മാര്‍സലിന്‍ ജെ.മൊറയ്സ്
മക്കള്‍ വഴി തെറ്റിപ്പോകുമ്പോള്‍ അതിനുത്തരവാദികള്‍ മറ്റുള്ളവരുടെ മക്കളും അതായത്, ചീത്തകൂട്ടുകെട്ടും സാഹചര്യങ്ങളുമാണെന്ന് വിധിക്കുന്നവര്‍ താഴെക്കാണുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കട്ടെ.
കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്ന മിക്കവരും അവരുടെ ശപിക്കപ്പെട്ട ആ അവസ്ഥയ്ക്കു കാരണക്കാരായി തങ്ങളുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നു. അവരില്‍ നല്ലൊരു പങ്കും സ്വന്തം അമ്മമാരെയാണ് അപ്പന്മാരെക്കാള്‍ കൂടുതലായി കുറ്റപ്പെടുത്തുന്നത്. വളര്‍ത്തു ദോഷമാണെന്ന് മറ്റുള്ളവരും പറയുന്നു. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം? “നൂലൈപ്പോലെ ചേലൈ, തായൈപ്പോലെ പിള്ളൈ.” (നൂല്‍ എങ്ങനെയോ അതുപോലിരിക്കും തുണിയും, അമ്മയെങ്ങനെയോ അതുപോലിരിക്കും കുഞ്ഞും) എന്ന തമിഴ് ചൊല്ലിനെ എങ്ങനെ എതിര്‍ക്കും?
ഇന്ന്,പല അമ്മമാരും അഭിമാനിക്കുന്നു, അവരുടെ കുഞ്ഞുങ്ങളെ അവര്‍ അടിക്കാതെ വളര്‍ത്തുന്നുവെന്ന്. “ഹേയ്! ഞാന്‍ അവരെയും ഇവരെയുംപോലെ എന്‍റെ കുഞ്ഞി നെ ഇതുവരെ തോല്പിച്ചിട്ടില്ല.” പ്രിയ അമ്മമാരേ, നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളെ നോവിക്കുമ്പോള്‍ ഇതിന്‍റെ വിവരം അന്നറിയും. ജ്ഞാനികളില്‍ ജ്ഞാനിയെന്ന് ഖ്യാതികേട്ട ശലോമോനെക്കാള്‍ ജ്ഞാനികളാണോ നിങ്ങള്‍? ശലോമോന്‍ പറയുന്നു:”ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടി കൊണ്ടടിച്ചാല്‍ അവന്‍ ചത്തുപോകയില്ല. വടികൊണ്ട് അവനെ അടിക്കുന്നതിനാല്‍ നീ അവന്‍റെ പ്രാണനെ പാതാളത്തില്‍ നിന്ന് വിടുവിക്കും” (സദൃശ. 23:13-14). വടിയെ സ്നേഹിക്കുന്നവന്‍ മകനെ കളയുന്നുവെന്നും, ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ലയെന്നുമുള്ള സദൃശ്യവാക്യശകലങ്ങള്‍ക്ക് എങ്ങനെ മറുപടി പറയും? പഴഞ്ചൊല്ലില്‍ പതിരില്ലെന്നൊരു പഴഞ്ചൊല്ലുണ്ടല്ലൊ. “ചൊട്ടയിലെ ശീലം ചുടല വരെ”യെന്നും, “ബാല്യകാലത്തിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാല” മെന്നും, “കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?”യെന്നും ചോദിക്കുന്നതിന്‍റെ പൊരുളെന്താണ്? അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം; മരമായാലോ….? കതിരിന്മേലാണോ വളം വയ്ക്കേണ്ടത്? “ദൈവദാസാ, എന്‍റെ മോന്‍ വഴിപിഴച്ചു നടക്കുകയാണ്. അവനുവേണ്ടി ഒന്നു പ്രാര്‍ത്ഥിക്കണേ”, മിക്ക അമ്മമാരുടെയും അഭ്യര്‍ത്ഥനയാണിത്. ഈ മകനെ സണ്‍ഡേസ്കൂളില്‍ വിടാതെ ട്യൂഷനു പോകാന്‍ നിര്‍ബന്ധിച്ചത് ആരാണ്? “മോനെയെന്താണ് ആരാധനയ്ക്കു കാണാത്തത്”എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന് ഒത്തിരി പഠിക്കാനുണ്ട്; പരീഷയാണ്” എന്ന് പറഞ്ഞ് അവനെ അന്ന് ന്യായീകരിച്ചത് ആരാണ്? ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ദൈവദാസന്മാരുടെ കുറ്റങ്ങള്‍ വിളമ്പിയത് ഈ മകന്‍റെ മുമ്പില്‍ വച്ചല്ലേ? ഭാര്യ ഭര്‍ത്താവിനെ ധിക്കരിക്കുകയും, ബഹുമാനമില്ലാതെ സംസാരിക്കുകയും, കീഴ്പ്പെടാതെ മറുതലിക്കയും ചെയ്തത് കണ്ടല്ലേ ഈ മകന്‍ വളര്‍ന്നത്?
