ഡല്‍ഹി: ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കത്തോലിക്കാ വൈദികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ. അറസ്റ്റു ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഫാദര്‍ സ്റ്റാന്‍സി ലാവോസ് ലൂര്‍ദ് സ്വാമി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വാദേശിയാണ്. മഹാരാഷ്ട്രയിലെ ഭീമ കൊറഗാവ് കലാപകേസിലാണ് ദേശീയ അന്വേഷണ ഏജന്‍സി 83 വയസുകാരനായ വൈദികനെ അറസ്റ്റു ചെയ്തത്.
ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനായും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ചിരുന്ന വൈദികന്‍ നിരോധിത സംഘടനയായ സി.പി. ഐ. മാവോയിസ്റ്റ് എന്ന നക്സല്‍ സംഘടനയില്‍ അംഗമാണന്നാണ് എന്‍ഐഎ പറയുന്നത്.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് അറസ്റ്റു ചെയ്ത അദ്ദേഹത്തെ മുംബെയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി ഒക്ടോബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തനിക്ക് തീവ്രവാദസംഘടനകളുമായി ഒരു ബന്ധവും ഇല്ലന്നും അറസ്റ്റിനു മുമ്പ് ഫാദര്‍ പറഞ്ഞു. യു.എ.പി.എ ചുമത്തി രാജ്യത്ത് അറസ്റ്റ് ചെയ്യുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ഫാദര്‍ സ്റ്റാന്‍.
വൈദികന്‍റെ അറസ്റ്റിനെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ തുടങ്ങിയവര്‍ അപലപിച്ചു. അദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതം മുഴുവന്‍ മാറ്റിവച്ച ആളാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. അതുകൊണ്ട് മോദി ഭരണകൂടം അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് . രാമചന്ദ്രഗുഹ പറഞ്ഞു. വൈദികന്‍റെ അറസ്റ്റിനെതിരെ രാജ്യമെങ്ങും പ്രതിഷേധം വ്യാപകമാകുകയാണ്.