വാഷിംഗ്ടണില്‍ അടിയന്തിരാവസ്ഥ; അമേരിക്ക കലാപനിഴലില്‍

വാഷിംഗ്ടണ്‍ : ജോ ബൈഡന്‍റെ സത്യപ്രതിജ്ഞയ്ക്കു മുമ്പായി പ്രസിഡന്‍റ് ട്രംപിനെ അനുകൂലിക്കുന്നവരും വലതുപക്ഷ സംഘടനകളും അമേരിക്കയിലുടനീളം സായുധപ്രക്ഷോഭം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐയും യുഎസ് നാഷണല്‍ ഗാര്‍ഡ് ബ്യൂറോയും മുന്നറിയിപ്പു നല്‍കി. 20നാണ് സത്യപ്രതിജ്ഞ.
രാജ്യതലസ്ഥാനമായ വാഷിംഗടണ്‍ ഡിസിയിലും അമ്പതു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും പ്രകടനങ്ങള്‍ നടത്താനുള്ള ആഹ്വാനം ഇന്‍റ്ര്‍ നെറ്റ് വഴി നടക്കുന്നുണ്ട്. 17ന് പ്രധാന നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും സത്യപ്രതിജ്ഞാ ദിവസം വാഷിംഗ്ടണ്‍ ഡിസിയില്‍ റാലിക്കും പദ്ധതിയൊരുങ്ങുന്നതായി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു.
ഇതേതുടര്‍ന്ന് പ്രസിഡന്‍റ് ട്രംപ് 24 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ ബുധനാഴ്ച നടന്ന കാപ്പിറ്റോള്‍ കലാപം പോലെയൊന്ന് ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സുരക്ഷാ ഏജന്‍സികള്‍ സ്വീകരിച്ചു തുടങ്ങി. ആഴ്ചയവസാനത്തോടെ 10,000 നാഷണല്‍ ഗാര്‍ഡുകളെ വാഷിംഗ്ടണ്‍ ഡിസിയില്‍ വിന്യസിക്കും. എന്തിനും തയാറായി മറ്റൊരു 5, 000 ഗാര്‍ഡുകളെക്കൂടി തയാറാക്കി നിര്‍ത്തും.