റിലയന്‍സിന്‍റെ മൂന്ന് അക്കൗണ്ടുകള്‍ തട്ടിപ്പ് വിഭാഗത്തില്‍

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്‍റെ മൂന്ന് അക്കൗണ്ടുകള്‍ തട്ടിപ്പ് വിഭാഗത്തിലേക്കു മാറ്റിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
റിലയന്‍സ് കമ്യുണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ തുടങ്ങിയ കമ്പനികളുടെ അക്കൗണ്ടുകളാണ് ഫ്രോഡ് വിഭാഗത്തിലേക്ക് മാറ്റിയത്.
ഇതോടെ അനില്‍ അംബാനിക്കെതിരേ സിബിഐ അന്വേഷണത്തിനുള്ള സാധ്യതയേറി.
റിലയന്‍സ് ഗ്രൂപ്പിന്‍റെ അക്കൗണ്ടിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.
ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന് ഒരു കോടിയില്‍ കൂടുതല്‍ രൂപ ലഭിക്കാനുണ്ടെങ്കില്‍ അക്കാര്യത്തില്‍ സിബിഐക്ക് പരാതി നല്‍കണമെന്നാണ് ചട്ടം.
അനില്‍ അംബാനിയുടെ കമ്പനികള്‍ 75,000 കോടിയോളം രൂപ വായ്പയെടുത്തിട്ടുള്ളതിനാല്‍ എസ്ബിഐയുടെ നടപടിയിലൂടെ സിബിഐ അന്വേഷണം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, കേസില്‍ തത്കാലം നടപടികളെടുക്കരുതെന്ന് ഹൈക്കോടതി എസ്ബിഐയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എസ്ബിഐയുടെ നടപടിക്കെതിരേ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മുന്‍ ഡയറക്ടര്‍ പുനിത് ഗാര്‍ഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. അക്കൗണ്ട് ഉടമകളുടെ ഭാഗം കേള്‍ക്കാതെ ഫ്രോഡ് കാറ്റഗറിയിലേക്കു മാറ്റുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് ഗാര്‍ഗിന്‍റെ വാദം.