ആലപ്പുഴ: ഒരു സ്ത്രീ ‘വെളിപാടു ‘കിട്ടിയതെന്നുപറഞ്ഞ് പ്രചരിപ്പിച്ച കാര്യം ഏറ്റുപറഞ്ഞതിനു പ്രമുഖ ധ്യാനഗുരുവായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ മാപ്പു പറഞ്ഞു. സംഭവം വിവാദമായതിനെത്തുടര്‍ന്നാണിത്.
സിസ്റ്ററുടെ ‘ആത്മാവ്’ വന്ന് തന്നോടു ചില കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് സ്ത്രീ അവകാശപ്പെട്ടത്.
തന്നെ ആരും കൊലപ്പെടുത്തിയിട്ടില്ലെന്നും ആത്മഹത്യ ചെയ്തിട്ടില്ലെന്നും ‘ആത്മാവ് ‘ പറഞ്ഞെന്നുമായിരുന്നു വാദം. ചെറുപ്പത്തില്‍ ചൂഷണശ്രമത്തിന് ഇരയായിട്ടുണ്ട്. അതിനാല്‍ എപ്പോഴും ഭയമുണ്ടായിരുന്നു. കള്ളനെക്കണ്ട് പേടിച്ചോടുമ്പോഴാണ് കിണറ്റില്‍ വീണത്’ – അഭയയുടെ ‘ആത്മാവ് പറഞ്ഞതായി സ്ത്രീ ശബ്ദസന്ദേശം പ്രചരിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്ന വിധത്തില്‍ ഫാ. നായ്ക്കംപറമ്പില്‍ പ്രസംഗിച്ചപ്പോഴാണ് വിവാദമായത്. വൈദികരും പരോക്ഷമായി കെ.സി. ബി.സി.യും ഇതിനെ തള്ളിപ്പറഞ്ഞിരുന്നു.
‘ഒരു ശബ്ദസന്ദേശം അടിസ്ഥാനമാക്കി കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി. ഇക്കാര്യത്തില്‍ ഖേദിക്കുകയും സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞകാര്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്ന’തായി ഫാ. നായ്ക്കംപറമ്പില്‍ പറഞ്ഞു.