ഭാര്യയുടെ വീട്ടുജോലിക്ക് മികച്ച മൂല്യം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്‍റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്ന് സുപ്രീം കോടതി. ഭാര്യമാര്‍ ജോലിചെയ്യുന്നില്ലെന്നും അവര്‍ കുടുംബത്തിന്‍റെ സാമ്പത്തിക മൂല്യം കൂട്ടുന്നില്ലെന്നുമുള്ള ധാരണ കുഴപ്പം പിടിച്ചതാണെന്നും കോടതി നിരീക്ഷിച്ചു. 2014 ല്‍ ഡല്‍ഹിയിലുണ്ടായ ഒരു വാഹനാപകടത്തിന്‍റെ നഷ്ടപരിഹാരം സംബന്ധിച്ച് കേസ് പരിഗണിക്കവേയാണ് പരാമര്‍ശം.
വീട്ടമ്മയുടെ കഠിനാധ്വാനത്തിന്‍റെയും ചെയ്യുന്ന ജോലിയുടെയും സാമ്പത്തിക മൂല്യം നിശ്ചയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് എന്‍. വി. രമണ അധ്യക്ഷനായ ബെഞ്ച്, അവരുടെ ജോലിയുടെ പ്രാധാന്യം ഒട്ടും കുറയ്ക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്ത് 159. 85 ദശലക്ഷത്തിനടുത്ത് സ്ത്രീകളാണ് വീട്ടുജോലികളില്‍ വ്യാപൃതരായിരിക്കുന്നത്.
അങ്ങനെയുള്ളപ്പോള്‍ പോലും വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ല, കുടുംബത്തിന്‍റെ സാമ്പത്തിക മൂല്യമുയര്‍ത്തുന്നില്ല തുടങ്ങിയ ധാരണകള്‍ കീഴ്വഴക്കമാക്കിവെച്ചിരിക്കുന്നത് കുഴപ്പം പിടിച്ചതാണ്. കാലങ്ങളായി നിലനില്‍ക്കുന്ന ഈ കാഴ്ചപ്പാട് മറികടക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
2014 ഏപ്രിലിലുണ്ടായ വാഹനാപകടത്തില്‍ പൂനം, വിനോദ് ദമ്പതികള്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് മക്കള്‍ക്ക് 40.7 ലക്ഷം രൂപ മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെം ട്രൈബ്യൂണല്‍ വിധിച്ചെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കിയ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി അത് 22 ലക്ഷമാക്കി കുറച്ചു.
മരിച്ചതു വീട്ടമ്മയായതിനാല്‍ അവരുടെ വരുമാനം കുറച്ചുകാണിച്ചാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വീട്ടമ്മമാര്‍ ചെയ്യുന്ന ജോലിയുടെയും സേവനത്തിന്‍റെയും മൂല്യം കണക്കാക്കിയാകണം കോടതികള്‍ സാങ്കല്‍പിക വരുമാനം നിശ്ചയിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയ മൂന്നംഗ ബെഞ്ച്, നഷ്ടപരിഹാര തുക 33.2 ലക്ഷം രൂപയാക്കി ഉയര്‍ത്തി.