപയോഗപ്പെടുത്തി സഭാ പ്രവര്‍ത്തനങ്ങളെ ഒന്നടങ്കം സംശയത്തിന്‍റെ കരിനിഴലില്‍ നിര്‍ത്തി രാജ്യത്തെ സുവിശേഷ പ്രവര്‍ത്തകരെല്ലാം കള്ളപ്പണ മാഫിയായുടെ കണ്ണികളാണെന്ന് ചിത്രീകരിക്കുന്ന തരത്തിലേക്ക് വന്‍ പ്രചരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഓരോരോ സഭകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. വര്‍ഗ്ഗീയ ശക്തികളുടെ കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നതിനോടൊപ്പമാണ് സഭകളും സുവിശേഷസംഘടനകളും സോ ഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍കൊണ്ട് അക്രമിക്കപ്പെടുന്നത് എന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. ക്രൈസ്തവ സഭകള്‍ക്കും സംഘടനകള്‍ക്കും പൊതുവേദികള്‍ ഇല്ലാത്തത് ഇത്തരം അക്രമികള്‍ക്ക് കൂടുതല്‍ കരുത്തുനല്‍കുന്നതായും വിലയിരുത്തപ്പെടുന്നു.