മതങ്ങളുടെ പരാജയം അതിദയനീയം

പി.ഐ.ഏബ്രഹാം

മതത്തിന് ധാര്‍മ്മികത, ആദ്ധ്യാത്മികത, ദൈവികത എന്നിങ്ങനെ പല പര്യായങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഓരോ അര്‍ത്ഥത്തില്‍ ഇതിനെല്ലാം പ്രസക്തിയും ഉണ്ട്. എന്നാല്‍ എന്‍റെ നിഷ്പക്ഷമായ പഠനത്തില്‍ പറഞ്ഞാല്‍ മതം എന്ന വാക്ക് വളരെ അപകടകരമായ ഒന്നാണ്. പലപ്പോഴും ഞാന്‍ അതു പറഞ്ഞിട്ടുണ്ട്. അഭിപ്രായം എന്നാണ് അതിന്‍റെ അര്‍ത്ഥം. മനുഷ്യന്‍റെ മനസ്സിന്‍റെ നില വിഭിന്ന അളവുകളില്‍ ആയിരിക്കും. ക്രൂരനായ ഒരുത്തന്‍റെ മതം ക്രൂരമായിരിക്കും. പാപിയായ ഒരുത്തന്‍ രൂപപ്പെടുത്തുന്ന മതവും പാപസ്വഭാവം ഉള്ളതായിരിക്കും. ലോകത്തില്‍ ഉള്ള നിരവധി മതങ്ങള്‍ ഒന്ന് ഒന്നോടു ചേരാത്തത് ദൃഷ്ടാന്തങ്ങളായി മുന്‍പില്‍ ഉണ്ടല്ലോ. അതുകൊണ്ട് എന്‍റെ വിശദീകരണം ആവശ്യമില്ല.
മറ്റ് 3 പര്യായങ്ങള്‍ ഉദ്ധരിച്ചല്ലോ. അത് അല്പാല്പം വ്യത്യാസം തോന്നിക്കും എങ്കിലും മൂന്നും ഏറെക്കുറെ ഒന്നുതന്നെയാണ്. എന്നു മാത്രമല്ല, നമുക്ക് ആ പദങ്ങള്‍ സ്വീകാരയോഗ്യങ്ങളുമാണ്.

 1. ആത്മീകത
  ആത്മാവിനെ സംബന്ധിക്കുന്നത് എന്നാണ് അതിന്‍റെ അര്‍ത്ഥം. മറ്റു ജീവരൂപങ്ങളേക്കാള്‍ മനുഷ്യനുള്ള ഏറ്റവും വലിയ വ്യത്യാസം അഥവാ പ്രത്യേകത അവന് ആത്മാവ് ഉണ്ട് എന്നതാണ്. ദൈവസ്വഭാവത്തിന്‍റെ അംശമാണ് ആത്മാവ് എന്നു പറയാം. വൃക്ഷലതാദികള്‍ക്കും പക്ഷി മൃഗാദികള്‍ക്കും ആത്മാവില്ല. ദൈവാത്മാവ് ഉള്ളില്‍ ഉള്ളതുകൊണ്ടാണ് മനുഷ്യന് അദ്ധ്യാത്മിക ചിന്ത തന്നെ ഉണ്ടാകുന്നത്. മറ്റു സൃഷ്ടികള്‍ക്ക് അത് ഇല്ലാത്തതിന്‍റെയും രഹസ്യം ഇവിടെയാണ്. കൂട്ടത്തില്‍ പറയട്ടെ. ആത്മീയത ശരീരതലത്തില്‍ (പഞ്ചേന്ദ്രിയകര്‍മ്മങ്ങളില്‍മാത്രം) ഒതുങ്ങി നിന്നാല്‍ പോരാ. അത് മനസ്സിനെയും കീഴടക്കണം. അവിടെയും നില്‍ക്കാതെ ആത്മാവിന്‍റെ ആഴത്തിലേയ്ക്ക് ഇറങ്ങണം. ഇന്ന് പല ക്രൈസ്തവ ഉണര്‍വ്വുയോഗങ്ങളില്‍പോലും ആ ത്മലഹരി എന്നു നാം വിവക്ഷി ക്കുന്ന പല പ്രകടനങ്ങളും വാസ്തവത്തില്‍ മനസിന്‍റെ തലത്തില്‍ മാത്രം അനുഭവപ്പെടുന്ന ഭൂതി ഇളക്കങ്ങളാണ്. ആത്മീകം എപ്പോഴും ബാഹ്യ ചേഷ്ടകള്‍ കാണിക്കണം എന്നില്ല. എന്നാല്‍ ആത്മഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍, ആത്മാവില്‍ വേര് ഇറങ്ങിയ ഭക്തിക്ക് മാത്രമേ കഴിയുകയുള്ളു.
