ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യയില്‍ നിന്ന് ധാരാളം അപേക്ഷകളാണ് ദിനേന ലഭിക്കുന്നതെന്നും സ്വതന്ത്ര ആപ് ആയ ‘സിഗ്നല്‍’ സഹ സ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍.
പുറത്തുനിന്ന് നിക്ഷേപം സ്വീകരിക്കില്ലെന്നും ജനങ്ങളുടെ സംഭാവന കൊണ്ടുതന്നെ മുന്നോട്ടുപോകുമെന്നും കൂടുതല്‍ പേര് സിഗ്നലിലേക്ക് മാറുമ്പോള്‍ സര്‍വറുകളുടെ എണ്ണം കൂട്ടുമെന്നും ബ്രയാന്‍ പറഞ്ഞു. 72 മണിക്കൂര്‍കൊണ്ട് 25 ദശലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് ടെലിഗ്രാമും കുതിപ്പ് തുടങ്ങിയതോടെ ഇന്ത്യന്‍ വിപണി കൈവിടുമെന്ന ഭീതിയില്‍ വാട്സ് ആപ് കോടികള്‍ ചെലവിട്ട് ബുധനാഴ്ച ദേശീയ പത്രങ്ങളിലെല്ലാം മുന്‍പേജിലടക്കം മുഴുപ്പേജ് പരസ്യം നല്‍കി പ്രതിരോധം തീര്‍ത്തു.
സ്വകാര്യത സംരക്ഷിക്കാന്‍ വാട്സ് ആപുമായി പോരാട്ടത്തിലാണെന്നും സിഗ്നലിനെ പൂര്‍ണമായി വിശ്വസിക്കാമെന്നും എന്‍. ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ ബ്രയാന്‍ ആക്ടന്‍ വ്യക്തമാക്കി. വാട്സ് ആപിന് നിരവധി ബദലുകളുണ്ടെന്നും ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ സന്ദേശങ്ങള്‍ അയക്കാനുള്ള ആപ്പില്‍ പ്രധാനം സ്വകാര്യതതന്നെയാണ്. വ്യക്തിയുടെ സുരക്ഷയുമായും അത് ബന്ധപ്പെട്ടതാണ്. സിഗ്നല്‍ അതുറപ്പുവരുത്തുന്നുണ്ട്. നിയമപാലന ഏജന്‍സികളുമായുള്ള സിഗ്നലിന്‍റെ സഹകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിയമം വ്യക്തികളെ സംരക്ഷിക്കാനുള്ളതാണെന്ന് ബ്രയാന്‍ ഓര്‍മ്മിപ്പിച്ചു. അധികാര ദുര്‍വിനിയോഗത്തിലൂടെ വ്യക്തികളുടെ സ്വകാര്യതയെ ലക്ഷ്യമിടുന്നതില്‍ നിന്ന് സംരക്ഷിക്കേണ്ടത് ബാധ്യതയാണെന്നും സിഗ്നല്‍ അതാണ് ചെയ്യുന്നതെന്നും ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്ത് വാട്സ് ആപിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയില്‍ അവര്‍ക്ക് 400 ദശലക്ഷത്തോളം വരിക്കാരുണ്ട്. സിഗ്നലിലേക്കുള്ള ഇന്ത്യക്കാരുടെ മാറ്റം ഏറെ സന്തോഷകരമാണ്. സര്‍വറുകളുടെ എണ്ണം കൂട്ടുകയാണ്. നിരവധി ഫീച്ചറുകള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷകളും ഇന്ത്യയില്‍ നിന്ന് വരുന്നുണ്ടെന്ന് ബ്രയാന്‍ വ്യക്തമാക്കി. മറ്റൊരു മെസേജിങ്ങ് ആപ് ആയ ടെലിഗ്രാമില്‍ കഴിഞ്ഞ് 72 മണിക്കൂറില്‍ 25 ദശലക്ഷം പേര്‍ പുതുതായി ചേര്‍ന്നു. ടെലിഗ്രാമിന്‍റെ മൊത്തം വരിക്കാരുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞു.