വാണിയംകുളത്ത് പാസ്റററെ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

ജിജി ചാക്കോ

ഒറ്റപ്പാലം: വാണിയംകുളം ചര്‍ച്ച് ഓഫ് ഗോഡ് ഗോസ്പല്‍ സെന്‍റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ വി.കെ. പ്രം കുമാറിനെ ഇന്നലെ രാത്രി അന്‍പതോളം പേരടങ്ങുന്ന സംഘം അതിക്രൂരമായി മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഒറ്റപ്പാലം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇന്നലെ രാത്രി ഭവന പ്രാര്‍ത്ഥന കഴിഞ്ഞ സമയം ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് കണ്ടുപരിചിതരായ രണ്ടുപേര്‍ പാസ്റ്ററെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി. അവര്‍ വലിച്ചിഴച്ച് അന്‍പതോളം പേരുള്ള അക്രമി സംഘത്തിനടുത്തേക്ക് കൊണ്ടുപോയി. അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായതെന്ന് പാസ്റ്റര്‍ പറഞ്ഞു. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പാസ്റ്റര്‍ പ്രം കുമാര്‍ സങ്കീര്‍ത്തനത്തോട് പറഞ്ഞു. എറണാകുളം സ്വദേശിയായ പാസ്റ്റര്‍ പ്രം കുമാര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനംകൊണ്ട് രൂപീകൃതമായ സ്വതന്ത്ര സഭയാണിത്. മുപ്പതോളം വിശ്വാസികള്‍ ഇവിടെയുണ്ട്. ഭാര്യയും ഒന്‍പതാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍ മക്കള്‍ക്കും ഒപ്പമാണ് പാസ്റ്റര്‍ പ്രം കുമാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.