 2. ദൈവികത
  ഒരു കുടുംബത്തിന്‍റെ അധിപന്‍ പിതാവായിരിക്കുന്നതുപോലെ ഈ വിശ്വാസ കുടുംബത്തിന് ദൈവം എന്ന ഏക പിതാവുണ്ട്. അവതാര പുരുഷന്മാരായി പലരെയും നാം ബഹുമാനിക്കുന്നുണ്ടെങ്കിലും അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ തങ്ങള്‍ക്ക് മീതെ ഒരു സകലേശ്വരന്‍ ഉള്ളതായി അവരും സമര്‍ത്ഥിക്കുന്നത് കാണാം. സൃഷ്ടി ഒരിക്കലും ഏകസത്യദൈവത്തോട് സമമായി തീരുകയില്ല. അതേ സമയം ആ മഹാ ദൈവത്വത്തില്‍ 3 ആളത്വങ്ങള്‍ ഉണ്ട് എന്നുള്ളതും മറ്റൊരു സത്യമാണ്. എല്ലാ നന്മയും തികഞ്ഞ ദൈവത്തിന്‍റെ ദിവ്യസ്വഭാവത്തോടും തിരുഹിതത്തോടും ചേര്‍ന്നതായിരിക്കണം നമ്മുടെ ആത്മീകത. നമ്മുടെ നിഗമനം കൊണ്ടല്ല, നിഷ്പക്ഷമായ നമ്മുടെ സത്യമന:സാക്ഷിയില്‍ ഉദിക്കുന്ന ദൈവവെളിപ്പാടുകൊണ്ട് ആയിരിക്കണം നാം പ്രാപിക്കേണ്ടത്.
 3. ധാര്‍മ്മികത
  ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ്. മനുഷ്യന്‍റെ ധര്‍മ്മം അഥവാ അവന്‍റെ കടപ്പാട് എ ന്താണ്? സല്‍ഗുണങ്ങള്‍ വളര്‍ത്തിയെടുത്ത് സ്വന്തം ജീവിതം വിജ യപൂര്‍ണ്ണമാക്കുക മാത്രമല്ല. സമ സൃഷ്ടങ്ങളെ മുഖപക്ഷംകൂടാതെ സ്നേഹത്താല്‍ സേവിക്കുകയുമാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റൊരു സൃഷ്ടിയെ നിന്ദിക്കുക, ഉപദ്രവിക്കുക, കൊല്ലുക ഇ തൊക്കെ അധര്‍മ്മമാണ്. അതുകൊണ്ടാണല്ലോ ‘പരോപകാരമേ പു ണ്യം, പാപമേ പരപീഡനം’ എന്നു ഭാരതത്തിലെ ആത്മീയ ചിന്തകന്മാര്‍ പാടിയത്. എന്നാല്‍ ഇന്ന് ഈ രംഗത്ത് ഭയങ്കര തകിടം മറിച്ചില്‍ സംഭവിച്ചിരിക്കുന്നു! കൊലവരെ നടത്തിയിട്ട് അത് മതത്തിന്‍റെ ഒരു ഭാഗമാണ് എന്നു ന്യായീകരിയ്ക്കാന്‍ ശ്രമിക്കുന്നു. മതത്തിന് കൊല്ലും കൊലയും യോഗ്യമായിരിക്കും. എന്നാല്‍ ദൈവമുന്‍പില്‍ അത് മനുഷ്യന്‍റെ ധര്‍മ്മമല്ല. മറിച്ച് തികച്ചും അധര്‍മ്മമാണ്. അധര്‍മ്മം അഥവാ പാപം ആത്മീകമല്ല. അത് ദൈവികവുമല്ല. പ്രത്യുത, തികച്ചും പൈശാചികമാണ്. പിശാച് കൊലപാതകനും ക്രൂരനും അറുത്തുമുടിയ്ക്കുന്നവനുമാണ് എന്ന് ബൈബിള്‍ വ്യക്തമായി ഘോഷിക്കുന്നു. നന്മയുടെയും തിന്മയുടെയും ഈ തരം തിരിവ് വെളിച്ചമാക്കിക്കൊണ്ട് നാം ചിന്തിച്ചാല്‍ ആത്മീകത എന്ന പേരില്‍ നടമാടുന്ന അനാത്മീയതയില്‍ നിന്നും ധാര്‍മ്മികത എന്ന പേരില്‍ നിലകൊള്ളുന്ന അധര്‍മ്മത്തില്‍ നിന്നും ദൈവത്തിന്‍റെ പേരില്‍ വ്യാപരിക്കുന്ന പൈശാചികത്വത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടുവാന്‍ കഴിയും. തിന്മയോട് തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക എന്ന ബൈ ബിള്‍ വാക്യം എത്രയോ ഉന്നതമാണ്! ദൈവത്തിന്‍റെ തനിസ്വഭാവത്തോടുകൂടി ഒരു മനുഷ്യന്‍ ലോകത്തില്‍ വെളിപ്പെട്ടാല്‍ ആ വ്യക്തി എങ്ങനെ ഇരിക്കും? അതാണ് ലോകരക്ഷകനായ യേശു.
  മഹാനായ വിവേകാനന്ദസ്വാമി, മാഹാത്മാഗാന്ധി, സര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഒക്കെയും യേശുവിന്‍റെ ദിവ്യമഹത്വത്തെ ഉന്നതമായി കീര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധി ജിയെ അഹിംസ പഠിപ്പിച്ചത് യേശുവാണ് എന്നത് അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. തന്‍റെ ചങ്കിലെ ചോര യേശുവിന്‍റെ പാദത്തില്‍ വീഴ്ത്തുവാന്‍ തനിക്ക് താല്‍പര്യം ഉണ്ട് എന്ന് വിവേകാനന്ദസ്വാമികള്‍ പറഞ്ഞപ്പോള്‍ താന്‍ ഒരു ഫലിതം പറഞ്ഞു എന്നാണോ നാം ഗ്രഹിക്കേണ്ടത്? ഒരിക്കലും അല്ല. തന്‍റെ ചങ്കിലെ ചോര നമ്മുടെ രക്ഷയ്ക്കായി ഊറ്റിത്തന്ന യേശുവിന്‍റെ സ്നേഹത്തോട് അങ്ങനെയല്ലാതെ മറ്റ് എങ്ങനെയാണ് നാം പ്രതികരിക്കുക?
