വാക്സിന്‍ സ്വീകരിച്ചാലും ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകള്‍ വിതരണത്തിനു തയാറായെങ്കിലും കര്‍ശന ജാഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന്‍ ഒന്നോ രണ്ടോ ഡോസ് സ്വീകരിച്ചു കഴിഞ്ഞാല്‍ ഇനി എന്തും ആകാമെന്ന മട്ടില്‍ നടക്കരുതെന്നും കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ വകുപ്പു സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. ഇന്ത്യയില്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ആക്ടീവ് കോവിഡ് കേസുകള്‍ അരലക്ഷത്തില്‍ അധികമുള്ളത്.
28 ദിവസത്തിനുള്ളില്‍ രണ്ട് ഡോസ് വാക്സിന്‍ ആണ് എടുക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ചശേഷം പതിനാലു ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചാലേ വാക്സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കു എന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഏതു വാക്സിന്‍ ഉപയോഗിക്കണം എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. കോ വാക്സിനും കോവിഷീല്‍ഡിനുമാണ് ഇന്ത്യയില്‍ അടിയന്തര നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ വ്യക്തികള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ ഇതില്‍ ഏതെങ്കിലും ഒന്നു മതിയെന്ന് തീരുമാനിക്കാനോ തിരഞ്ഞുടുക്കാനോ കഴിയില്ല. മറ്റൊരു രാജ്യത്തും വ്യക്തികള്‍ക്ക് ഏതു വാക്സിന്‍ വേണമെന്നു തെരഞ്ഞുടുക്കാനുള്ള അവസരം നല്‍കുന്നില്ലെന്നും രാജേഷ് വ്യക്തമാക്കി.
കോവാക്സിന്‍ ഡോസിന് 206 രൂപയ്ക്കും കോവിഷീല്‍ഡ് ഡോസിന് 200 രൂപയ്ക്കുമാണ് സര്‍ക്കാര്‍ വാങ്ങിയത്. പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1.1 കോടി വാക്സിന്‍ ഡോസുകളും ഭാരത് ബയോടെക്കില്‍നിന്ന് 55 ലക്ഷം ഡോസുകളുമാണ് വാങ്ങുന്നത്. ഇതില്‍ 16.5 ലക്ഷം ഡോസ് ഭാരത് ബയോടെക് സര്‍ക്കാരിനു സൗജന്യമായി നല്‍കുമെന്നും ബാക്കി 38.5 ലക്ഷം ഡോസ് സര്‍ക്കാര്‍ വില നല്‍കി സംഭരിക്കുമെന്നും കേന്ദ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യയില്‍ മറ്റു നാലു വാക്സിനുകള്‍ക്കൂ കൂടി അംഗീകാരം നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ട്. റഷ്യയുടെ സ്പുട്നിക് വി., ബയോളജിക്കല്‍ ഇ, ജനോവ, സിഡസ് കാഡിലഎന്നീ വാക്സിനുകളാണ് പരിഗണനയിലുള്ളത്.
പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഓക്സ്ഫഡ് കോവിഷീല്‍ഡ് വാക്സിന്‍ രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലെത്തി. ഇന്നലെ പുലര്‍ച്ചെ സിറം ഇന്‍സ്റ്റിറ്റ്യുട്ടില്‍നിന്ന് വാക്സിനുകളുമായുള്ള ആദ്യ ബാച്ച് ട്രക്കുകള്‍ പുറപ്പെട്ടു. വാഹനങ്ങള്‍ക്കു മുന്നില്‍ തേങ്ങയുടച്ച് പൂജകള്‍ക്ക് ശേഷമാണ് രാജ്യത്തിന്‍റെ വിവിധ കോണുകളിലേക്ക് വാക്സിനുകളുമായുള്ള വാഹനങ്ങള്‍ പുറപ്പെട്ടത്.