മകള്‍ ഒരുത്തന്‍റെകൂടെ ഒളിച്ചോ ടി എന്ന് കണ്ണീര്‍വാര്‍ക്കുന്ന, അല്ലയോ, മാതാവേ, നിങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരുടെ സ്നേഹ ജീവിതം കണ്ടാണോ ഈ മകള്‍ വളര്‍ന്നത്? അവള്‍ക്ക് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലഭിക്കേണ്ട സ്നേഹവും സംരക്ഷണയും സ്വന്തം വീട്ടില്‍ നിന്ന് ലഭിച്ചോ? ദൈവ ആശ്രയത്തിലും കൃപയിലുമാണോ, നിങ്ങള്‍ അവളെ വളര്‍ത്തിയത്? ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഭക്ഷണം കൊടുത്താല്‍, മാനസികവും, വൈകാരികവും ആത്മീകവുമായ വളര്‍ച്ച ലഭിക്കുമോ?
മക്കള്‍ തെറ്റിപ്പോകുന്നതിന്‍റെ പ്രധാനകാരണം സാഹചര്യങ്ങളാണെങ്കില്‍, പഴയ നിയമത്തിലെ ശമൂവേല്‍ ബാലനായിരുന്നല്ലോ അതിനുള്ള ഏറ്റവും വലിയ സാദ്ധ്യത. കാരണം, തീരെ ബാലനായിരിക്കുമ്പോള്‍ തന്നെ ഏലി പുരോഹിതന്‍റെ ഭവനത്തില്‍ തന്‍റെ ദുര്‍വൃത്തന്മാരായ മക്കളുടെ മദ്ധ്യത്തില്‍ അവന്‍ വളര്‍ന്നു. എന്നിട്ട് എന്തുകൊണ്ട് അവന്‍ ചീത്തയായില്ല? മറിച്ച്, ബൈബിള്‍ ശമൂവേലിനെക്കുറിച്ചു പറയുന്നത് നോക്കൂ. “ബാലന്‍ പുരോഹിതനായ ഏലിയുടെ മുമ്പില്‍ യഹോവയ്ക്കു ശുശ്രൂഷ ചെയ്തു പോന്നൂ (1 ശമു.2:11); “ശമൂവേല്‍ എന്ന ബാലനോ പഞ്ഞിനൂല്‍ കൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തു പോന്നു (1 ശമൂ.2:18); “ശമുവേല്‍ ബാലനോവളരുന്തോറും യഹോവയ്ക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു” (1 ശമു.2:26). ഏലിയുടെ പുത്രന്മാരോ, ദൈവാഗ്നിയില്‍ വെന്തെരിഞ്ഞു പോയി.
അപ്പോള്‍ നിങ്ങള്‍ക്ക് ചോദിക്കാം, എപ്പോഴാണ് മക്കളെ പരിശീലിപ്പിക്കേണ്ടതെന്ന്. ബൈബിള്‍ പറയുന്നു:”ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുക.”
