മട്ടയ്ക്കല്‍ ബ്രദര്‍ എം.എസ്. മാത്യു ഇനി ഓര്‍മ്മ

സി റ്റി. ജോണിക്കുട്ടി

അമേരിക്കന്‍ മലയാളി ബ്രദറണ്‍ ചരിത്രത്തിന് ഊടും പാവും നെയ്ത ദൈവഭൃത്യന്‍ കുമ്പനാട് കോയിപ്രം മട്ടയ്ക്കല്‍ ബ്രദര്‍ എം.എസ്. മാത്യു (83) ഇനി ഓര്‍മ്മ. ജനുവരി 7 അന്തരിച്ച അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ജനുവരി 16 ശനി 12ന് ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സ് ബൈബിള്‍ ചാപ്പല്‍ ബ്രദറണ്‍ സെമിത്തേരിയില്‍ നടക്കും. അമേരിക്കയിലെ മുഖ്യ ബ്രദറണ്‍ ഉപദേഷ്ടാവാണ്. കുമ്പനാട് കോയിപ്രത്തുനിന്നും 1971 ല്‍ ന്യൂയോര്‍ക്കിലെത്തിയ ഇദ്ദേഹം ബ്രദറണ്‍ വിശ്വാസസത്യങ്ങള്‍ക്കായി തന്‍റെ ആയുസ് സമര്‍പ്പിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ആദ്യമലയാള ബ്രദറണ്‍ സഭയുടെ സ്ഥാപകനും ഇടയനുമായി. സമീപ സംസ്ഥാനങ്ങളില്‍ സമാനകൂടിവരവുകള്‍ക്ക് പ്രചോദനമായി. ഇന്ത്യയിലും അമേരിക്കയിലും ബ്രദറണ്‍ വിശ്വാസികളുടെ മധ്യേ എം.എസ്. എന്ന രണ്ടക്ഷരം ഏറെ സുപരിചിതമായി. ഇന്ത്യന്‍ ബ്രദറണ്‍ ഫെലോഷിപ്പ്, നോര്‍ത്ത് ഈസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ് എന്നിവയുടെ തുടക്കത്തിനും വളര്‍ച്ചയ്ക്കും അദ്ദേഹം നിമിത്തമായി.
പ്രസംഗം പോലെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. സൗമ്യതയും സ്നേഹവും ക്ഷമയും ഉത്സാഹവും അദ്ദേഹത്തിന്‍റെ മികച്ച സ്വഭാവ സവിശേഷതകളായിരുന്നു. ഇന്ത്യയില്‍ നിന്നെത്തുന്ന സന്ദര്‍ശക സുവിശേഷകരുടെ അമേരിക്കയിലെ വീടായിരുന്നു വൈറ്റ് പ്ലെയിന്‍സിലെ മട്ടയ്ക്കല്‍ ഭവനം. സുവിശേഷകരുടെ സന്ദര്‍ശനകാലത്തെ ശുശ്രൂഷാ യാത്രകള്‍ ക്രമീകരിച്ചിരുന്നതില്‍ പ്രധാനിയായിരുന്നു.
പാണ്ടനാട് മണക്കണ്ടത്തില്‍ മറിയാമ്മ മാത്യൂസ്(ലില്ലിക്കുട്ടി) ഭര്‍ത്താവിന്‍റെ ശുശ്രൂഷാജീവിതത്തില്‍ തക്കതുണയായിരുന്നു. മകന്‍ ജിജിയും ഭാര്യ ഷിഫിയും മകള്‍ ഷേര്‍ളിയും മരുമകന്‍ ഷാലിനും അമേരിക്കയില്‍ കുടുംബമായി താമസിക്കുന്നു.