  അടിസ്ഥാനപരമായി ഇത്രയും കുറിച്ചെങ്കിലും ഇന്നത്തെ നിലപറഞ്ഞാല്‍ അതിദയനീയമാണ്. ദൈവികത്വം, ആത്മീകത്വം, ധാര്‍മ്മികത്വം എന്നൊക്കെ ഉള്ളത് മാറിയിട്ട് ഇന്ന് മതങ്ങളാണ് വര്‍ദ്ധിച്ച് വശാകുന്നത്! എവിടെ നോക്കിയാലും തീരാത്ത കര്‍മ്മങ്ങളും തോരാത്ത പ്രാര്‍ത്ഥനകളും ഒക്കെ പൊടിപൊടിക്കുകയാണ്. പക്ഷേ ധാര്‍മ്മികത ഒന്നിനൊന്ന് നശിക്കുന്നു. സ്നേഹം മരിച്ചിട്ട് പകരം പ്രതികാര ബുദ്ധി മതത്തിന്‍റെ ആയുധമായി ഉയരുന്നു. മതം ആത്മീകതയായിരിക്കുമ്പോള്‍ ശ്രീനാരായണഗുരു പറഞ്ഞതുപോലെ അത് മതസ്വാതന്ത്ര്യത്തിന് അനുവാദം നല്‍കും. എന്‍റെ മതം സ്വീകരിക്കണം എന്നു പിടിവാശി ഉയരുമ്പോള്‍ ആത്മീകത നശിക്കുന്നു. അതാണ് ഇന്ന് വ്യാപകമായി കാണുന്നത്. ക്രൈസ്തവ ചരിത്രത്തില്‍ വാളേന്തിയ കുരിശുയുദ്ധങ്ങള്‍ കാണുന്നില്ലേ? അതുപോലെ ക്രിസ്തുവിന്‍റെ ദിവ്യസ്വഭാവത്തിന് ചേരാത്ത എന്തെല്ലാം വൈരുദ്ധ്യങ്ങള്‍ നടമാടുന്നു! മതലഹരി മാറ്റിവെച്ചിട്ട് ഓരോ മനുഷ്യനും ഈ സത്യം ഒന്നു ചിന്തിച്ചുനോക്കട്ടെ. താന്‍ ഒരു മതപ്രവര്‍ത്തകനോ അഥവാ ധാര്‍മ്മികതയും, ദൈവികതയും മുറുകെ പിടിക്കുന്ന ഒരു ആത്മീകനോ എന്ന്.
  അടുത്ത സമയം മുഹമ്മദ് നബിയെ നിന്ദിച്ചതായ ഒരു ബഹളം നാം കണ്ടല്ലോ. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണ്‍ വരച്ചെന്നതാണ് വിവാദവിഷയം. മന:പൂര്‍വ്വം ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തികച്ചും തെറ്റായിപ്പോയി. എന്നാല്‍ ഞാന്‍ ചിന്തിക്കുകയാണ്, മുഹമ്മദ് നബി ഇന്നു നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നു എങ്കില്‍ തനിക്ക് എതിരായി മനുഷ്യര്‍ ഇതിലധികം ചെയ്താലും അദ്ദേഹം അത് ക്ഷമിക്കുമായിരുന്നു എന്ന്. കാരണം ധാര്‍മ്മികതയില്‍ ക്ഷമയുണ്ടല്ലോ. തന്നെ ക്രൂശിച്ചവര്‍ക്ക് വേണ്ടി യേശു പ്രാര്‍ത്ഥിച്ച വിവരം പ്രസംഗിച്ചശേഷം തമ്മില്‍ തല്ലുകയും പള്ളി വഴക്ക് കൂടുകയും കോടതി കയറുകയും ചെയ്യുമ്പോള്‍ നാം എങ്ങനെയാണ് ആത്മീയരാകുന്നത്?
  ഇത് എഴുതുന്ന സമയം രാജസ്ഥാന്‍ കോട്ട ഭാഗങ്ങളില്‍ മിഷനറി സ്ഥാപനങ്ങള്‍ തീ ഇട്ടു നശിപ്പിക്കുകയും പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ചെയ്ത കഥകള്‍ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ അറിഞ്ഞു കഴിഞ്ഞു. നിരീശ്വരന്മാരോ നരഭോജികളോ അത് ചെയ്തു എന്നു കേട്ടാലും അതിന് ന്യായീകരണം ഉണ്ട്. എന്നാല്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന ചില സ്നേഹിതര്‍ അതു ചെയ്തു എന്നു തെളിഞ്ഞാല്‍ അത് മനുഷ്യന്‍റെ മുമ്പിലും