കൊച്ചി: വൈദികരുടെ ജീവിത വിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതമാണ് നയിക്കേണ്ടതെന്നും സഭയിലുള്ള എല്ലാ ഉത്തരവാദിത്വ നിര്‍വ്വഹണങ്ങളിലും ഈ ആത്മീയ സമീപനം നഷ്ടപ്പെടരുതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് പറഞ്ഞ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്‍കുന്നതിനായിരിക്കണം സഭയുടെ മുന്‍ഗണനയെന്ന് എടുത്തു പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ഇരുപത്തിയൊന്‍പാതാമത് സിനഡിന്‍റെ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഓണ്‍ലൈനായിരുന്നു സിനഡ് സമ്മേളനം. ഇന്നലെ വൈകുന്നേരം മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരി തെളിയിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 മെത്രാപ്പൊലിത്തമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്.
സീറോ മലബാര്‍ സഭയ്ക്കു ദൈവം നല്‍കിയ അനുഗ്രഹങ്ങളെയോര്‍ത്തു മേജര്‍ ആര്‍ച്ച്ബിഷപ്പ് ഉദ്ഘാടന പ്രസംഗത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു. സഭയിലെ രൂപതകളിലും സന്യാസ സമൂഹങ്ങളിലും നിന്നായി 235 ഡീക്കന്മാരാണ് ഈ വര്‍ഷം വൈദികപട്ടം സ്വീകരിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും അജപാലനരംഗത്തു സജീവസാന്നിധ്യമായി രൂപതകളും സമര്‍പ്പിതസമൂഹങ്ങളും ചെയ്ത സേവനങ്ങളെ മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രത്യേകം പ്രശംസിച്ചു. താമരശ്ശേരി രൂപതയുടെ മുന്‍ ബിഷപ്മാര്‍ പോള്‍ ചിറ്റിലപ്പള്ളിയെയും ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിനെയും പ്രത്യേകം പരാമര്‍ശിച്ച കര്‍ദിനാള്‍ അവരുടെ നിസ്തുല സംഭാവനകളെ അനുസ്മരിക്കുകയും നിത്യശാന്തിക്കുവേണ്ടി പ്രര്‍ത്ഥിക്കുകയും ചെയ്തു.
ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധിയായി സേവനം ചെയ്ത ബ്രസീലിന്‍റെ ന്യൂന്‍ഷ്യോ ആയി സ്ഥലം മാറിപ്പോയ ആര്‍ച്ച് ബിഷപ് ജാംബാത്തിസ്ത ദിക്വാത്രോയ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പ് കൃതജ്ഞതയര്‍പ്പിച്ചു.
പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിനും മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനും കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേമിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരി ആശംസകളര്‍പ്പിച്ചു.
ജനുവരി 16 നാണ് സിനഡ് സമാപിക്കുന്നത്. സിനഡ് ദിവസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്.