യു.പി.യില്‍ അങ്കണവാടി വര്‍ക്കറെ കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു; പൂജാരി ഒളിവില്‍

ബുദൗന്‍ : രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗക്കൊല.
ക്ഷേത്രദര്‍ശനത്തിനുപോയ അന്‍പതു വയസ്സുള്ള അങ്കണവാടി വര്‍ക്കര്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു. ഇവരുടെ കാലുകളും നട്ടെല്ലുകളും തകര്‍ന്നനിലയിലും സ്വകാര്യഭാഗങ്ങള്‍ വികൃതമായ നിലയിലുമായിരുന്നു.
ക്ഷേത്രപരിസരത്തെ കിണറ്റില്‍ കിടന്ന മൃതദേഹമാണെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തി മുഖ്യപൂജാരിയും മറ്റു രണ്ടുപേരും ചേര്‍ന്നു ഞായറാഴ്ച രാത്രി മൃതദേഹം വീട്ടിലെത്തിച്ചു. സംഭവം മാനഭംഗക്കൊലയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനു പിന്നാലെ പൂജാരി ഒളിവില്‍ പോയി. പൂജാരിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പിടിയിലായി.
വന്‍ പ്രതിഷേധമാണ് ഇതിനെതിരെ സംസ്ഥാനത്ത് ഉയരുന്നത്. നിര്‍ഭയ കേസിനു സമാനമായ സംഭവമാണ് ഉത്തര്‍പ്രദേശിലുണ്ടായതെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
അതേസമയം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ വനിതാ കമ്മീഷനും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തി. സംഭവം ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പെടുത്താത്തതിന് ഉഘയ്തി സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.