ദൈവമുമ്പിലും ന്യായീകരിക്കപ്പെടാത്ത കൊടുംപാപമാണ്. ആരോ ഒരു വ്യക്തി തങ്ങളുടെ ദേവന്മാരെ നിന്ദിച്ച് പുസ്തകം എഴുതിയത്രേ. ഞാന്‍ അതു വായിച്ചിട്ടില്ല. ദൈവത്തെ എന്നല്ല ഒരു മനുഷ്യനെപ്പോലും നിന്ദിക്കുവാന്‍ നമുക്ക് അവകാശമില്ല. അങ്ങനെ ആ വ്യക്തി ചെയ്തെങ്കില്‍ ആ നിന്ദിച്ച കുറ്റത്തിന് മാപ്പു ചോദിക്കണം. അതോടൊപ്പം നാം ക്ഷമിക്കാത്ത കുറ്റം ദേവന്മാര്‍ ക്ഷമിക്കും എന്നാണ് എന്‍റെ വിശ്വാസം. ഭക്തര്‍ തെറ്റ് ചെയ്യാതെ സൂക്ഷിക്കുമ്പോള്‍ തന്നെ ദേവന്‍ തെറ്റു ക്ഷമിക്കുന്നവനും ആയിരിക്കണം. ഇത് ഒത്തു ചേരുമ്പോള്‍ ആണ് ആത്മീകത ഉണ്ടാകുന്നത്. നമ്മുടെ ഇടയില്‍ ദൈവം ഇല്ലെന്നും മനുഷ്യന് ആത്മാവില്ലെന്നും സ്വര്‍ഗ്ഗ നരകങ്ങള്‍ ഇല്ലെന്നുമൊക്കെ വാദിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ ഉണ്ട്. തിന്നുക, കുടിക്കുക, കലഹിക്കുക, ഇണചേരുക ഇത്രയും ആയാല്‍ മനുഷ്യ ജീവിതമായി എന്ന ചാര്‍വാക സിദ്ധാന്തം അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മതത്തിന്‍റെ പേരില്‍ നമ്മള്‍ നടത്തുന്ന കൊല്ലും കൊലയും നോക്കി പരിഹസിച്ചുകൊണ്ട് അവര്‍ ചോദിക്കുന്നു. ഇതിനേക്കാള്‍ നല്ലത് മതം ഇല്ലാതിരിക്കുന്നതല്ലേ എന്ന്. നാം എന്തു മറുപടി കൊടുക്കും?
  ക്രിസ്ത്യാനികളെ ഇന്ത്യയില്‍ നിന്നു നീക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ അതു മിക്കവാറും വിജയിച്ചെന്നു വരും. മുഹമ്മദീയരെ നീക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കും എന്നു തോന്നുന്നില്ല. മാത്രമല്ല അറബി രാജ്യങ്ങളുടെ ഔദാര്യം കൊണ്ടാണ് നമ്മുടെ അടുക്കള പുകയുന്നത്. ഇത് ഓര്‍ക്കുമ്പോള്‍ സ്വന്തം നാടിനെ സ്നേഹിക്കുന്ന ഒരുത്തന്‍ മതപരമായ ഇമ്മാതിരി ക്രൂരതകള്‍ ഒരിയ്ക്കലും ചെയ്യുകയില്ല.
  അതുപോലെ കമ്മ്യൂണിസം ഒരു സിദ്ധാന്തമാണ്. അത് തെറ്റോ ശരിയോ ആകട്ടെ അവരെ തുടച്ചു നീക്കി ഒരു രാമരാജ്യം സ്ഥാപിപ്പാന്‍ ബുദ്ധിമാനായ ഒരു ഇന്ത്യക്കാരന്‍ ചിന്തിക്കുകയില്ല. വ്യത്യസ്തങ്ങളായ ആദര്‍ശങ്ങളോടും അനുഷ്ഠാനങ്ങളോടും ഒത്തു ജീവിക്കുമ്പോള്‍ തന്നെ തമ്മില്‍ സ്നേഹിക്കുക. പാശ്ചാത്യര്‍ ഹിന്ദുമതം സ്വീകരിക്കുന്നുണ്ടല്ലോ. അതുപോലെ ഇവിടെ ക്രിസ്തുമാര്‍ഗ്ഗം അംഗീകരിക്കുന്നവരെയും നമുക്ക് സഹിക്കാം. ആരും തിന്മ ചെയ്യാതിരിക്കട്ടെ. തിന്മയ്ക്ക് തിന്മകൊണ്ട് പകരം ചെയ്യാതെ ഇരിക്കട്ടെ. ലോകാവസാനവും അന്ത്യകാല വിധിയും സകല മനുഷ്യരുടെയും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന വിവരം മാത്രം മറക്കാതെ ഇരുന്നാല്‍ മതി.