വെള്ള മാസ്ക് വയ്ക്കണമെന്ന് അനീഷ് കാവാലംവക ഉഗ്രശാസന

സ്വന്തം ലേഖകന്‍

ചില പെന്തെക്കോസ്തു കണ്‍വന്‍ഷന്‍ പ്രസംഗകര്‍ക്ക് ‘വെള്ള’യോടുള്ള സ്നേഹം വിവരണാതീതമാണ്. “നീ പച്ചയായാലും ശരി, കുങ്കുമമായാലും ശരി, വെള്ളയില്‍ വരണം… വെള്ള അതു നമ്മുടേതാ…” എന്നു പ്രസംഗിച്ച ഒരു പെന്തെക്കോസ്തു പാസ്റ്ററെ സോഷ്യല്‍മീഡിയ ആഘോഷമാക്കിയത് ഇപ്പോഴും വയറലായി തുടരുകയാണ്. വെള്ളവസ്ത്രം ധരിച്ചും വെള്ള മാസ്ക് ധരിച്ചും മാത്രമേ യോഗങ്ങള്‍ക്ക് വരാവൂ എന്നാണ് ഇപ്പോള്‍ പാസ്റ്റര്‍ അനീഷ് കാവാലത്തിന്‍റെ ഉഗ്രശാസന. ഒരു പെന്തെക്കോസ്തു യോഗത്തില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ ഗൗരവത്തോടുകൂടി പറയുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.
അദ്ദേഹത്തിന്‍റെ യോഗത്തില്‍ പങ്കെടുത്ത, വെള്ള മാസ്ക്കില്ലാത്ത എല്ലാവരെയും എഴുന്നേല്‍പിച്ച് നിര്‍ത്തി അവരെയെല്ലാം തന്‍റെ അടുത്തേക്ക് വിളിപ്പിച്ച് വെള്ളമാസ്ക് നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വെള്ളമാസ്ക് വിതരണം ചെയ്യുന്ന പാസ്റ്റര്‍ അനീഷ് കാവാലം മാസ്ക് ധരിക്കാതെയാണ് ഈ ‘കലാപരിപാടികള്‍’ എല്ലാം കാട്ടിക്കൂട്ടിയത് എന്നത് ശ്രദ്ധേയമാണ്. സാമൂഹിക അകലം പാലിക്കാതെ, വെള്ളമാസ്ക് വിതരണത്തിനായി ആളുകളെ കൂട്ടമായി സ്റ്റേജിനടുത്തേക്ക് വിളിപ്പിച്ചതും, മാസ്ക് ധരിക്കാതെ യോഗത്തില്‍ അദ്ദേഹം പ്രസംഗിച്ചതും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാണ്. മാസ്ക് ധരിച്ച് യോഗത്തില്‍ പങ്കെടുത്ത ശ്രോതാക്കളെ ‘വെള്ള മാസ്ക് ധരിച്ചില്ല’ എന്നതിന്‍റെ പേരില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയതും പെന്തെക്കോസ്തു യോഗങ്ങളുടെ മാന്യതയ്ക്ക് യോജിച്ചതാണോ എന്ന് ചര്‍ച്ചചെയ്യെണ്ടതാണ്.
സുവിശേഷ പ്രസംഗകര്‍ ഇത്തരം അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ പൊതു സമൂഹത്തില്‍ ഒരു സമൂഹത്തിനാകെ അവമതിപ്പാണുണ്ടാകുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്.
ഏതായാലും സോഷ്യല്‍ മീഡിയായിലെ ട്രോളറന്‍മാര്‍ക്ക് ചാകരയാകുകയാണ് ഇത്തരം പ്രസംഗകര്‍. വായില്‍ വരുന്നതെല്ലാം വിളിച്ചു പറയുവാനുള്ള വേദിയായി പെന്തെക്കോസ്തു യോഗങ്ങള്‍ രൂപാന്തരപ്പെടുത്തുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു എന്ന് ഇത്തരം സംഭവങ്ങള്‍ സൂചന നല്‍കുന്നു.