സ്വന്തം ലേഖകന്‍
കൊറോണക്കാലം മാനസികമായി വല്ലാത്ത പ്രയാസമാണ് നല്‍കുന്നതെങ്കിലും പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ലെന്ന് പ്രമുഖ ഗായകന്‍ മാത്യു ജോണ്‍. ഭാരതത്തിലെ ഏറ്റവും വലിയ സംഗീത സംഘമായിരുന്ന ഹാര്‍ട്ട് ബീറ്റ്സിന്‍റെ മുഖ്യ ഗായകനായി ജനഹൃദയങ്ങളില്‍ ക്രൈസ്തവ സംഗീതത്തിന്‍റെ ‘ഐക്കണായി’ മാറിയ മാത്യു ജോണിപ്പോള്‍ തിരുവല്ല വള്ളംകുളത്തുള്ള വീട്ടില്‍ പുതിയ സംഗീത പരിപാടികള്‍ പ്ലാന്‍ ചെയ്യുന്ന തിരിക്കിലാണ്. കൊറോണ പ്രതിസന്ധി പരിപാടികളെ സാരമായി ബാധിച്ചുവെങ്കിലും എല്ലാത്തിന്‍റെയും പിന്നില്‍ ദൈവത്തിന്‍റെ ഓരോ പദ്ധതികളുണ്ടെന്നു വിശ്വസിക്കുകയാണ് ഈ ഗായകന്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ പതിനാല് ദിവസം കോറണ്ടൈനിലായ മാത്യു ജോണ്‍, കൊറോണക്കാല ജീവിതം എങ്ങനെ അനുവപ്പെട്ടുവെന്നും എങ്ങനെ അതിജീവിച്ചു എന്നും തുറന്നുപറയുന്നു:
“കൊറോണയുടെ തുടക്കത്തില്‍ തന്നെ കോറണ്ടൈനിലായ ഒരാളാണ് ഞാന്‍. കണ്ണിന്‍റെ ശസ്ത്രക്രിയക്കു ശേഷം മധുരയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങും വഴിയാണ് ലോക്ഡൗണ്‍ പ്രഖ്യാപനമറിയുന്നത്. കുമളി ചെക്കു പോസ്റ്റില്‍നിന്നും കേരളത്തിലേക്കാരെയും പ്രവേശിപ്പിക്കുന്നില്ലെന്നറിഞ്ഞു. വീട്ടില്‍ പോകണമെന്ന നിര്‍ബന്ധം പിടിച്ചപ്പോഴാണ് എന്നെ യാത്ര തുടരാന്‍ അനുവദിച്ചത്. വീട്ടിലെത്തിയ ഉടന്‍തന്നെ ആരോഗ്യവകുപ്പില്‍ വിവരങ്ങള്‍ പറഞ്ഞു. പതിനാല് ദിവസം കോറണ്ടൈന്‍ ആകണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. കണ്ണിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നരമാസം വിശ്രമം ആവശ്യമായതിനാല്‍ പതിനാല് ദിവസകോറണ്ടൈന്‍ വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. ഇരുപത്തി എട്ട് ദിവസം വീട്ടില്‍ തന്നെ വിശ്രമിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു സര്‍ട്ടിഫിക്കറ്റ് തന്നു.
വളരെ തിരക്കിട്ടപരിപാടികള്‍ക്കിടയിലാണ് കൊറോണ പ്രതിസന്ധിയുണ്ടാകുന്നത്. സഭകളിലും സഭകള്‍ക്കു പുറത്തുമുള്ള സംഗീതപരിപാടികള്‍ ധാരാളമുണ്ടായിരുന്നുവെങ്കിലും എല്ലാം പെട്ടെന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നപ്പോള്‍ വല്ലാതെ മാനസിക ബുദ്ധിമുട്ടുണ്ടായി. പബ്ലിക്കുമായി നേരിട്ടുള്ള ഇന്‍ട്രാക്ഷന്‍ ഇല്ലാതായി. വീട്ടില്‍ തനിച്ചിരിക്കുമ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കും വേദപുസ്തക ധ്യാനത്തിനുമായി മാറ്റിവച്ചു. ദൈവത്തില്‍ നിന്നു കൂടുതല്‍ കൃപകള്‍ സംഭരിക്കാനുള്ള സമയമായി മാത്രമാണ് ഞാനീ പ്രതിസന്ധിയെ കാണുന്നത്. പ്രത്യുത നഷ്ടബോധം എനിക്കില്ല. ദൈവം അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍. ആ വഴികള്‍ നമ്മുടെ വഴികളാകണമെന്നില്ലന്നാണ് എന്‍റെ വിചാരം”.