ഈ ബാല്യം തുടങ്ങുന്നത് എപ്പോഴാണ്? അവന്‍ ജനിക്കുന്നതു മുതല്‍ . എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ എന്തഭ്യസിപ്പിക്കുവാനാണ് എന്നായിരിക്കും നിങ്ങളുടെ അടുത്ത ചോദ്യം. മന:ശാസ്ത്രജ്ഞന്മാര്‍ വളര്‍ച്ചയുടെ ഘട്ടത്തെ നാലായി തിരിക്കുന്നു. ജനിച്ചതു മുതല്‍ 15 വരെയുള്ള മാസങ്ങള്‍ ഒന്നാം ഘട്ടം. അപ്പോഴാണ് ഒരു പൈതല്‍ ഏറ്റവും കൂടുതല്‍ അഭ്യസനം നേടുന്നത്. ഉരുകി കിടക്കുന്ന മെഴുകില്‍ അച്ചു പതിപ്പിക്കും പോലെ അവന്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഒപ്പിയെടുക്കുന്നു. മാതാപിതാക്കള്‍, കുടുംബത്തിലുള്ള മറ്റംഗങ്ങള്‍, എല്ലാവരും വളരെ ശ്രദ്ധയോടെ കുഞ്ഞിനെ കൈകാര്യം ചെയ്യേണ്ട സമയം.
രണ്ടാം ഘട്ടം, പിന്നെയുള്ള 15 മാസം. അതോടുകൂടി അവന്‍ പകുതിയില്‍ കൂടുതല്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കും. അപ്പോഴേയ്ക്കും അവന് കഷ്ടിച്ച് രണ്ടര വയസ് പ്രായമേ ആയിട്ടുള്ളൂ എന്നോര്‍ക്കണം.
മൂന്നാം ഘട്ടം, പിന്നെയുള്ള 15 മുതല്‍ 30 വരെയുള്ള മാസങ്ങള്‍. അതോടുകൂടി അവന്‍ മിക്കവാറും രൂപപ്പെട്ടു കഴിഞ്ഞിരിക്കും. ഒരു കാര്യം ഓര്‍ക്കുക, അവന്‍റെ വ്യക്തിത്വ രൂപീകരണത്തിന്‍റെ പൂര്‍ണ്ണതയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, അതിന്‍റെ രൂപഘടനയെയാണ്.അതായത്, ഭാവിയില്‍ അവന്‍ ആരായിത്തീരും എന്നുള്ളതിന്‍റെ അച്ചുകൂടം വാര്‍ത്തെടുക്കപ്പെട്ടു എന്ന് സാരം.
അവന്‍റെ ജീവിതത്തിന്‍റെ ബാക്കിയുള്ള കാലമെല്ലാം നാലാം ഘട്ടമാണ്. അവിടെ രൂപപ്പെടാന്‍ കുറച്ച് മാത്രമേ ബാക്കിയുള്ളൂ. പിന്നെ സംഭവിക്കുന്നത് എന്താണെന്നുവെച്ചാല്‍, ഏത് സ്റ്റഫ് (കൂട്ട്) കൊണ്ടാണോ താന്‍ രൂപപ്പെട്ട അച്ച് വാര്‍ത്തെടുക്കുന്നത് അവന്‍ അതുപോലിരിക്കും. അതിന് അവനെ സഹായിക്കുന്ന ഘടകങ്ങളാണ് വിവിധ തരം വിദ്യാഭ്യാസം, സംസ്കാരം, സാഹചര്യം, ബന്ധങ്ങള്‍, സംസര്‍ഗ്ഗങ്ങള്‍, ലോക പരിചയം, അനുഭവങ്ങള്‍ തുടങ്ങിയവ.
ഒരു കാര്യം, ഇവിടെ പ്രത്യേകിച്ച് ഓര്‍ക്കേണ്ടത്, അഞ്ചു വയസിനുശേഷം അവന്‍റെ രൂപഘടനയ്ക്ക് മാറ്റം സംഭവിക്കുന്നു എന്നല്ല. അപരിഷ്കൃതന്‍ പരിഷ്കൃതനായി മാറുന്നുവെന്നേയുള്ളു. പ്രാകൃതന്‍ ആത്മീയനായി മാറുന്നുവെന്നേയുള്ളൂ. എന്നാല്‍, അവന്‍റെ വ്യക്തിത്വ ഘടനയ്ക്ക് കാതലായ മാറ്റമൊന്നും സംഭവിക്കുന്നില്ല. അത് രൂപപ്പെട്ടത് അവന്‍റെ അഞ്ചു വയസിന് മുമ്പ്.
ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കുമ്പോഴാണ്, ലോകം കണ്ടിട്ടുള്ള മഹാന്മാരില്‍ ചിലര്‍ പ്രസ്താവിച്ചത് ഓര്‍ത്തുപോകുന്നത്. “എന്‍റെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി എന്‍റെ മാതാവിന്‍റെ മടിത്തട്ടാണ്.”
