വിവാഹം പരസ്യപ്പെടുത്തേണ്ട

ലഖ്നോ: സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം വിവാഹിതരാവുന്നവര്‍ 30 ദിവസം മുമ്പ് വിവാഹം പരസ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇക്കാര്യം ദമ്പതികള്‍ക്ക് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതര മതത്തിലെ യുവാവുമായുള്ള വിവാഹം തടയുന്നതിനു വേണ്ടി പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ തടവില്‍ പാര്‍പ്പിച്ചതിനെതിരെ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. വിവാഹം പരസ്യപ്പെടുത്തി 30 ദിവസം കാത്തുനില്‍ക്കണമെന്ന വ്യവസ്ഥ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്നും ദമ്പതികള്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.
വിവാഹം പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നത് മൗലികാവകാശങ്ങളിലുള്ള കൈയേറ്റമാണെന്ന് ജസ്റ്റീസ് വിവേക് ചൗധരി നിരീക്ഷിച്ചു. തങ്ങളുടെ വിവാഹം പരസ്യപ്പെടുത്തണമോയെന്ന് ദമ്പതികള്‍ക്ക് തീരുമാനിക്കാം.
പരസ്യപ്പെടുത്തണമെന്നുണ്ടെങ്കില്‍ അക്കാര്യം വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥനോട് രേഖാമൂലം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.