എത്രയോ വാസ്തവം. “അമ്മയെങ്ങനെയോ, മക്കളും അതുപോലിരിക്കും” എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നു, ഇവിടെ. എന്നുവെച്ച് അമ്മമാരില്‍ മാത്രം മക്കളുടെ വളര്‍ച്ചയുടെ ഉത്തരവാദിത്വം ഒതുക്കുന്നില്ല. അതൊരു കൂട്ടുത്തരവാദിത്വമാണ്. എല്ലാ പഴികളും അമ്മമാരില്‍ ചാരി അപ്പന്മാര്‍ക്ക് കൈകഴുകാം എന്നും ആരും കരുതേണ്ട.
അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തേണ്ട സാഹചര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒരുക്കിക്കൊടുക്കേണ്ടത് അപ്പന്മാരാണ്. മുട്ടയിടാന്‍ ഒരുങ്ങുന്ന കിളിയ്ക്ക് കൂടുകൂട്ടാന്‍ ആണ്‍ കിളികള്‍ ബദ്ധപ്പെടുന്നത് കണ്ടിട്ടില്ലേ, അതുപോലെ. നല്ല ഗൃഹാന്തരീക്ഷം, സ്വസ്ഥത, സമാധാനം, സന്തോഷം, സുരക്ഷിതത്വം, കരുതല്‍, സംരക്ഷണം, ഉറപ്പ്, ധൈര്യം, പ്രോത്സാഹനം, എല്ലാറ്റിനും ഉപരിയായി സ്നേഹം പകര്‍ന്ന് മക്കളെ വളര്‍ത്താന്‍ വേണ്ടുന്ന എല്ലാ നല്ല അന്തരീക്ഷവും ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് ഒരുക്കിക്കൊടുക്കണം. മാതാപിതാക്കള്‍ ഒരുമിച്ച്, പരസ്പര പൂരകങ്ങളായി വേണം കുഞ്ഞുങ്ങളെ വളര്‍ത്താന്‍. ആരും ഉത്തരവാദിത്വം മുഴുവന്‍ പങ്കാളിയില്‍ ഇട്ടിട്ട് ഒഴിഞ്ഞ് മാറുവാന്‍ പാടില്ല.
ഈ അര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോഴാണ് ‘സ്വന്തം കുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണ ഗൗരവത്തോടെ അനുസരണത്തില്‍ പരിപാലിക്കുന്നവനും ആയിരിക്കേണം’ സഭയുടെ അദ്ധ്യക്ഷനായിരിക്കേണ്ടതെന്നുള്ള ഉപദേശത്തിന്‍റെ ഗൗരവം കൂടുതലായി മനസിലാകുക. അപ്പൊസ്തലനായ പൗലൊസ് ചോദിക്കുന്നു:”സ്വന്തം കുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും?”
പഴയനിയമത്തില്‍, ഏലി പുരോഹിതന്‍ തന്‍റെ മക്കളെ ശാസിച്ചും, ശിക്ഷിച്ചും വളര്‍ത്തേണ്ട സമയത്ത് അങ്ങനെ ചെയ്യാത്തതുകൊണ്ട് ദൈവകോപം അവരുടെമേല്‍ ഉണ്ടായി.
മക്കള്‍ പിഴച്ചു പോകുന്നതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും അവരുടെ മേലിടുകയും, പോരാത്തതിന് മറ്റുള്ളവരുടെ വളര്‍ത്തു ദോഷം കൊണ്ട്, അവരുടെ പിഴകളായ മക്കള്‍ കാരണമാണ് തങ്ങളുടെ മക്കള്‍ ചീത്തയായിപ്പോയതെന്ന് സ്വയം ന്യായീകരിക്കുകയും ചെയ്യുന്ന മാതാപിതാക്കളേ, നിങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയില്‍ നിന്ന് നിങ്ങള്‍ക്ക് ഒളിച്ചോടാന്‍ ആകില്ല. മക്കളും മാതാപിതാക്കളും അവരവരുടെ കുറ്റത്തിന് “എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ” എന്ന് നെഞ്ചത്തടിച്ച് അനുതപിച്ചേ മതിയാകൂ.